Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇസ്രായിലിന് കനത്ത നഷ്ടം; നാലു ദിവസത്തിനിടെ ഹമാസ് കൊലപ്പെടുത്തിയത് 48 സൈനികരെ

ഗാസ/ തെൽ അവീവ്- ഗാസയിൽ കഴിഞ്ഞ നാലു ദിവസത്തിനിടെ 48 ഇസ്രായിൽ സൈനികരെ വധിച്ചതായി ഹമാസ് അറിയിച്ചു. 
ഖസ്സാം ബ്രിഗേഡിന്റെ സൈനിക വക്താവ് അബു ഒബൈദയാണ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ നാല് ദിവസങ്ങളിൽ 24 യുദ്ധ ദൗത്യങ്ങൾ ഹമാസ് നടത്തിയെന്നും ഇതേ കാലയളവിൽ ഇസ്രായിലിന്റെ 35 സൈനിക വാഹനങ്ങൾ പൂർണ്ണമായും ഭാഗികമായോ നശിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ടെൽ അവീവിന് നേരെ മോർട്ടാർ ഷെല്ലുകളും ഹ്രസ്വദൂര മിസൈലുകളും ഉപയോഗിച്ച് നിരവധി ആക്രമണങ്ങൾ നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടര മാസത്തിലേറെയായി നടത്തുന്ന ആക്രമണം ഇനിയും ലക്ഷ്യം കാണാതിരിക്കേ, ഹമാസിന്റെ അതിശക്തമായ പ്രത്യാക്രമണത്തിലും പ്രതിരോധത്തിലും ഇസ്രായിൽ സൈന്യത്തിന് കനത്ത ആൾനാശമാണ് നേരിടുന്നത്. ഒക്ടോബർ ഏഴിന് ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ ഇസ്രായിലിന്റെ 155 സൈനികരാണ് കൊല്ലപ്പെട്ടത്.  
ഇന്നലെ വടക്കൻ ഗാസയിലാണ് ഇസ്രായിലി സൈനിക ഓഫീസർ കൊല്ലപ്പെട്ടതെന്ന് സൈന്യം സ്ഥിരീകരിച്ചു. 79 ാം ബറ്റാലിയനിലെ മേജർ അര്യേ റെയിനാണ് (39) കൊല്ലപ്പെട്ടത്. യുദ്ധം കടുപ്പമേറിയതാണെന്നും ഏറെനാൾ നീണ്ടുനിൽക്കുമെന്നും ഇസ്രായിലിന് കനത്ത വില നൽകേണ്ടിവരുന്നുണ്ടെന്നും ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സമ്മതിച്ചു. 
വടക്കൻ ഗാസയുടെ നിയന്ത്രണം തങ്ങൾ പൂർണമായി പിടിച്ചുവെന്ന് ഇസ്രായിൽ സൈന്യം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ ഖാൻ യൂനിസ് അടങ്ങുന്ന തെക്കൻ ഗാസയിലാണ് സൈന്യം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും വക്താവ് പറഞ്ഞു. ഇസ്രായിൽ സൈന്യം ഏറ്റവും ലക്ഷ്യം വെക്കുന്ന ഹമാസ് നേതാവ് യഹിയ സിൻവാറിന്റെ ജന്മനാടാണ് ഖാൻ യൂനിസ്.
ഞായറാഴ്ചയും ഗാസയിൽ അതിരൂക്ഷമായ ബോംബാക്രമണമാണ് ഇസ്രായിൽ നടത്തിയത്. 24 മണിക്കൂറിനിടെ 166 സാധാരണക്കാർ കൊല്ലപ്പെട്ടതായും 384 പേർക്ക് പരിക്കേറ്റതായും ഫലസ്തീൻ അധികൃതർ പറഞ്ഞു. ഇതോടെ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 20,424 ആയി. 54,036 പേർക്ക് പരിക്കേറ്റു. 36 ആശുപത്രികളുണ്ടായിരുന്ന ഗാസയിൽ ഇപ്പോൾ ഭാഗികമായെങ്കിലും പ്രവർത്തിക്കുന്നത് ഒമ്പതെണ്ണം മാത്രമാണെന്ന് ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അഥനോം ഗബ്രിയേസുസ് പറഞ്ഞു.
പുറമേനിന്നുള്ള എല്ലാ സഹായവും തടഞ്ഞ് വൈദ്യുതിയും വെള്ളവുമെല്ലാം മുടക്കിയുള്ള ആക്രമണം തുടരവേ ഗാസയിൽ പട്ടിണിയും രൂക്ഷമാണ്. ഗാസയിലെ അമ്പതിനായിരം ഗർഭിണികളെങ്കിലും പട്ടിണിയിലാണെന്ന് യു.എൻ അഭയാർഥി ഏജൻസി അറിയിച്ചു. ദിവസം 180 പ്രസവങ്ങളാണ് ഗാസയിൽ നടക്കുന്നത്. 
അതിനിടെ, വെടിനിർത്തൽ ചർച്ചകൾക്കായി ഫലസ്തീൻ പ്രതിരോധ സേനയായ ഇസ്‌ലാമിക് ജിഹാദിന്റെ നേതാവ് സിയാദ് നഖാലി ഈജിപ്തിലെത്തി. ബന്ദികളുടെ മോചനത്തിനായി വെടിനിർത്തലിനുള്ള സാധ്യതകളെ കുറിച്ച് ചർച്ച ചെയ്യുകയാണ് ലക്ഷ്യം. എന്നാൽ ബന്ദി കൈമാറ്റത്തിന് വേണ്ടി മാത്രമുള്ള വെടിനിർത്തലിനെ ഹമാസ് അനുകൂലിക്കുന്നില്ല. ഇസ്രായിൽ ആക്രമണം പൂർണമായി അവസാനിപ്പിച്ച് സൈന്യത്തെ ഗാസയിൽ നിന്ന് പിൻവലിക്കണമെന്നാണ് അവരുടെ ആവശ്യം. അതിന് ഇസ്രായിൽ വിസമ്മതിച്ചതോടെയാണ് കഴിഞ്ഞയാഴ്ച നടന്ന വെടിനിർത്തൽ ശ്രമം പരാജയപ്പെട്ടത്.
അതിനിടെ, അറബിക്കടലിൽ ചരക്കുകപ്പലിനു നേരെ ഉണ്ടായ ഡ്രോൺ ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് അമേരിക്ക ആരോപിച്ചു. എന്നാൽ ഇറാൻ ഇതേകുറിച്ച് പ്രതികരിച്ചിട്ടില്ല. സൗദി അറേബ്യയിൽനിന്ന് ഇന്ത്യയിലേക്ക് രാസവസ്തുക്കളുമായി വന്ന ചെം പ്രൂട്ടോ എന്ന കപ്പലിനു നേരെയാണ് കഴിഞ്ഞ ദിവസം രാവിലെ ആക്രണമുണ്ടായത്.
 

Latest News