Sorry, you need to enable JavaScript to visit this website.

അയാള്‍ ഇപ്പോഴും വിശ്വസിക്കുന്നു; അത് അപ്രത്യക്ഷമായ വിമാനത്തിന്റെ ഭാഗം തന്നെ

സിഡ്‌നി- 227 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യന്‍ വിമാനത്തിന്റെ ചിറക് കണ്ടുവെന്ന  അവകാശവാദവുമായി ഓസ്‌ട്രേലിയന്‍ മത്സ്യത്തൊഴിലാളി വീണ്ടും. എം.എച്ച് 370 വിമാനത്തിന്റെ ഭാഗമായിരുന്നു അതെന്നും എന്നാല്‍ വിവരം അറിയിച്ചിട്ടും അധികൃതര്‍ അവഗണിച്ചുവെന്നും കിറ്റ് ഓള്‍വര്‍ എന്ന മത്സ്യത്തൊഴിലാളി പറയുന്നു. കണ്ടത് ജെറ്റിന്റെ ചിറകു തന്നെയാണെന്നും അത് അവിടെ തന്നെയുണ്ടെന്നും ഇദ്ദേഹം പറയുന്നു. സിഡ്‌നി മോണിംഗ് ഹെറാള്‍ഡാണ് മത്സ്യത്തൊഴിലാളിയുടെ അഭിമുഖം നടത്തിയത്.
227 യാത്രക്കാരും 12 ജീവനക്കാരുമായി 2014 മാര്‍ച്ച് എട്ടി നാണ് വിമാനം കാണാതായത്. ചരിത്രത്തിലെ ഏറ്റവും ചെലവേറിയ തിരച്ചിലുകള്‍ നടത്തിയെങ്കിലും ഇന്ത്യാ സമുദ്രത്തില്‍ തകര്‍ന്ന വിമാനത്തിന്റെ ഏതാനും അവശിഷ്ടങ്ങള്‍ ആഫ്രിക്കക്കു സമീപം കണ്ടെത്തിയെന്നാണ് വിശ്വസിക്കപ്പെടുന്നത്.  വിമാനം അപ്രത്യക്ഷമായതിന് ഏതാനും മാസങ്ങള്‍ക്ക് ശേഷം, തന്റെ ആഴക്കടല്‍ ട്രോളറില്‍ മത്സ്യബന്ധനം നടത്തവെ വല കുടുങ്ങിയ വസ്തു വാണിജ്യ വിമാനത്തിന്റെ ചിറകാണെന്ന് തനിക്ക് ഉറപ്പാണെന്ന് ഓള്‍വര്‍ പറയുന്നു.
ട്രോളറിലെ മറ്റൊരു ക്രൂ അംഗമായ ജോര്‍ജ്ജ് ക്യൂറി എന്നയാളും ഓള്‍വറിന്റെ അവകാശവാദം ശരിവെക്കുന്നു. ഇത് 20,000 ഡോളര്‍ വിലവരുന്ന വലയ്ക്ക് കേടുപാടുകള്‍ വരുത്തി. വലിയ ഭാരമുള്ളതായിരുന്നു വലയില്‍ കുടുങ്ങിയ വസ്തു. സാധനം കുടുങ്ങിയതോടെ വല കീറി. ഡെക്കില്‍ കയറ്റാന്‍ കഴിയാത്തത്ര വലുതായിരുന്നു. കണ്ടപ്പോള്‍ തന്നെ അതെന്താണെന്ന് മനസ്സിലായി. ഒരു വാണിജ്യ വിമാനത്തില്‍ നിന്നുള്ള ചിറകോ അല്ലെങ്കില്‍ വിമാനത്തിന്റെ വലിയൊരു ഭാഗമോ ആയിരുന്നു അത്. വെളുത്ത നിറമായിരുന്നു. സൈനിക ജെറ്റിന്റെയോ ചെറിയ വിമാനത്തിന്റെയോ ആയിരുന്നില്ല എന്നുറപ്പുണ്ട്. ഒമ്പതു വര്‍ഷം മുമ്പ് നടന്ന സംഭവമാണെങ്കിലും താന്‍ ചിറക് കണ്ടെത്തിയ സ്ഥലത്തിന്റെ വിവരം നല്‍കാന്‍ തനിക്ക് ഇപ്പോഴും കഴിയുമെന്ന് വിശ്രമജീവിതം നയിക്കുന്ന ഓള്‍വര്‍ പറയുന്നു.

 

Latest News