ന്യൂദൽഹി- ഡ്രോൺ ആക്രമണത്തെ തുടർന്ന് അറബിക്കടലിൽ വ്യാപാരക്കപ്പലിൽ സ്‌ഫോടനവും തീപിടുത്തവും. ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. എംവി ചെം പ്ലൂട്ടോ എന്ന കപ്പലിന് നേരെയാണ് ആക്രമണം നടന്നത്. കപ്പലിലെ ക്രൂവിൽ 20 ഇന്ത്യക്കാരും ഉണ്ടായിരുന്നു. ആക്രമണത്തെ തുടർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ ഐ.സി.ജി.എസ് വിക്രം കപ്പൽ പോർബന്തർ തീരത്ത് നിന്ന് 217 നോട്ടിക്കൽ മൈൽ അകലെയുള്ള എംവി ചെം പ്ലൂട്ടോയിലേക്ക് നീങ്ങുകയാണെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
സൗദി അറേബ്യയിലെ തുറമുഖത്ത് നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്നു ക്രൂഡ് ഓയിൽ കയറ്റിയ കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. കോസ്റ്റ് ഗാർഡ് കപ്പൽ പ്രദേശത്തെ എല്ലാ കപ്പലുകൾക്കും സഹായം നൽകുന്നതിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീ അണച്ചെങ്കിലും കപ്പലിന്റെ പ്രവർത്തനത്തെ ആക്രമണം ബാധിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. എല്ലാ ക്രൂ അംഗങ്ങളും സുരക്ഷിതരാണ്. തിങ്കളാഴ്ച ഹൈജാക്ക് ചെയ്യപ്പെട്ട മാൾട്ടയുടെ ചരക്ക് കപ്പലിൽ നിന്ന് പരിക്കേറ്റ നാവികനെ ഇന്ത്യൻ നാവികസേനയാണ് രക്ഷിച്ച് ഒമാനിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ഈ സംഭവത്തിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് പുതിയ ആക്രമണം നടന്നത്.