VIDEO സിദ്ധരാമയ്യ ആഡംബര ജെറ്റില്‍; മോഡിക്ക് മാത്രം മതിയോ എന്നു മറുചോദ്യം

ബംഗളൂരു-ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് കണ്ടെത്തുന്നതിനായി ആഡംബര ജെറ്റില്‍ പറന്ന കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ,പി. വരള്‍ച്ച ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായാണ് സിദ്ധരാമയ്യ  ലക്ഷ്വറി ജെറ്റില്‍ ദല്‍ഹിയിലേക്ക് പോയത്. മന്ത്രിമാരായ സമീര്‍ അഹമ്മദ്ഖാനും, കൃഷ്ണ ബൈര്‍ഖാനും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ഇവരുടെ ജെറ്റ് യാത്ര സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് ബി.ജെ.പിയുടെ വിമര്‍ശം. ധൂര്‍ത്തിന് ഒരുമുഖമുണ്ടെങ്കില്‍ അത് കര്‍ണാടക സര്‍ക്കാരായിരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ജി.വൈ വിജയേന്ദ്ര പറഞ്ഞു. കര്‍ണാടക മുഴുവന്‍ കടുത്ത വരള്‍ച്ചയില്‍ നട്ടം തിരിയുമ്പോഴും കര്‍ഷകര്‍ ദുരിതം അനുഭവിക്കുമ്പോഴും മുഖ്യമന്ത്രിക്ക് എങ്ങനെയാണ് ഇത്തരമൊരു യാത്ര നടത്താന്‍ കഴിയുകയെന്ന് അദ്ദേഹം ചോദിച്ചു.
വരള്‍ച്ച ബാധിച്ച കര്‍ഷകര്‍ക്ക് നല്‍കാന്‍ പണമില്ലെന്ന് പറയുന്ന സംസ്ഥാന സര്‍ക്കാരിന്റെ പക്കല്‍  മുഖ്യമന്ത്രിക്ക് പറക്കാനുള്ള  എല്ലാ ഫണ്ടുകളുമുണ്ടെന്ന് ബി.ജെ.പി നേതാവ് സി ടി രവി പറഞ്ഞു.
ആഡംബരയാത്രയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് ചോദിച്ചപ്പോള്‍ നരേന്ദ്രമോഡി ഏതുതരം വിമാനത്തിലാണ് യാത്ര ചെയ്യുന്നതെന്ന മറുചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്.  ആദ്യം അതുപറയൂ എന്നായിരുന്നു സിദ്ധരാമയ്യയുടെ മറുപടി. ദയവായി ഈ ചോദ്യങ്ങള്‍ ബി.ജെ.പിക്കാരോട് ചോദിക്കൂ. എന്തുകൊണ്ടാണ് മോഡി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത്? ബിജെപി നേതാക്കള്‍ മണ്ടത്തരം പറഞ്ഞുകൊണ്ടെയിരിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.

 

Latest News