Sorry, you need to enable JavaScript to visit this website.

സൗദിയിൽ നാടകം അടക്കം സാംസ്‌കാരിക പരിപാടികൾ നടത്താനുള്ള നിയമാവലി വ്യക്തമാക്കി സാംസ്‌ക്കാരിക വകുപ്പ്

റിയാദ്- സൗദിയിൽ നാടകം അടക്കം സാംസ്‌കാരിക പരിപാടികൾ നടത്തുന്നതിന് ലൈസൻസുകൾ നേടാനുള്ള നടപടിക്രമങ്ങളും പ്രോഗ്രാം നടത്തിപ്പു സ്ഥാപാനങ്ങൾ പാലിക്കേണ്ട നിയമങ്ങളും വ്യക്തമാക്കി സൗദി സാംസ്‌കാരിക വകുപ്പ്. ഇതു സംബന്ധിച്ച പൊതു ജനാഭിപ്രായവും നിർദേശങ്ങളും ശേഖരിക്കൽ ലക്ഷ്യമിട്ട് നിയമാവലി ഇസ്തിത്‌ലാ പോർട്ടലിൽ പ്രസിദ്ദീകരിച്ചു. സൗദി നാടക കലാ അതോറിറ്റിയുടെ നിയമാവലിയിൽ നിർദേശിച്ചിട്ടുള്ള നിയമങ്ങൾ സാംസ്‌കാരിക പരിപാടികൾ നടത്തുന്നവർ പാലിക്കണം.  പൊതു മര്യാദക്കു നിരക്കാത്തതോ നിയമംഘനങ്ങളുള്ളതോ ആയ യാതൊരു പരിപാടിയും അനുവദിക്കില്ല. 
പരിപാടികൾ സംഘടിപ്പിക്കുന്ന കേന്ദ്രത്തിൽ എത്തുന്നവർക്ക് വ്യക്തമായി കാണത്തക്ക വിധത്തിൽ ലൈസൻസ് പ്രദർശിപ്പിച്ചിരിക്കണം.  കേന്ദ്രങ്ങളിൽ അഗ്‌നി ശമന സേന വിഭാഗത്തിന്റെ നിദേശങ്ങൾ പാലിക്കുകയും പതിവ് മെയിന്റനൻസ് പരിശോധനകൾ നടത്തുകയും ഉപകരണങ്ങളുടെ മേന്മയും  മറ്റുമൊക്കെ നിർണിത ഇടവേളകളിൽ ഉറപ്പുവരുത്തുകയും ചെയ്യണം. നടത്തിപ്പുകാർ സാംസ്‌കാരിക വകുപ്പ് പരിശോധകരോടും ഉദ്യോഗസ്ഥരോടും മാന്യമായി പെരുമാറുകയും തങ്ങളുടെ ഔദ്യോഗിക ജോലികൾ പൂർത്തിയാക്കാൻ അവരെ സഹായിക്കുകയു വേണം. പെർമിഷനുകൾക്കു വേണ്ടി സമർപ്പിക്കുന്ന മുഴുവൻ രേഖകളും കാലാവധിയുള്ളതാകുകയും വകുപ്പ് അയക്കുന്ന സർക്കുലറുകൾ കൃത്യമായി പാലിക്കുകയും വേണം. അനുമതി തേടിക്കൊണ്ടുള്ള അപേക്ഷകൾ അബ്ദി പോർട്ടൽ വഴി സമർപ്പിക്കുകയോ അതിനു സാധ്യമാകാത്ത ഘട്ടങ്ങളിൽ സാംസ്‌ക്കാരിക വകുപ്പ് ഓഫീസുകളിൽ നേരിട്ടെത്തി സമർപ്പിക്കുകയും ചെയ്യാം.  നടപടിക്രമങ്ങൾക്ക് നിർണയിച്ചിട്ടുള്ള ഫീസ് അടക്കുകയും അനുബന്ധ വകുപ്പുകളിൽ നിന്നുള്ള അനുമതി രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കുകയും ചെയ്യണം. സാംസ്‌ക്കാരിക വകുപ്പ് നിയമങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പു നൽകുകയോ നിയമ ലംഘനങ്ങൾ പരിഹരിക്കുന്നതു വരെ നിർത്തിവെക്കുകയോ ആറുമുതൽ മൂന്നു വർഷം വരെ നിർത്തിവെപ്പിക്കുകയോ നിയമ ലംഘനങ്ങളുടെ ഗൗരവമനുസരിച്ച് റദ്ദാക്കുകയോ ചെയ്യാം. ശിക്ഷാനടപടികളിൽ എതിർപ്പുള്ളവർക്ക് നടപടി സ്വീകരിച്ച അറിയിപ്പു ലഭിച്ച് 60 ദിവസത്തിനകം പരാതി സമർപ്പിക്കാൻ അവകാശമുണ്ടായിരിക്കുകയും പരാതിയിൽ ശരിയുള്ളതായി ബോധ്യപ്പെടുന്ന പക്ഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നടപടി പുനപരിശോധനക്കു വിധേയമാക്കാൻ ആവശ്യപ്പെടുകയും ചെയ്യും. സാംസ്‌ക്കാരിക  വകുപ്പ് തീരുമാനങ്ങളിൽ അഭിപ്രായ വ്യത്യാസമുള്ളവർക്ക് സൗദി നീതിന്യായ വകുപ്പിൽ പരാതി നൽകുന്നതിന് അനുമതിയുണ്ടായിരിക്കും. സൗദി നാടക കാലാരംഗത്ത് ഇതാദ്യമായി ലൈസൻസ് നൽകുന്ന കാര്യം നാടക അതോറിറ്റി ചെയർമാൻ സുൽത്താൻ ബാസിഇ മുമ്പ് അറിയിച്ചിരുന്നു. നാടക കലാസംഘങ്ങളുടെ നിലവാരവും യോഗ്യതയും പരിഗണി്ച്ച് പരിപാടികൾക്ക് അനുമതി നൽകുന്നത് ഈ വർഷംതന്നെ നടപ്പിലാക്കി തുടങ്ങും. മികച്ച തിരക്കഥയും വീക്ഷണങ്ങളുമുള്ള പരിപാടികൾ നാടക മേളയിൽ അവതരിപ്പിക്കാൻ  അനുമതി നൽകുമെന്നും ഡയറക്റ്റർ സുൽത്താൻ അൽ ബാസിഇ പറഞ്ഞു.
 

Latest News