കൊച്ചി - ഏകീകൃത കുർബാന തർക്കത്തെ തുടർന്ന് അടച്ച എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക പള്ളി ക്രിസ്തുമസ് ദിനത്തിലും തുറക്കില്ല. ലോകം ക്രിസ്മസ് ആഘോഷത്തിനായി കാത്തിരിക്കേ, ക്രിസ്തുമസ് ദിനത്തിലും പള്ളി തുറക്കില്ലെന്ന് അഡ്മിനിസ്‌ട്രേറ്റർ ആന്റണി പുതുവേലിൽ പറഞ്ഞു.
ഏകീകൃത കുർബാന അർപ്പിക്കാനുള്ള സമാധാനാന്തരീക്ഷം ഉണ്ടാകും വരെ പള്ളി അടഞ്ഞുതന്നെ കിടക്കുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടുവർഷമായി അടച്ചിട്ട പള്ളി തുറക്കാൻ വത്തിക്കാൻ പ്രതിനിധിയുമായുള്ള ചർച്ചയിൽ സമവായമായിരുന്നു. എന്നാൽ, പള്ളി തുറക്കാവുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ലെന്നാണ് അഡ്മിനിസ്‌ട്രേറ്റർ ആന്റണി പുതുവേലിൽ പറയുന്നത്.
മാർപ്പാപ്പയുടെ നിർദ്ദേശ പ്രകാരം എറണാകുളം അങ്കമാലി അതിരൂപതയിൽ 25 മുതൽ സിനഡ് കുർബാന അർപ്പിക്കണമെന്നായിരുന്നു വത്തിക്കാൻ പ്രതിനിധിയുടെ കത്ത്. അടഞ്ഞുകിടക്കുന്ന സെന്റ് മേരീസ് ബസലിക്ക ഡിസംബർ 24ന് തുറക്കാനും മാർപ്പാപ്പയുടെ തീരുമാന പ്രകാരം സിനഡ് കുർബാന അർപ്പിക്കാനും വൈദികരുമായുള്ള ചർച്ചയ്ക്കുശേഷം തീരുമാനം ആയതായി പറഞ്ഞിരുന്നു. എന്നാൽ, അത് അപ്പടി നടപ്പാക്കാൻ പറ്റാത്ത വിധത്തിലാണ് ഇപ്പോഴുള്ള കാര്യങ്ങൾ എന്നാണ് വിവരം.






