സ്മൃതി ഇറാനിയെ സ്വവര്‍ഗ പ്രേമം പഠിപ്പിച്ച് സുപ്രിയയും പ്രിയങ്കയും

ന്യൂദല്‍ഹി- സ്വവര്‍ഗ പ്രേമികളെ കുറിച്ചും അവരുടെ ലൈംഗികതയെ കുറിച്ചും മന്ത്രി സ്മൃതി ഇറാനിക്ക് ഒരു ചുക്കും അറിയില്ലെന്ന് പ്രതിപക്ഷ നേതാക്കള്‍. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളെ കേന്ദ്ര മന്ത്രി അധിക്ഷേപിച്ചുവെന്നും പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. ആര്‍ത്തവ നയത്തില്‍ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തെ പരിഗണിക്കുമോ എന്ന ചോദ്യത്തിന് മന്ത്രി നല്‍കിയ മറുപടിയാണ് വിവാദമായത്. ഗര്‍ഭപാത്രമില്ലാത്ത ഏത് സ്വവര്‍ഗാനുരാഗിക്കാണ് ആര്‍ത്തവചക്രം എന്നായിരുന്നു മന്ത്രി നല്‍കിയ മറുപടി.

LGBTQIA+ എന്ന വാക്കിന്റെ വ്യാപ്തി മന്ത്രിക്ക് മനസ്സിലാകുന്നില്ലെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. 'പ്രിയ സ്മൃതി ഇറാനി, നിങ്ങള്‍ക്കായി ലിംഗ വ്യക്തിത്വത്തിന്റെ ചുരുക്കെഴുത്തുകളുടെ ഒരു സൗജന്യ പാഠം ഇതാ. എന്നു പറഞ്ഞുകൊണ്ട് മന്ത്രിയെ ഇന്‍സ്റ്റഗ്രാമിലൂടെ പഠിപ്പിക്കുകയും ചെയ്തു.
'സര്‍ക്കാര്‍ ആര്‍ത്തവ ശുചിത്വ നയം കൊണ്ടുവരാന്‍ പദ്ധതിയിടുന്നുണ്ടോയെന്നും എല്‍ജിബിടിക്യുഐഎ കമ്മ്യൂണിറ്റിക്ക് വേണ്ടിയുള്ള വ്യവസ്ഥകള്‍ ഈ നയത്തില്‍ അടങ്ങിയിരിക്കുമോയെന്നും എംപി മനോജ് ഝായാണ് ചോദിച്ചത്. ഗര്‍ഭപാത്രമില്ലാത്ത ഏത് സ്വവര്‍ഗാനുരാഗികള്‍ക്കാണ് ആര്‍ത്തവചക്രമുള്ളതെന്ന്  സ്മൃതി ഇറാനി പരിഹാസത്തോടെ തിരിച്ചു ചോദിക്കുകയും ചെയ്തു.
'LGBTQIA+ സ്വവര്‍ഗ്ഗാനുരാഗികളായ പുരുഷന്‍മാര്‍ മാത്രമല്ലെന്നും ഈ സമൂഹത്തില്‍ പുരുഷന്മാരും ആര്‍ത്തവമുള്ള നിരവധി സ്ത്രീകളും ഉള്‍പ്പെടുന്നുവെന്നും മന്ത്രിയുടെ നിസ്സംഗതയും അഹങ്കാരവും അറിവില്ലായ്മയും ഭയപ്പെടുത്തുന്നതാണെന്നുംകോണ്‍ഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റ് ട്വീറ്റ് ചെയ്തു. രോഷം പ്രകടിപ്പിക്കുന്നതിന് പകരം കുറച്ച് സമയം ചെലവഴിച്ച് ഈ വിഷയത്തില്‍ സ്വയം ബോധവല്‍ക്കരണത്തിന് ശ്രമിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.  
ചോദ്യം പ്രകോപിപ്പിക്കാനോ ശ്രദ്ധ ആകര്‍ഷിക്കാനോ ഉദ്ദേശിച്ചുള്ളതാണെന്നും അത് പലരെയും ഞെട്ടിച്ചുവെന്നും  ഈ ചോദ്യം തന്നെ എന്താണ് ഉദ്ദേശ്യമെന്ന് സൂചിപ്പിക്കുന്നുണ്ടെന്നും മന്ത്രി സ്മൃതി ഇറാനി പറഞ്ഞിരുന്നു.
സ്വവര്‍ഗാനുരാഗികളായ പുരുഷന്മാരെ കൂടാതെ ഈ വാചകം നിരവധി ആളുകളെ ഉള്‍ക്കൊള്ളുന്നതാണെന്ന് മറ്റു പ്രതിപക്ഷ നേതാക്കളും പ്രതികരിച്ചു. LGBTQIA യുടെ വ്യാപ്തിയെക്കുറിച്ച് മന്ത്രിക്ക് അറിയില്ല എന്നത് ലജ്ജാകരമാണെന്ന് ശിവസേന ഉദ്ധവ് താക്കറെ  വിഭാഗം നേതാവ് പ്രിയങ്ക ചതുര്‍വേദി പറഞ്ഞു. 'LGBTQIA+ യുടെ പരിധി അറിയാത്ത ഒരു മന്ത്രി നമുക്കുണ്ട് എന്നത് ലജ്ജാകരമാണ്. ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഉള്‍പ്പെടുന്ന ഈ സമൂഹത്തെ സൂചിപ്പിക്കാന്‍ പൊതുവെ ഉപയോഗിക്കുന്ന പദമാണിത്. അവരില്‍ പലരും ആര്‍ത്തവം അനുഭവിക്കുന്നവരാണ്- പ്രിയങ്ക ചുതര്‍വേദിയും ട്വീറ്റ് ചെയ്തു.
ആര്‍ത്തവം ഒരു വൈകല്യമല്ലെന്നും ശമ്പളത്തോടെ അവധിയെടുക്കണമെന്ന നിയമനിര്‍മ്മാണത്തിന് സര്‍ക്കാര്‍ എതിരാണെന്നും പാര്‍ലമെന്റില്‍ സ്മൃതി ഇറാനി വ്യക്തമാക്കിയിരുന്നു. ഇത്തരമൊരു ഇടവേള നിര്‍ബന്ധമാക്കുന്നത് സ്ത്രീകളെ ജോലിസ്ഥലത്തെ മുന്‍വിധികള്‍ക്കും പീഡനത്തിനും വിധേയമാക്കുമെന്നാണ് സ്മൃതി ഇറാനി തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് വിശദീകരിച്ചത്.

 

 

Latest News