Sorry, you need to enable JavaScript to visit this website.

ഹൂത്തികളുടെ ആക്രമണം; ജിദ്ദയിലേക്കുള്ള ഷിപ്പിംഗ് നിരക്കിൽ നാലിരട്ടി വർധന

ജിദ്ദ - ചെങ്കടലിലൂടെ കടന്നുപോകുന്ന ചരക്കു കപ്പലുകൾക്കു നേരെ ഹൂത്തികൾ ആക്രമണം ശക്തമാക്കിയതിനെ തുടർന്ന് അന്താരാഷ്ട്ര കണ്ടെയ്‌നർ ഷിപ്പിംഗ് നിരക്കുകൾ ഡിസംബറിൽ കുത്തനെ ഉയർന്നതായി ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. ചൈനയിലെ തുറമുഖങ്ങളിൽ നിന്ന് 40 അടി വലിപ്പമുള്ള കണ്ടെയ്‌നർ ജിദ്ദ തുറമുഖത്തെത്തിക്കാനുള്ള നിരക്ക് 1,350 ഡോളറിൽ (5,062 റിയാൽ) നിന്ന് 4,400 ഡോളർ (16,500 റിയാൽ) ആയി ഡിസംബറിൽ ഉയർന്നിട്ടുണ്ട്. ചൈനയിൽ നിന്ന് ജിദ്ദയിലേക്കുള്ള കണ്ടെയ്‌നർ ഷിപ്പിംഗ് നിരക്ക് 226 ശതമാനം തോതിൽ ഡിസംബറിൽ ഉയർന്നു. 
ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ചെങ്കടലിലൂടെ കടന്നുപോകുന്ന ചരക്കു കപ്പലുകൾക്കു നേരെ ഹൂത്തികൾ ആക്രമണം ശക്തമാക്കിയതിനെ തുടർന്ന് ചില ഷിപ്പിംഗ് കമ്പനികൾ തങ്ങളുടെ കപ്പലുകൾ ചെങ്കടലിലൂടെ കടന്നുപോകുന്നത് നിർത്തിവെച്ചിട്ടുണ്ട്. ചെങ്കടൽ ഒഴിവാക്കി ഈ കമ്പനികൾ ബദൽ സമുദ്രപാതകൾ ഉപയോഗിക്കുകയാണ്. ഈ പാതകളുടെ ദൂരക്കൂടുതൽ ഷിപ്പിംഗ് നിരക്കുകൾ ഉയരാൻ ഇടയാക്കുകയാണ്. 
പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഏദൻ ഉൾക്കടൽ, ചെങ്കടൽ, സൂയസ് കനാൽ എന്നിവയിൽ നിന്ന് അകന്ന് ദക്ഷിണാഫ്രിക്കയിലെ കേപ് ഓഫ് ഗുഡ് ഹോപ്പ് ദിശയിലേക്ക് ചരക്കു കപ്പലുകളുടെ റൂട്ടുകൾ ഷിപ്പിംഗ് കമ്പനികൾ മാറ്റുമെന്ന് കരുതുന്നതായി ഷിപ്പിംഗ്, കയറ്റുമതി മേഖലാ വ്യവസായി അബ്ദുൽമലിക് അൽഹദാദ് പറഞ്ഞു. റൂട്ട് മാറ്റുന്നത് കണ്ടെയ്‌നറുകൾ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കുന്നതിന് 10 മുതൽ 20 വരെ ദിവസത്തെ കാലതാമസമുണ്ടാക്കും. ബാബൽമന്ദബ് കടലിടുക്കിൽ നിന്നും ചെങ്കടലിൽ നിന്നും അകലെ മറ്റൊരു റൂട്ടിലേക്ക് ചരക്കു കപ്പലുകൾ തിരിച്ചുവിട്ടതായി പ്രമുഖ ഷിപ്പിംഗ് കമ്പനി ഇതിനകം അറിയിച്ചിട്ടുണ്ട്. ഇതുപ്രകാരം കിഴക്കൻ രാജ്യങ്ങളിൽ നിന്ന് വരുന്ന കപ്പലുകൾ ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ തെക്കേ അറ്റം വഴി വടക്കോട്ട് തിരിഞ്ഞ് ആഫ്രിക്കക്കും യൂറോപ്പിനുമിടയിലുള്ള മധ്യധരണ്യാഴിയിലെത്തേണ്ടിവരും. ഇത് കപ്പലുകൾ ലക്ഷ്യസ്ഥാനങ്ങളിലെത്തുന്നതിന് ഏറെ കാലതാമസമുണ്ടാക്കും. 
ചൈനയിൽ നിന്ന് ജിദ്ദ തുറമുഖത്തേക്കുള്ള കണ്ടെയ്‌നർ ഷിപ്പിംഗ് നിരക്ക് ഡിസംബറിൽ 4,400 ഡോളറായി ഉയർന്നിട്ടുണ്ട്. നവംബറിൽ ഇത് 1,350 ഡോളറായിരുന്നു. ചൈന, ജിദ്ദ കണ്ടെയ്‌നർ ഷിപ്പിംഗ് നിരക്ക് 226 ശതമാനം തോതിൽ ഈ മാസം ഉയർന്നു. ചൈനയിൽ നിന്ന് ദമാമിലേക്കുള്ള കണ്ടെയ്‌നർ ഷിപ്പിംഗ് നിരക്ക് 74 ശതമാനം തോതിൽ ഉയർന്നിട്ടുണ്ട്. ബാബൽമന്ദബ് കടലിടുക്കിലൂടെ കടന്നുപോകേണ്ടതില്ലാത്തതിനാൽ ദമാം തുറമുഖത്തേക്കുള്ള കണ്ടെയ്‌നർ ഷിപ്പിംഗ് നിരക്കിലുണ്ടായ വർധന ജിദ്ദ തുറമുഖത്തേക്കുള്ള നിരക്കിനെ അപേക്ഷിച്ച് കുറവാണ്. റിയാദ് ഡ്രൈ ഡോക്കിലേക്കുള്ള കണ്ടെയ്‌നർ ഷിപ്പിംഗ് നിരക്ക് 1,680 ഡോളറിൽ നിന്ന് 2,600 ഡോളറായി ഉയർന്നിട്ടുണ്ട്. റിയാദ് ഡ്രൈ ഡോക്കിലേക്കുള്ള കണ്ടെയ്‌നർ ഷിപ്പിംഗ് നിരക്ക് 55 ശതമാനം തോതിലാണ് വർധിച്ചതെന്നും അബ്ദുൽമലിക് അൽഹദാദ് പറഞ്ഞു. 
ചരക്ക് ഗതാഗത നിരക്കുകൾ ഭക്ഷ്യവസ്തുക്കളുടെ വിലയിൽ പ്രതിഫലിക്കുന്ന പ്രധാന ഘടകമാണെന്ന് ഭക്ഷ്യവസ്തു മേഖലാ നിക്ഷേപകൻ മുആദ് ഫർഹാൻ പറഞ്ഞു. അന്താരഷ്ട്ര ഷിപ്പിംഗ് നിരക്കുകൾ ഉയരുന്നത് ഭക്ഷ്യവസ്തുക്കളുടെ വിലയിൽ പ്രതിഫലിക്കും. ഇതിന്റെ അധികഭാരം വഹിക്കേണ്ടിവരിക ഉപയോക്താക്കളാകും. വ്യാപാരികളുടെ പക്കൽ വലിയ സ്റ്റോക്കുള്ളതിനാൽ ഷിപ്പിംഗ് നിരക്ക് വർധന പെട്ടെന്ന് വിലകളിൽ പ്രതിഫലിക്കില്ല. എന്നാൽ ഉയർന്ന ഷിപ്പിംഗ് നിരക്കുകൾ തുടരുന്ന പക്ഷം വൈകാതെ ഇതിന്റെ പ്രതിഫലനം പ്രാദേശിക വിപണിയിൽ പ്രത്യക്ഷപ്പെടുമെന്നും മുആദ് ഫർഹാൻ പറഞ്ഞു. ചെങ്കടലിലൂടെ കടന്നുപോകുന്ന കപ്പലുകൾക്കു നേരെ യെമനിൽ നിന്ന് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങൾ വർധിച്ച പശ്ചാത്തലത്തിൽ ചെങ്കടലിലൂടെയുള്ള മുഴുവൻ ഓപ്പറേഷനുകളും മറ്റൊരു അറിയിപ്പുണ്ടാകുന്നതു വരെ നിർത്തിവെച്ചതായി ഡാനിഷ് ഷിപ്പിംഗ് ഭീമനായ മെർസെക് അറിയിച്ചിട്ടുണ്ട്.
 

Latest News