ജീവനില്ലാത്ത ഗാസ പ്രമേയം ഒടുവില്‍ യു.എന്‍ രക്ഷാസമിതി അംഗീകരിച്ചു; സഹായം എത്തിക്കണം,ബന്ദികളെ വിട്ടയക്കണം

ന്യൂയോര്‍ക്ക്- അമേരിക്കയുടെ സമ്മര്‍ദത്തിന് വഴങ്ങി ഭേദഗതി വരുത്തിയ ഗാസ പ്രമേയം ഒടുവില്‍ യു.എന്‍. രക്ഷാസമിതി പാസാക്കി. ഗാസയില്‍ വെടിനിര്‍ത്താനാവശ്യപ്പെട്ട് കൊണ്ടുവന്ന പ്രമേയം കൂടുതല്‍ മാനുഷിക സഹായമെത്തിക്കാനെന്നു മാത്രമാക്കിയാണ് പാസാക്കിയത്.  15 അംഗ രക്ഷാസമിതിയില്‍ 13 രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തു.
ആരും എതിര്‍ത്തില്ല. അമേരിക്കയും റഷ്യയും വിട്ടുനിന്നു. റഷ്യ മുന്നോട്ടുവെച്ച ഭേദഗതി തള്ളി. സമവായത്തിലെത്താനാകാത്തതിനാല്‍ നാലുതവണ മാറ്റിവെച്ച പ്രമേയമാണ് വെള്ളിയാഴ്ച രക്ഷാസമിതിയില്‍ അവതരിപ്പിച്ചത്. വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയത്തിലെ വാചകങ്ങള്‍ മയപ്പെടുത്തിയാല്‍ പിന്തുണക്കാമെന്ന് അമേരിക്ക അറിയിച്ചിരുന്നു.
ഒടുവില്‍ യു.എ.ഇ കൊണ്ടുവന്ന പ്രമേയത്തില്‍നിന്ന് ഇസ്രായില്‍- ഫലസ്തീന്‍ ശത്രുതക്ക് അടിയന്തരവും സുസ്ഥിരവുമായ വിരാമമെന്ന വാചകം ഒഴിവാക്കി. പകരം സുരക്ഷിതവും തടസ്സമില്ലാത്തതുമായ മാനുഷിക സഹായം ഉടനടി അനുവദിക്കാനുള്ള അടിയന്തര നടപടികള്‍ക്കൊപ്പം ശത്രുത സുസ്ഥിരമായി അവസാനിപ്പിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക എന്നാക്കി മാറ്റുകയായിരുന്നു. എല്ലാ ബന്ദികളേയും വിട്ടയക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
വാചകങ്ങള്‍ മാറ്റുന്നതില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്നാണ് റഷ്യ അടക്കം ആവശ്യപ്പെട്ടിരുന്നത്. യാതൊരു തടസ്സവുമില്ലാതെ മാനുഷിക സഹായം ഗാസയില്‍ എത്തിക്കാന്‍ എല്ലാ കക്ഷികളും അനുവദിക്കണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെട്ടു.  വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന പ്രമേയം നേരത്തെ രണ്ടുതവണ യു.എസ് വീറ്റോ ചെയ്തിരുന്നു.
അതിനിടെ, ജബലിയയിലും ഖാന്‍ യൂനുസിലും ഇസ്രായേല്‍ സേന തുടരുന്ന ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു.

 

Latest News