Sorry, you need to enable JavaScript to visit this website.

അപായപ്പെടുത്താൻ വേണ്ടിയാണ് പോലീസ് തനിക്കെതിരെ ഗ്രനേഡ് എറിഞ്ഞത്-സുധാകരൻ

തിരുവനന്തപുരം- അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് താനുൾപ്പെടെയുള്ള നേതാക്കളിരുന്ന സ്‌റ്റേജിനെ ലക്ഷ്യമിട്ട് ഗ്രനേഡ്,ടിയർ ഗ്യാസ് സെൽ പൊട്ടിച്ചതെന്ന്  കെ.പി.സി.സി പ്രസിഡന്റ്  കെ. സുധാകരൻ. നേതാക്കൾ വേദിയിൽ പ്രസംഗിച്ച് കൊണ്ടിരിക്കെയാണ് പോലീസ് ജലപീരങ്കിയും ടിയർ ഗ്യാസും ഗ്രനേഡും പ്രയോഗിച്ചത്.  ഇത് തികച്ചും പതിവില്ലാത്ത നടപടിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ലഭിച്ച നിർദേശ പ്രകാരമാണ് പോലീസിന്റെ ആക്രമണം ഉണ്ടായത്.  പോലീസിനകത്തു ഗുണ്ടകളെ ഇതിനായി തയ്യാറാക്കി നിർത്തിയിരുന്നു.  ക്രിമിനൽ പോലീസുകാർ, ക്രിമിനൽ സ്വഭാവമുള്ള പോലീസുകാർ എന്നിങ്ങനെ പോലീസിനെ ബാച്ച് തിരിച്ചിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.
പിണറായി വിജയൻ ധിക്കാരിയായ ഭരണാധികാരിയാണ്.  ജനാധിപത്യ അവകാശങ്ങൾക്ക് ഒരു നിലയും വിലയും നൽകാത്തയാളാണ്.  പലരും കേരളം ഭരിച്ചിട്ടുണ്ട്. എന്നാൽ അന്നൊന്നും ഇത്തരം ക്രിമിനൽ നടപടികൾ ഉണ്ടായിട്ടില്ല. പോലീസിനെ കൺട്രോൾ ചെയ്യുന്നത് പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയാണെന്നും ഡി.ജി.പിക്ക് ഒരു റോളും ഇല്ലെന്നും കെ .സുധാകരൻ വിമർശിച്ചു.
കെ.പി.സി.സിയുടെ ഡി.ജി.പി ഓഫീസ് മാർച്ചിന് നേരെ നടന്നത് പോലീസിന്റെ ബോധപൂർവ്വമായ ആസൂത്രിത ആക്രമണമാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ പറഞ്ഞു. മുഖ്യമന്ത്രി പ്രതിപക്ഷത്തിനെതിരെ അക്രമത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. സമാധാനപരമായി നടന്ന ഡിജിപി ഓഫീസ് മാർച്ചിൽ വേദിയിലേക്ക് ഗ്രനേഡും ടിയർ ഗ്യാസ് സെല്ലും പൊട്ടിച്ച് പ്രകോപനം ഉണ്ടാക്കിയത് പോലീസാണ്.  കെ.പി.സി.സി പ്രസിഡന്റ്, പ്രതിപക്ഷ നേതാക്കൾ,ജനപ്രതിനിധികൾ എന്നിവരെ അപായപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും ഹസൻ ആരോപിച്ചു. പ്രസംഗിച്ചു കൊണ്ടിരുന്ന നേതാക്കൾക്ക് നേരെ ജലപീരങ്കിയും ടിയർ ഗ്യാസും പ്രയോഗിക്കുന്നത് ചരിത്രത്തിലാദ്യമാണ്. തനിക്കും കെ.പി.സി.സി പ്രസിഡന്റ് ഉൾപ്പെടെയുള്ള നേതാക്കൾക്കും ശ്വാസതടസ്സമുണ്ടായി.ഈ ജനാധിപത്യവിരുദ്ധ സർക്കാരിനും മുഖ്യമന്ത്രിക്കും തുടരാൻ അവകാശമില്ല. ശക്തമായ പ്രതിഷേധങ്ങൾ ഇനിയുമുണ്ടാകുമെന്നും ഹസൻ മുന്നറിയിപ്പ് നൽകി.
 

Latest News