Sorry, you need to enable JavaScript to visit this website.

കോണ്‍ഗ്രസ് മാര്‍ച്ചിന് നേരെ പോലീസ് നടത്തിയത് ഏകപക്ഷീയ ആക്രമണമെന്ന് നേതാക്കള്‍, വേദിയിലേക്ക് പോലീസ് ഗ്രനേഡ് എറിഞ്ഞു

തിരുവനന്തപുരം - കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഡി ജി പി ഓഫീസ് മാര്‍ച്ചിന് നേരെ നടന്നത് പൊലീസിന്റെ ഏകപക്ഷീയ ആക്രമണമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. പിണറായി വിജയന്‍ വീണ്ടും പ്രതിപക്ഷത്തിനെതിരെ അക്രമത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. സമാധാനപരമായി പുരോഗമിച്ച ഡി ജി പി ഓഫീസ് മാര്‍ച്ചില്‍ വേദിയിലേക്ക് ടിയര്‍ ഗ്യാസ് സെല്‍ പൊട്ടിച്ച് പ്രകോപനം ഉണ്ടാക്കിയത് പോലീസാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.  പ്രവര്‍ത്തകര്‍ക്ക് നേരെ ജല പീരങ്കി പ്രയോഗിച്ചു. കെ പി സി സി പ്രസിഡന്റും പ്രതിപക്ഷ നേതാവും കെ.മുരളീധരന്‍, രമേശ് ചെന്നിത്തല എന്നിവരുള്‍പ്പെടെ നേതാക്കളും  ഇരുന്ന വേദിയിലേക്ക് ഗ്രനേഡ് എറിഞ്ഞത് പിണറായി വിജയന്റെ വധശ്രമം തന്നെയാണ്. കേരളത്തില്‍ നടക്കുന്നത് ജനാധിപത്യമല്ല, ഏകാധിപത്യമാണ്. ഈ ജനാധിപത്യവിരുദ്ധ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും തുടരാന്‍ അവകാശമില്ല. ശക്തമായ പ്രതിഷേധങ്ങള്‍ ഇനിയുമുണ്ടാകും.' പിണറായിക്കും ഗുണ്ടകള്‍ക്കും ജനങ്ങളുടെ ശബ്ദത്തെ അടിച്ചമര്‍ത്താനാകില്ലെന്നും കോണ്‍ഗ്രസ് പ്രസ്താവനയിലൂടെ പറഞ്ഞു.  വേദിയില്‍ സംസാരിച്ച് കൊണ്ടിരിക്കുമ്പോള്‍ ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിക്കുന്ന കിരാത നടപടിയാണ് പൊലീസ് കാണിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. പോലീസിനെ നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇതെല്ലാം നടന്നത്. ഇതുകൊണ്ടൊന്നും കോണ്‍ഗ്രസ് പിന്‍മാറില്ല. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോകില്ലെന്നും സംഭവത്തിന്റെ വീഡിയോ പങ്കുവച്ചു കൊണ്ട് സതീശന്‍ പറഞ്ഞു.

 

Latest News