Sorry, you need to enable JavaScript to visit this website.

അമേരിക്കയും ബൈഡനും പാഠം പഠിച്ചു തുടങ്ങിയോ; കൂടുതല്‍ ഒറ്റപ്പെടുന്നു

വാഷിംഗ്ടണ്‍- അമേരിക്കയെ തിരിച്ചുപിടിക്കുമെന്ന വാഗ്ദാനത്തോടെ അധികാരത്തിലേറേയി പ്രസിഡന്റ് ജോ ബൈഡന്‍ മൂന്ന് വര്‍ഷം പിന്നിടുമ്പോള്‍ രാജ്യത്തിന്റെ പ്രതിഛായ കൂടുതല്‍ തകര്‍ന്നു. ഫലസ്തീനികളുമായുള്ള യുദ്ധത്തില്‍ ഇസ്രായിലിനെ ബൈഡന്‍ ഭരണകൂടം പിന്തുണച്ചതാണ് അമേരിക്കയുടെ  അന്താരാഷ്ട്ര പ്രതിച്ഛായ തകരാന്‍ കാരണമെന്ന് എ.എഫ്.പി റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ഒറ്റപ്പെടലും പ്രതിഛായാ നഷ്ടവും തിരിച്ചറിഞ്ഞ അമേരിക്ക ഇസ്രായില്‍ ക്രൂരതയില്‍ ദുരിതത്തിലായ ഗാസ മുനമ്പിലേക്ക് മാനുഷിക സഹായം എത്തിക്കണമെന്ന യു.എന്‍ രക്ഷാസമിതി പ്രമേയത്തിനു അനുമതി നല്‍കി. യുദ്ധം നിര്‍ത്താനുള്ള രണ്ട് യു.എന്‍ ആഹ്വാനങ്ങള്‍ നേരത്തെ വീറ്റോ ചെയ്ത അമേരിക്ക നീണ്ട ചര്‍ച്ചകള്‍ക്കുശേഷമാണ് പുതിയ പ്രമേയത്തിനു അനുമതി നല്‍കിയത്.  
പ്രമേയത്തെ പിന്തുണച്ച അടുത്ത സഖ്യകക്ഷികളായ ബ്രിട്ടന്‍, ഫ്രാന്‍സ്, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് വേറിട്ട നിലപാടാണ് അമേരിക്ക സ്വീകരിച്ചത്. യു.എന്‍ വോട്ടെടുപ്പില്‍ അമേരിക്ക വിട്ടുനില്‍ക്കുകയായിരുന്നു. റഷ്യയാണ് യു.എസിനു പുറമെ വോട്ട് ചെയ്യാതിരുന്നത്.
ഒരാഴ്ച മുമ്പ് നടന്ന യു.എന്‍ സമ്പൂര്‍ണ ജനറല്‍ അസംബ്ലി ഗാസയില്‍ വെടിനിര്‍ത്തലിന് നല്‍കിയ ആഹ്വാനത്തെ എതിര്‍ക്കാന്‍ അമേരിക്കയോടൊപ്പം യൂറോപ്യന്‍ പങ്കാളികളായ ഓസ്‌ട്രേലിയയും ചെക്ക് റിപ്പബ്ലിക്കും മാത്രമാണ് ഉണ്ടായിരുന്നത്. വെടിനിര്‍ത്തല്‍ പ്രമേയത്തെ എതിര്‍ക്കാന്‍ അമേരിക്കയുടെ ഏഷ്യന്‍ സഖ്യകക്ഷികളൊന്നും മുന്നോട്ടുവന്നില്ല.
അമേരിക്കയുടെ കാര്യത്തില്‍ റഷ്യന്‍ അധിനിവേശത്തിനെതിരെ ജോ ബൈഡന്‍ ഉക്രെയ്‌നു നല്‍കുന്ന ശക്തമായ പിന്തുണയെക്കുറിച്ചാണ് മിക്ക യൂറോപ്യന്‍ നയനിര്‍മ്മാതാക്കളും ചിന്തിക്കുന്നതെന്ന് ലണ്ടനിലെ ചാതം ഹൗസിലെ യുഎസ് ആന്‍ഡ് അമേരിക്കാസ് പ്രോഗ്രാം ഡയറക്ടര്‍ ലെസ്ലി വിഞ്ജമുറി പറഞ്ഞു.
അമേരിക്ക ഇസ്രായിലികളെക്കുറിച്ചും ഉക്രേനിയക്കാരെ കുറിച്ചും മാത്രമാണ് ശ്രദ്ധിക്കുന്നതെന്നാണ് ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ പ്രചരിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
ഇസ്രായിലിനെ കണ്ണടച്ച് പിന്തുണച്ചിരുന്ന മുന്‍ഗാമിയായ ഡൊണാള്‍ഡ് ട്രംപില്‍ നിന്ന് വ്യത്യസ്തമായി ഇസ്രായില്‍ പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ നീരസം പ്രകടിപ്പിക്കാനെങ്കിലും ബൈഡന്‍ തയാറായിട്ടുണ്ട്.  ഇസ്രായിലിന് യു.എസ് സൈനിക സഹായവും നയതന്ത്ര സംരക്ഷണവും തുടരുകയാണെങ്കിലും  ഗാസയിലെ ജനങ്ങളെ സംരക്ഷിക്കുന്നതില്‍ ഇസ്രായിലും നെതന്യാഹുവും  പരാജയപ്പെട്ടതില്‍  ബൈഡന്‍ നിരാശ പ്രകടിപ്പിച്ചു. തിരശ്ശീലയ്ക്ക് പിന്നില്‍ തങ്ങള്‍ നടത്തുന്ന സമ്മര്‍ദ്ദമാണ് ഗാസയില്‍  ഫലം കണ്ടതെന്ന് ബൈഡന്‍ ഭരണകൂടത്തിലെ  ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നുണ്ട്. ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കുന്നതിലും ഗാസയിലേക്കുള്ള അതിര്‍ത്തികള്‍ തുറക്കുന്നതിലും ഇസ്രായില്‍ വഴങ്ങിയത് അമേരിക്കയുടെ സമ്മര്‍ദം കാരണമാണെന്ന് അവര്‍ പറയുന്നു.
എന്നാല്‍ ഗാസ ദുരിതം കാണിക്കു ചിത്രങ്ങളും ബൈഡന്‍ നെതന്യാഹുവിനെ കെട്ടിപ്പിടിക്കുന്ന ചിത്രങ്ങളുമാണ് ലോകമെമ്പാടും പ്രചരിച്ചത്.
കഴിഞ്ഞ മാസം ആറ് അറബ് രാജ്യങ്ങളില്‍ നടത്തിയ സര്‍വേയില്‍ വെറും ഏഴ് ശതമാനം മാത്രമാണ് യുദ്ധത്തില്‍ അമേരിക്ക പോസിറ്റീവ് പങ്ക് നിര്‍വഹിച്ചുവെന്ന് അഭിപ്രായപ്പെട്ടതെന്ന് ഗാലപ്പ് ഇന്റര്‍നാഷണലിന്റെ മിഡില്‍ ഈസ്റ്റ് ഡയറക്ടര്‍ മുന്‍കിത്ത് ഡാഗെര്‍ പറഞ്ഞു.
രണ്ട് പതിറ്റാണ്ട് മുമ്പ് നടന്ന ഇറാഖ് അധിനിവേശത്തിന് ശേഷം അറബ് ലോകത്ത് അമേരിക്കയുടെ  പ്രശസ്തി ഗുരുതരമായി വഷളായിരുന്നുവെങ്കിലും അടുത്തിടെ വരെ 15 മുതല്‍ 30 ശതമാനം വരെ അമേരിക്കയെ അനുകൂലിച്ചിരുന്നുവെന്ന് ഇറാഖിലെ അല്‍ മുസ്തകില്ല ഗവേഷണ സംഘം സ്ഥാപിച്ച ഡാഗെര്‍ പറഞ്ഞു.
ജനാധിപത്യം, മനുഷ്യാവകാശങ്ങള്‍, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയ കാര്യങ്ങളില്‍ അമേരിക്ക ബുദ്ധിജീവികള്‍ക്കും ഇടത്തരക്കാര്‍ക്കുമിടയില്‍ നേടിയ സ്വാധീനമാണ് ഗാസ വിഷയത്തില്‍ സ്വീകരിച്ച നിലപാടിലൂടെ തകര്‍ന്നടിഞ്ഞത്. ഗാസയില്‍ നിന്ന് സോഷ്യല്‍ മീഡിയകള്‍ വഴി അറബ് പൊതുജനങ്ങളിലെത്തിയ ഫില്‍ട്ടര്‍ ചെയ്യാത്ത ദൃശ്യങ്ങള്‍ അമേരിക്കയുടെ ഇസ്രായിലികളോടുള്ള സമ്പൂര്‍ണ്ണ പക്ഷപാതവും ഫലസ്തീനികളുടെ മനുഷ്യാവകാശ നിഷേധവും കാണിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളെയാണ് അറബ് ജനത ഇപ്പോള്‍ അനുകൂലിക്കുന്നതെന്നും സര്‍വേ വ്യക്തമാക്കി.

 

Latest News