കപ്പല്‍ ആക്രമണത്തിന് ഹൂതികളെ പ്രേരിപ്പിക്കുന്നത് ഇറാനെന്ന് യു.എസ്, തള്ളി ഇറാന്‍

ടെഹ്‌റാന്‍ - ചെങ്കടലില്‍ ചരക്കുകപ്പലുകള്‍ ആക്രമിക്കാന്‍ യെമനിലെ ഹൂതികള്‍ക്ക് സഹായം നല്‍കുന്നെന്ന യു.എസിന്റെ ആരോപണം തള്ളി ഇറാന്‍. ഇസ്രായില്‍ ഗാസയില്‍ ആക്രമണം തുടരുന്നിടത്തോളം ജലപാത സുരക്ഷിതമായിരിക്കില്ലെന്നു വിദേശകാര്യമന്ത്രി ഹുസൈന്‍ അമിര്‍ അബ്ദുല്ലഹിയാന്‍ വ്യക്തമാക്കി.  

ഹൂതികളുടെ ആക്രമണം ആസൂത്രണം ചെയ്യുന്നതിലും ആയുധങ്ങളും സാമ്പത്തിക സഹായവും പരിശീലനവും നല്‍കുന്നതിനും ഇറാന് വ്യക്തമായ പങ്കുണ്ടെന്നായിരുന്നു വൈറ്റ് ഹൗസിന്റെ ആരോപണം. അടിസ്ഥാനരഹിതമായ ആരോപണമെന്ന് വിദേശകാര്യമന്ത്രി ഹുസൈന്‍ അമിര്‍ അബ്ദുല്ലഹിയാന്‍ പറഞ്ഞു. ആക്രമണങ്ങള്‍ പൂര്‍ണമായും യെമന്റെ തീരുമാനമാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. ഇറാനില്‍നിന്നു വിട്ട ഡ്രോണ്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ കെമിക്കല്‍ ടാങ്കറില്‍ പതിച്ചെന്നായിരുന്നു പെന്റഗണന്റെ ആരോപണം.

സൗദിയില്‍നിന്നു ക്രൂഡ് ഓയിലുമായി മംഗളൂരു തുറമുഖത്തേക്കു വരികയായിരുന്ന കപ്പലിനു നേരെ ഗുജറാത്ത് തീരത്ത് അറബിക്കടലില്‍ ഡ്രോണ്‍ ആക്രമണമുണ്ടായത് ഇന്നലെ രാവിലെയാണ്. ഇസ്രയില്‍ ബന്ധമുള്ള കപ്പലിനുനേരെ, ഗുജറാത്തിലെ വെരാവല്‍ തീരത്തുനിന്ന് 200 നോട്ടിക്കല്‍ മൈല്‍ ദൂരെവച്ച് ഇന്നലെ രാവിലെ 10 നു ശേഷമാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കപ്പലിന്റെ പിന്‍ഭാഗത്തു സ്‌ഫോടനമുണ്ടായി. റോപ് ലോക്കറില്‍ തീപടര്‍ന്നു. കപ്പലില്‍ ചെറിയ തോതില്‍ വെള്ളം കയറി. ജീവനക്കാര്‍ സുരക്ഷിതരാണെന്നു കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു. 22 ജീവനക്കാരില്‍ 21 പേരും ഇന്ത്യക്കാരാണ്. വഴിതിരിച്ചുവിട്ട കപ്പല്‍ ഇന്നു രാവിലെ മുംബൈ തുറമുഖത്തെത്തും.

 

 

Latest News