വയനാട്ടിലെ വാകേരിയില്‍ വീണ്ടും കടുവ ഇറങ്ങി, പശുവിനെ കടിച്ച് കൊന്ന നിലയില്‍

സുല്‍ത്താന്‍ ബത്തേരി - വാകേരിയില്‍ വീണ്ടും കടുവ ആക്രമണമെന്ന് സംശയം. ഞാറക്കാട്ടില്‍ സുരേന്ദ്രന്റെ പശുവിനെ കടിച്ച് കൊന്ന നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രിയായിരുന്നു സംഭവം. കടുവ ആക്രമിച്ചതെന്നാണ് കരുതുന്നത്. വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. 
ഇവിടെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുല്ലരിയാന്‍ പോയ യുവാവിനെ  കൊലപ്പെടുത്തിയ കടുവയെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. വയനാട്ടില്‍ നിന്നും കൂട്ടിലാക്കി ഇതിനെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെത്തിക്കുകയായിരുന്നു.  ആണ്‍ കടുവയായ ഇതിന് രുദ്രന്‍ എന്ന് പാര്‍ക്ക് അധികൃതര്‍ പേരിട്ടിട്ടുണ്ട്. പരിക്കേറ്റ കടുവയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടെന്നും ഇനിയുള്ള രണ്ടാഴ്ച്ചക്കാലം നിര്‍ണ്ണായകമാണെന്നും കടുവയെ ചികിത്സിക്കുന്ന ഡോക്ടര്‍ പറഞ്ഞു.

 

Latest News