മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം;  യുവാക്കള്‍ പോലീസുമായി ഏറ്റുമുട്ടി

തിരുവനന്തപുരം- തിരുവനന്തപുരം മാനവീയം വീഥിയില്‍ വീഥിയില്‍ വീണ്ടും സംഘര്‍ഷം. ക്രിസ്തുമസ് ആഘോഷിക്കാന്‍ എത്തിയ യുവാക്കളും പോലീസും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ എഎസ്ഐ അടക്കമുള്ള പോലീസുകാര്‍ക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ മ്യൂസിയം പോലീസ് കസ്റ്റഡിയിലെടുത്തു.
നൈറ്റ് ലൈഫ് ആരംഭിച്ചത് മുതല്‍ മാനവീയം വീഥിയില്‍ കൂട്ടത്തല്ലായിരുന്നു. പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതെ നിസ്സാര കാര്യങ്ങള്‍ക്ക് ലഹരിയുടെ പിടിയില്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു പലരും. ഇത് തലവേദനയായതോടെ പോലീസ് നിയന്ത്രണങ്ങളും നിരീക്ഷണവും ശക്തമാക്കിയിരുന്നു. മൈക്ക് ഉപയോഗം പത്ത് മണിയാക്കുകയും റോഡിന് രണ്ടുവശത്തും ബാരിക്കേഡ് വെച്ച് നിയന്ത്രിക്കുകയും ചെയ്തിരുന്നു. പതിനൊന്നിന് ശേഷം എല്ലാവരെയും ഒഴിപ്പിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ മാനവീയത്തിലെ കലാകാരന്മാരുടെ കൂട്ടായ്മ നഗരസഭക്കും സിപിഎം ജില്ലാ സെക്രട്ടറിക്കും പരാതി നല്‍കി. ഈ പരാതി പരിഗണിച്ച് മേയര്‍ കഴിഞ്ഞ ദിവസം നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചിരുന്നു. മൈക്ക് ഉപയോഗം പതിനൊന്ന് വരെയാക്കി. പതിനൊന്നിന് ശേഷം പുലര്‍ച്ച അഞ്ച് വരെ മൈക്കിലാതെ കലാപരിപാടി വെക്കാനും അനുവദിച്ചിരുന്നു. എന്നാല്‍, ഇളവുകള്‍ വഴി നൈറ്റ് ലൈഫില്‍ വീണ്ടും സംഘര്‍ഷമുണ്ടാകുമോ എന്ന ആശങ്കയിലായിരുന്നു പോലീസ്.

Latest News