Sorry, you need to enable JavaScript to visit this website.

അറഫയിലും മിനയിലും മഴ

മക്ക- അറഫയിൽ ജനലക്ഷങ്ങൾ തിങ്കളാഴ്ച്ച സംഗമിക്കാനിരിക്കെ മഴ. അറഫയിലും മിനയിലുമാണ് ഞായറാഴ്ച്ച വൈകിട്ട് കനത്ത മഴ പെയ്തത്. ശക്തമായ കാറ്റും ഇടിയും മിന്നലും മഴക്കൊപ്പമുണ്ടായിരുന്നു. പൊടിക്കാറ്റ് അനുഭവപ്പെട്ടതായും തീർത്ഥാടകർ പറയുന്നു. കനത്ത ചൂടിന് ശമനമേകിയാണ് കാറ്റ് എത്തിയത്. അറഫയിൽ സംഗമിക്കുന്നതിനായി തീർഥാടകർ നീങ്ങിത്തുടങ്ങിയിട്ടുണ്ട്. 
നാഥാ, നിന്റെ വിളിക്കുത്തരമേകി ഞങ്ങളിതാ വന്നിരിക്കുന്നുവെന്ന തൽബിയത്ത് മന്ത്രങ്ങളും ഖുർആൻ പാരായണവും പ്രാർഥനകളുംകൊണ്ട് നേടിയ ആത്മീയ ചൈതന്യവുമായി തീർഥാടക ലക്ഷങ്ങൾ പ്രഭാത നമസ്‌കാരാനന്തരം മിനായിൽനിന്ന് അറഫയിലേക്കു നീങ്ങും. തിരക്ക് കണക്കിലെടുത്ത് ഇന്നലെ രാത്രി മുതൽതന്നെ ഹാജിമാർ അറഫയിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. 
ലോക മുസ്‌ലിം മഹാസംഗമം എന്നു വിശേഷിപ്പിക്കാവുന്ന അറഫാ സംഗമത്തിൽ പങ്കെടുക്കാനായില്ലെങ്കിൽ ഹജ് നഷ്ടപ്പെടും. ആശുപത്രികളിൽ കഴിയുന്ന തീർഥാടകരെ ആംബുലൻസുകളിൽ എത്തിച്ചെങ്കിലും അറഫാ സംഗമത്തിൽ പങ്കെടുപ്പിക്കും. ഇതിനായി ആരോഗ്യ വകുപ്പ് എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. 
തിങ്കളാഴ്ച്ച ളുഹറിനു മുൻപായി എല്ലാ ഹാജിമാരും അറഫയിലെത്തും. അറഫാ ദിനത്തിൽ മാത്രം പ്രാർഥനക്കായി തുറക്കുന്ന മസ്ജിദുന്നമിറയിൽ ഉച്ചക്ക് നടക്കുന്ന നമസ്‌കാരത്തിനും ഖുതുബക്കും ശേഷം അസ്തമയംവരെ പ്രാർഥനയുമായി ഹാജിമാർ അറഫയിൽ തങ്ങും. നമസ്‌കാരത്തിനും ഖുതുബക്കും മസ്ജിദുന്നബവി ഇമാം ശൈഖ് ഹുസൈൻ ആലുശൈഖാണ് ഇത്തവണ നേതൃത്വം നൽകുക. 
സൂര്യാസ്തമയത്തോടെ മുസ്ദലിഫ ലക്ഷ്യമാക്കി നീങ്ങുന്ന ഹാജിമാർ രാത്രി അവിടെ കഴിച്ചുകൂട്ടി പ്രഭാത നമസ്‌കാരശേഷം മിനായിലേക്ക് മടങ്ങും. മുസ്ദലിഫയിൽനിന്നു ശേഖരിക്കുന്ന കല്ലുകളുമായി നാളെ രാവിലെ മിനായിൽ തിരിച്ചെത്തുന്ന ഹാജിമാർ സാത്താന്റെ പ്രതീകമായ ഏറ്റവും വലിയ ജംറയായ ജംറത്തുൽ അഖബയിൽ കല്ലെറിയും. അതിനുശേഷം തല മുണ്ഡനം ചെയ്ത് ബലിയറുത്ത് കഅ്ബാ പ്രദക്ഷിണശേഷം ഇഹ്‌റാമിൽനിന്നു വിരമിക്കുന്നതോടെ ഹജിന്റെ പ്രധാന ചടങ്ങുകൾ അവസാനിക്കും. പിന്നീട് രണ്ടു ദിവസം കൂടി മിനായിൽ തങ്ങി കല്ലേറ് കർമം നിർവഹിക്കും. 
അറഫാ സംഗമത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹജിന് എത്തിച്ചേരാത്ത വിശ്വാസികൾ ഇന്ന് വ്രതമനുഷ്ഠിക്കും. വിശുദ്ധ കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിക്കുന്നതാണ് ഇന്നു നടക്കുന്ന മറ്റൊരു പ്രധാന ചടങ്ങ്. സുബ്ഹി നമസ്‌കാരശേഷമാണ് വർഷത്തിൽ ഒരിക്കൽ മാത്രമുള്ള ഈ ചടങ്ങ്.  
165 രാജ്യങ്ങളിൽ നിന്നായി എത്തിയ 17,56,039 തീർഥാടകരാണ് ഈ വർഷം ഹജ് നിർവഹിക്കുന്നത്. ആഭ്യന്തര ഹാജിമാരുൾപ്പെടെ മൊത്തം 20 ലക്ഷത്തിലേറെ തീർഥാടകരായിരിക്കും അറഫാ സംഗമത്തിൽ പങ്കെടുക്കുക. 12000 മലയാളികളടക്കം 1,75,025 തീർഥാടകരാണ് ഇന്ത്യയിൽനിന്നെത്തിയത്. 
വിദേശത്തുനിന്നെത്തിയ ഹാജിമാരിൽ 9,30,030 പേർ പുരുഷന്മാരും 826,009 പേർ സ്ത്രീകളുമാണ്. കഴിഞ്ഞ വർഷത്തേക്കാൾ 1666 പേരാണ് കൂടുതൽ.
 

Latest News