Sorry, you need to enable JavaScript to visit this website.

നിങ്ങളുടെ ധനം വിപണി കൊഴുപ്പിക്കാനുള്ളതല്ല; ജീവിതം ലളിതമാക്കാന്‍ ഇതാ വഴികള്‍

ഉപഭോഗസംസ്‌കാരത്തിന്റെ ഇരുളില്‍ ലാളിത്യത്തിന്റെ നിലാവെളിച്ചം വിതറുകയാണ് കെ.ജയകുമാര്‍ രചിച്ച ' ലളിത ജീവിതം ' എന്ന കൃതി. ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്ന രീതിയിലുളള വസ്തുക്കള്‍ മാത്രം ഉപയോഗിച്ച് ജീവിതം ചിട്ടപ്പെടുത്തലാണ് ലാളിത്യം എന്നതാണ് പുസ്തകത്തിന്റെ പ്രധാന പ്രമേയം.
പലരും തെറ്റിദ്ധരിച്ചതു പോലെ ആധ്യാത്മിക ജീവിത ശൈലിയല്ല ലാളിത്യം. ഉപഭോഗ സംസ്‌കാരങ്ങളുടെ സങ്കീര്‍ണ്ണതയിലും അടിമത്തത്തിലും പൊറുതി മുട്ടിയ സാക്ഷാല്‍ ആധുനികന് സ്വാതന്ത്ര്യത്തിന്റെ സ്വച്ഛന്ദവായു സമ്മാനിക്കുകയാണ് ലാളിത്യം.
ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ പ്രത്യക്ഷപ്പെട്ട ഉപഭോഗ സംസ്‌കാര ദുര്‍ഭൂതത്തെ വിവേകത്തിന്റെ വേലിക്കെട്ടില്‍ തളച്ചിടാനുള്ള വിദ്യയായിട്ടാണ് ലാളിത്യത്തെ ഈ പുസ്തകം പരിചയപ്പെടുത്തുന്നത്.
യാത്രചെയ്യാന്‍ ഒരു വാഹനം വേണം അത് ഏറ്റവും പുതിയ മോഡല്‍ തന്നെയായിരിക്കണം, നാണം മറക്കാന്‍ വസ്ത്രം വേണം അത് ഏറ്റവും നല്ല ബ്രന്റ് തന്നെ വേണം, വിശ്രമിക്കാന്‍ വീട് വേണം അത് ആഡംബരത്തിലുള്ളത് തന്നെ വേണം എന്നിത്യാദി കാര്യങ്ങള്‍ നമ്മെ കൊണ്ട് തീരുമാനിപ്പിക്കുന്ന'കണ്‍സ്യൂമറിസ്റ്റ് ഹിപ്‌നോട്ടിസ ത്തിന്റെ ചതികുഴിയില്‍ ചാടാതിരിക്കാന്‍ ഇച്ഛാശക്തിയെ ഉപയോഗപ്പെടുത്താന്‍ പുസ്തകം പ്രചോദനം പകരുന്നുണ്ട്.
വിപണിയില്‍ നിന്ന് ഏത് വേണമെന്ന് തെരഞ്ഞെടുക്കാനുള്ള വ്യക്തി സ്വാന്തന്ത്രത്തിന് വേണ്ടി ബ്രാന്റ് ഭീമന്‍മാരോട് പൊരുതാനുളള തന്റേടം നമുക്കുണ്ടെങ്കില്‍ ജീവിതം ലളിതമാക്കാന്‍ കഴിയുമെന്നാണ് പുസ്തകത്തിന്റെ വിലയിരുത്തല്‍.
കണ്‍സ്യൂമറിസമെന്ന അദൃശ്യ ശക്തിയോട് പോരാടാനുള്ള വാളാണ് വിവേകം അതാണ് ലാളിത്യത്തിലേക്കുള്ള കവാടമെന്ന് ഗ്രന്ഥകാരന്‍ ഓര്‍മ്മപ്പെടുത്തുന്നു.
ആധുനികതക്കൊപ്പം സഞ്ചരിച്ചില്ലെങ്കില്‍ കാലം തിരിയാത്തവനായി ചാപ്പകുത്തുമെന്ന ഭീതി, കാലത്തിനൊത്ത് സഞ്ചരിക്കാന്‍ സമ്പത്ത് എനിക്കുണ്ടെന്ന പൊങ്ങച്ചം രണ്ടില്‍ ഒരു വികാരത്തിന്  അടിമയാകേണ്ടിവരുന്നത് വിവേകം വിപണിക്ക് പണയം വെച്ചത് കൊണ്ടാണ്.
ആവശ്യവും ആഗ്രഹവും ആര്‍ഭാടവും തിരിച്ചറിയാനുള്ള തന്റേടം നഷടപ്പെടുത്തുന്ന ലഹരിയാണ് കണ്‍സ്യൂമറിസം. നമ്മുടെ ധനം വിപണിയെ കൊഴുപ്പിക്കാനുള്ളതല്ലെന്ന വിവേകം മാത്രമേ ഭാവി ഭദ്രമാക്കൂ എന്ന് ഗ്രന്ഥകാരന്‍ ദീര്‍ഘവീക്ഷണം ചെയ്യുന്നു.
ഓരോ ബ്രാന്‍ഡുകളോടും  നമ്മെ അടുപ്പിക്കാനും അതിന്റെ അടിമയാക്കാനും അത് ഉപയോഗിച്ചാല്‍ മാത്രം സംതൃപ്തി ലഭിക്കുമാറ് മാനസ്സിനെ പരിവര്‍ത്തിപ്പിക്കാനും
പരസ്യ ലോബികള്‍ ടെക്‌നോളജിയുടെ സാധ്യത പരമാവധി ഉപയോഗപ്പെടുത്തുന്നു.  
ടെക്‌നോളജിയുടെ ഉടമകള്‍ നമ്മളാണെങ്കിലും അതിന്റെ അടിമകളായി മാറേണ്ടിവരുന്നത് ദയനീയവും ഭീതിതവുമാണെന്നത് ഗ്രന്ഥം ഗൗരവത്തിലെടുക്കുന്നു.
ടെക്‌നോളജി ഒരുപാട് പുരോഗമന ചിഹ്നങ്ങള്‍ നാടൊട്ടുക്കുംനാട്ടിയുട്ടുണ്ടെങ്കിലും ടെക്‌നോളജിയുടെ മറവില്‍ കണ്‍സ്യൂമറിസം വരുത്തി വെക്കുന്ന ദോഷം അറിയാതെ പോകരുത്. സമ്പാദിച്ചതില്‍നിന്ന് ഒന്നും നാളേക്ക് നീക്കിവെക്കാതെ സുഖിച്ച് തീര്‍ക്കുന്നു തികയാതെ വരുംമ്പോള്‍ കടം വാങ്ങുന്നു കടം വീട്ടാന്‍ കഠിനമായി വീണ്ടും ജോലി ചെയ്യുന്നു വിശ്രമവും ആസ്വാദനവുമില്ലാത്ത ജീവിതമാണ്  കണ്‍സ്യൂമറിസത്തിന്റെ ആത്യന്തികഫലം.
ജീവിത ശൈലികള്‍ക്ക് അതിര് നിശ്ചയിക്കലാണ് ലാളിത്യം. അതിരെത്തിയാല്‍ അവിടെ നില്‍ക്കും. പിന്നെ ആശങ്കകളോ ആവലാതികളോ ഇല്ല. ഉദ്ദേശിച്ചത് നേടിയ സംതൃപ്തിയും ലഭിക്കും.
ആഗ്രഹങ്ങള്‍ അങ്ങനെയല്ല അതിന് തീരെ അതിരില്ല ഒന്നിന് പിന്നാലെ മറ്റൊന്ന് പൊട്ടിമുളച്ച് കൊണ്ടിരിക്കും. മൊബൈലും വാഹനവും വീടും മറ്റും കാലാനുസൃതമായ മാറ്റങ്ങളില്‍ മാറി മറിഞ്ഞ് കൊണ്ടിരിക്കും. ഒരു മോഡല്‍ സ്വന്തമാക്കുമ്പോഴത്തേക്ക് മറ്റൊന്ന് അത് സ്വന്തമാക്കുമ്പോഴത്തേക്ക്  മറ്റൊന്ന് ആഗ്രഹം തീര്‍ന്ന് സംതൃപ്തിനേടല്‍ മരീചിക മാത്രം  ആഗ്രഹവും ആവശ്യവും തിരിച്ചറിഞ്ഞാല്‍ താറു മാറാകാതെ ജീവിതം നയിക്കാന്‍ കഴിയുമെന്നതാണ് പുസ്തകത്തിന്റെ ഒരു പ്രമേയം.
'മനുഷ്യരുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ളത് പ്രകൃതിലുണ്ട് ദുര തീര്‍ക്കാനുള്ളത് ഇവിടെയില്ല ' ഗാന്ധിയുടെ വീക്ഷണമാണ് നല്ല ഭാവിക്ക് ഭൂഷണമെന്നതാണ് പുസ്തകത്തിന്റെ ഭാഷ്യം.
മത ഗ്രന്ഥങ്ങള്‍ പൊങ്ങച്ചത്തേയും ദുര്‍വ്യയത്തേയും എതിര്‍ത്തത് വെറുതയല്ല എന്ന് ഓര്‍മ്മപ്പെടുത്താന്‍ ഗ്രന്ഥം മറന്നിട്ടില്ല.  ആഡംബരത്തെ കുരുതി കഴിക്കുന്നതില്‍ ആത്മീയ ബോധത്തിന് പങ്കുണ്ടെന്ന് ചുരുക്കം.
മിതത്വവും ലാളിത്യവുമൊന്നും ആത്മീ ചിന്തകളാക്കി ചുരുക്കി കാണേണ്ടാ
സമ്പത്തിനെ മന:ശാസ്ത്ര പരമായ പഠനത്തിന് വിധേയമാക്കിയ മൊര്‍ഗന്‍ ഹൊസല്‍ തന്റെ ഗ്രന്ഥം തുടങ്ങുന്നത് ധൂര്‍ത്തടിച്ച് പാപ്പരായ കോടീശ്വരന്റേയും ലാളിത്യത്തിലൂടെ കോടീശ്വരനായ തൂപ്പുകാരന്റേയും ജീവിതാനുഭവങ്ങള്‍ പറഞ്ഞു കൊണ്ടാണ് .
കഞ്ഞി വെള്ളത്തില്‍ വറ്റ് തെരഞ്ഞ് കണ്ണീരൊറ്റി പുളിച്ച കഞ്ഞിവെള്ളം കുടിച്ച് വളര്‍ന്നവരുടെ പുരോഗതി അന്നപാനീയ, പാര്‍പ്പിട,പുടവകളിലെ പ്രകടനപരതയായി പരിണമിച്ചതിന്റെ കാരണം ' സമാനര്‍ക്കിടയിലെ അംഗീകാരം നേടല്‍ ' എന്ന വൈകാരികതയുടെ അതിരു വിടലാണ് എന്ന ഗ്രന്ഥത്തിന്റെ കണ്ടെത്തല്‍ കാണാതെ പോകരുത്.
'എല്ലാ മതങ്ങളും ജീവിതത്തിന്റെ പൊരുള്‍ എന്തെന്ന അന്വേഷണമായിട്ടാണ് ആവിര്‍ഭവിക്കുന്നത്. മരണം സുനിശ്ചതമായ ജീവിതത്തില്‍ താല്‍കാലിക നേട്ടങ്ങള്‍ക്കപ്പുറത്തുള്ള സത്യമെന്ത്? ഗ്രന്ഥകാരന്റെ ഈ ചോദ്യം വായനക്കാരന്റെ മനസ്സില്‍ ബാക്കിയാവുന്നതാണ് പുസ്തകത്തിന്റെ നേട്ടം.

 

Latest News