Sorry, you need to enable JavaScript to visit this website.

രാഹുൽ എവിടെ മത്സരിക്കും

രാഹുൽ വയനാട്ടിൽ വീണ്ടും മത്സരിക്കുമോ... ചർച്ച കൊഴുക്കുകയാണ്. രാഹുൽ വരികയേ ചെയ്യരുതെന്ന് ഇന്ത്യ മുന്നണിയിലെ ഘടക കക്ഷിയായ സി.പി.എം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇക്കാര്യത്തിൽ കോൺഗ്രസിലും ഏകാഭിപ്രായമില്ല. ഏറ്റവുമൊടുവിൽ മുസ്‌ലിം ലീഗും രാഹുലിന്റെ വയനാടൻ സ്ഥാനാർഥിത്വത്തിൽ പുനരാലോചന ആവശ്യപ്പെട്ടിരിക്കുകയാണ്. രാഹുൽ എവിടെ നിന്നാലും ലോക്‌സഭയിൽ കടത്തില്ലെന്ന വാശിയിലാണ് ബി.ജെ.പി.

 

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും നിർണായകമാവുമെന്ന് കരുതുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി അഞ്ചു മാസം കൂടി മാത്രം. രാഷ്ട്രീയ പാർട്ടികളെല്ലാം തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്നുകഴിഞ്ഞു. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളിൽ മൂന്നു പ്രധാന സംസ്ഥാനങ്ങളിൽ മിന്നുന്ന വിജയം നേടിയ ആത്മവിശ്വാസവുമായി നരേന്ദ്ര മോഡിയുടെ മൂന്നാമൂഴത്തിനായുള്ള ഒരുക്കത്തിലാണ് ബി.ജെ.പി. മുഖ്യ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന് കർണാടകയിലും തെലങ്കാനയിലും നേടാൻ കഴിഞ്ഞ വിജയം ദക്ഷിണേന്ത്യയെ സംബന്ധിച്ച വിജയപ്രതീക്ഷ ഉണർത്തിയിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പ് വിജയത്തിന് അതു മാത്രം പോരാ. ഇന്ത്യ സഖ്യത്തിന്റെ രൂപീകരണം സൃഷ്ടിച്ച ആവേശം മങ്ങുകയും ചെയ്തു. എങ്കിലും സഖ്യവും തെരഞ്ഞെടുപ്പു ചർച്ചകളിലേക്ക് കടന്നിട്ടുണ്ട്.

മൂന്നാം വിജയത്തിന് സർവ അടവുകളും പയറ്റുമെന്ന സൂചന ബി.ജെ.പി ഇതിനകം നൽകിക്കഴിഞ്ഞു. പാർലമെന്റിനെപ്പോലും അപ്രസക്തമാക്കി നിയമ നിർമാണങ്ങളുടെ തിരക്കിലാണവർ. ജനാധിപത്യത്തിന്റെ മരണമണി മുഴങ്ങുന്ന ഏറ്റവും സുപ്രധാന ഭരണഘടനസ്ഥാപനമായി പാർലമെന്റ് മാറിക്കഴിഞ്ഞു. രാഹുൽ ഗാന്ധിയും മഹുവ മൊയ്ത്രയുമടക്കം ലോക്‌സഭയിൽ ബി.ജെ.പിക്കും പ്രധാനമന്ത്രി മോഡിക്കുമെതിരെ ആഞ്ഞടിക്കുന്ന നേതാക്കളെ അയോഗ്യതയിൽ കുരുക്കി നിശ്ശബ്ദരാക്കാൻ നടന്ന ശ്രമങ്ങൾ നാം കണ്ടതാണ്. ഇപ്പോൾ പ്രതിപക്ഷത്തെ ഒന്നടങ്കം സഭയിൽനിന്ന് പുറത്താക്കിയാണ് സർക്കാർ ജനാധിപത്യം നടപ്പാക്കുന്നത്.

ഭാരത് ജോഡോ യാത്രയും ഇന്ത്യ സഖ്യ രൂപീകരണവും സൃഷ്ടിച്ച ആശങ്ക മറികടന്നെന്ന സൂചനയാണ് ബി.ജെ.പി നൽകുന്നത്. വരുന്ന തെരഞ്ഞെടുപ്പിൽ ലോക്‌സഭയിലേക്ക് കടത്തില്ലെന്ന് ബി.ജെ.പി വാശിപിടിക്കുന്ന ചില എം.പിമാരുണ്ട്. അവരിൽ പ്രധാനിയാണ് രാഹുൽ ഗാന്ധി. നിരന്തരം നരേന്ദ്ര മോഡി-അദാനി ബന്ധത്തെക്കുറിച്ചുള്ള രാഹുലിന്റെ വാക്ശരങ്ങൾ ബി.ജെ.പിയെ അസ്വസ്ഥമാക്കി. അതിനുള്ള ശിക്ഷയായിരുന്നു രാഹുലിന്റെ അയോഗ്യത. പഴയൊരു കേസ് കുത്തിപ്പൊക്കി അതിവേഗത്തിൽ കോടതിയുടെ തീർപ്പുണ്ടാക്കി രാഹുലിനെ ലോക്‌സഭയുടെ പുറത്തെത്തിക്കാൻ അവർക്കായി. സുപ്രീം കോടതിയുടെ ഇടപെടൽ രാഹുലിനെ വീണ്ടും സഭക്കകത്ത് എത്തിച്ചെങ്കിലും അടുത്ത തവണ അദ്ദേഹത്തെ ലോക്‌സഭ കാണിക്കാതിരിക്കാൻ അവർ സർവ അടവും പയറ്റും.

ഈ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി എവിടെയാണ് ഇത്തവണ മത്സരിക്കുകയെന്ന ചോദ്യം ഉയർന്നത്. കഴിഞ്ഞ തവണ അമേത്തിയിൽ രാഹുലിനെ എന്തു വില കൊടുത്തും പരാജയപ്പെടുത്താൻ ബി.ജെ.പി ശ്രമം തുടങ്ങിയതോടെയാണ് അപകടം മണത്ത കോൺഗ്രസ് അദ്ദേഹത്തിന് സുരക്ഷിത മണ്ഡലം അന്വേഷിക്കാൻ ആരംഭിച്ചത്. അന്വേഷണം വയനാട്ടിലെത്തി നിന്നു. കേരളം വമ്പിച്ച ആവേശത്തോടെയാണ് രാഹുലിനെ വരവേറ്റത്. കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ രാഹുൽ ലോക്‌സഭയിലെത്തി. കോൺഗ്രസ് ഭയന്നതു പോലെ അമേത്തിയിൽ അദ്ദേഹം പരാജയപ്പെടുകയും ചെയ്തു. 
ഇത്തവണയും രാഹുൽ വയനാട്ടിൽ മത്സരിക്കുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. ഇക്കാര്യത്തിൽ അദ്ദേഹം മനസ്സ് തുറന്നിട്ടില്ല. കോൺഗ്രസിൽ ഇക്കാര്യത്തിൽ ഭിന്നാഭിപ്രായമുണ്ടെന്നാണ് റിപ്പോർട്ടുകൾ. രാഹുൽ വയനാട്ടിൽ തന്നെ നിന്നാലും ബി.ജെ.പി അദ്ദേഹത്തെ പരാജയപ്പെടുത്താൻ ആഞ്ഞു ശ്രമിക്കും എന്നുറപ്പാണ്. വയനാട് സീറ്റിൽ കഴിഞ്ഞ തവണ മത്സരിച്ച ബി.ഡി.ജെ.എസിൽനിന്ന് സീറ്റ് ബി.ജെ.പി തിരിച്ചെടുക്കുമെന്ന് കെ. സുരേന്ദ്രൻ സൂചിപ്പിച്ചു കഴിഞ്ഞു. അങ്ങനെയെങ്കിൽ ദേശീയ തലത്തിൽ തന്നെ പ്രമുഖരായ ആരെയെങ്കിലും വയനാട്ടിൽ അവർ രാഹുലിനെതിരെ നിർത്തിക്കൂടായ്കയില്ല. അമേത്തിയിൽ അദ്ദേഹത്തെ പരാജയപ്പെടുത്തിയ സ്മൃതി ഇറാനി തന്നെ ആ വെല്ലുവിളി ഏറ്റെടുക്കാനും സാധ്യതയുണ്ട്. രാഹുലാണ് വയനാട്ടിലെങ്കിൽ തീപ്പാറുന്ന മത്സരം തന്നെയാവുമെന്നുറപ്പാണ്.
പക്ഷേ കേരള രാഷ്ട്രീയത്തിലെ സങ്കീർണ സ്ഥിതിഗതികൾ രാഹുലിന്റെ വയനാടൻ സ്ഥാനാർഥിത്വത്തിന് വെല്ലുവിളി ഉയർത്തിയിട്ടുണ്ട്. ഇടതുപക്ഷമോ സി.പി.എമ്മോ രാഹുൽ വയനാട്ടിൽ വരാൻ ആഗ്രഹിക്കുന്നില്ല. കേരളത്തിൽ പരസ്പരം എതിരാളികളാണെങ്കിലും ദേശീയ തലത്തിൽ രൂപപ്പെട്ട ഇന്ത്യ സഖ്യത്തിലെ ഘടക കക്ഷികളാണ് കോൺഗ്രസും സി.പി.എമ്മും സി.പി.ഐയുമെല്ലാം. രാഹുൽ കേരളത്തിൽ മത്സരിച്ചാൽ അതിന്റെ ആവേശം ഇതര മണ്ഡലങ്ങളിലും അലയടിക്കുമെന്നും അത് ഇടതുമുന്നണിക്ക് പ്രതികൂലമാകുമെന്നുമാണ് അവരുടെ ഭയം. കേരളത്തിൽ നിന്നാണ് സി.പി.എമ്മിന് ലോക്‌സഭയിലേക്ക് കുറച്ചു സീറ്റുകൾ കിട്ടേണ്ടത്. കഴിഞ്ഞ തവണത്തെ കൂട്ടപരാജയം സി.പി.എമ്മിന് ഏൽപിച്ച ആഘാതം ചില്ലറയല്ല. പശ്ചിമ ബംഗാളോ ത്രിപുരയോ സി.പി.എമ്മിനെ കൈയേൽക്കില്ല. രാഹുൽ  വയനാട്ടിൽ മത്സരിച്ചാൽ സി.പി.എം ഇത്തവണയും ലോക്‌സഭയിൽ രണ്ടോ നാലോ അംഗങ്ങളുമായി ഇരിക്കേണ്ടിവരും.
തൃണമൂലും സി.പി.എമ്മും ഇന്ത്യ സഖ്യത്തിലെ അംഗങ്ങളാണെങ്കിലും കടുത്ത ശത്രുതയിലാണ് ഇരുകൂട്ടരും. അതിനാൽ തന്നെ ബംഗാളിൽ എത്ര സീറ്റുകളിൽ മത്സരിക്കാമെന്നോ വിജയിക്കാമെന്നോ സി.പി.എമ്മിന് ഒരു പിടിയുമില്ല. കേരളത്തിലെയും ബംഗാളിലെയും രാഷ്ട്രീയ സാഹചര്യങ്ങളുടെ സവിശേഷതകൾ മൂലം ഇന്ത്യ സഖ്യത്തിന്റെ സീറ്റ് നിർണയ പരിപാടി ഇവിടങ്ങളിൽ നടക്കില്ല. ബംഗാളിൽ തൃണമൂലും സി.പി.എമ്മും പരസ്പരം മത്സരിക്കുമെന്നുറപ്പാണ്. കോൺഗ്രസുമായി നേരിട്ട് ഏറ്റുമുട്ടി ഏതാനും സീറ്റുകൾ പിടിച്ചെടുക്കാമെന്ന സി.പി.എമ്മിന്റെ മോഹത്തിനാണ് രാഹുലിന്റെ വരവ് പാരയാകുന്നത്.
ഇതാണ് രാഹുലിന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച ചർച്ചകളിൽ കോൺഗ്രസിലും അനിശ്ചിതത്വം സൃഷ്ടിക്കുന്നത്. സി.പി.എമ്മിനെ അമ്പേ തറപറ്റിക്കണമെന്ന് ആഗ്രഹിക്കുന്ന കേരളത്തിലെ കോൺഗ്രസ് നേതാക്കൾ രാഹുൽ വയനാട്ടിൽ വരണമെന്നാഗ്രഹിക്കുന്നു. കേരളത്തിന്റെ ചുമതലയുള്ള താരീഖ് അൻവറും അവരോടൊപ്പമാണ്. എന്നാൽ ഇന്ത്യ സഖ്യത്തിന്റെ വിശാലമായ താൽപര്യങ്ങൾ കൂടി പരിഗണിക്കാൻ ബാധ്യതയുള്ള കെ.സി. വേണുഗോപാൽ അടക്കമുള്ള നേതാക്കൾ ഇക്കാര്യത്തിൽ പുനരാലോചന വേണമെന്ന ഭാഗക്കാരാണ്. കർണാടകയിലോ മറ്റോ കോൺഗ്രസിന്റെ ഒരു സുരക്ഷിത മണ്ഡലം രാഹുലിനായി നീക്കിവെച്ച് സി.പി.എമ്മിന്റെ ആശങ്ക പരിഹരിക്കാനുള്ള നിർദേശം അവരുടെ പരിഗണനയിലാണ്.
ഇതിനിടയിൽ ഏറ്റവും ഒടുവിൽ മുസ്‌ലിം ലീഗ് നടത്തിയ അഭിപ്രായ പ്രകടനം സി.പി.എം ആശങ്കയുടെ ആഴം വെളിവാക്കുന്നതാണ്. സമീപകാലത്തായി എതിരാളികളായ സി.പി.എമ്മിനോട് ലീഗിലെ ഒരു വിഭാഗത്തിന് മൃദുസമീപനമാണെന്ന് ആരോപണമുണ്ട്. രാഹുലിന്റെ സ്ഥാനാർഥിത്വ കാര്യത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി നടത്തിയ അഭിപ്രായ പ്രകടനം സി.പി.എമ്മിനോട് ചേർന്നു നിൽക്കുന്നതാണ്. പതിവുപോലെ കൃത്യമായ ഒരു നിലപാട് പറയുന്നതിന് പകരം, കാര്യം എല്ലാവർക്കും മനസ്സിലാകത്തക്ക രീതിയിൽ ഭംഗ്യന്തരേണയുള്ള അഭിപ്രായമാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. രാഹുലിന്റെ വയനാട് സ്ഥാനാർഥിത്വ വിഷയം കോൺഗ്രസ് വിലയിരുത്തണമെന്ന് മാത്രമേ കുഞ്ഞാലിക്കുട്ടി പറഞ്ഞുള്ളൂ. സംഗതി വ്യക്തമാണ്. 
ഇക്കാര്യത്തിൽ ലീഗിന്റെ അഭിപ്രായത്തിന് വലിയ പ്രസക്തിയുണ്ട്. കാരണം വയനാട് ലീഗിന് നല്ല സ്വാധീനമുള്ള മണ്ഡലമാണ്. വയനാട് ലോക്‌സഭ സീറ്റിലെ ചില നിയമസഭ മണ്ഡലങ്ങൾ മലപ്പുറം ജില്ലയുടെ ഭാഗമാണ്. ലീഗിന്റെ പരിപൂർണ പിന്തുണയില്ലെങ്കിൽ ഇവിടെ കാര്യങ്ങൾ കുഴയും. അതിനാൽ തന്നെ അവരുടെ അഭിപ്രായം കോൺഗ്രസിന് പരിഗണിക്കാതിരിക്കാൻ കഴിയില്ല. കഴിഞ്ഞ തവണ വയനാട്ടിലേക്ക് രാഹുൽ വരുമ്പോൾ ഹൃദയം തുറന്നുള്ള സ്വീകരണമാണ് ലീഗ് നൽകിയത്. എന്നാൽ ഇത്തവണ അതായിരിക്കില്ല സ്ഥിതിയെന്ന സൂചനയാണ് കുഞ്ഞാലിക്കുട്ടി നൽകുന്നത്. 

കഴിഞ്ഞ തവണ രാഹുൽ വയനാട്ടിൽ വരുന്നതിനെ ഇ.കെ സുന്നി വിഭാഗം എതിർത്തിരുന്നു. അവിടെ ആദ്യം നിശ്ചയിച്ച ടി. സിദ്ദീഖിനെ മാറ്റി രാഹുലിനെ സ്ഥാനാർഥിയാക്കിയാൽ ലോക്‌സഭയിലെ മുസ്‌ലിം പ്രാതിനിധ്യം കുറയുമെന്ന ആശങ്കയാണ് അവർ പങ്കുവെച്ചത്. ഇത്തവണ ഇ.കെ വിഭാഗത്തിലെ പല നേതാക്കളും സി.പി.എമ്മിനോട് കൂടുതൽ അടുത്തു നിൽക്കുന്ന സാഹചര്യമുള്ളതിനാൽ സമാന നിലപാട് അവരും സ്വീകരിച്ചുകൂടായ്കയില്ല. അത് മുസ്‌ലിം ലീഗിൽ സൃഷ്ടിക്കുന്ന സമ്മർദം കടുത്തതായിരിക്കും.

എന്തു തന്നെയായാലും രാഹുൽ ഗാന്ധി അടുത്ത ലോക്‌സഭയിലുമുണ്ടായിരിക്കേണ്ടത് ജനാധിപത്യ വാദികളുടെ ആഗ്രഹവും ആവശ്യവുമാണ്. വയനാട് മണ്ഡലം അദ്ദേഹത്തെ സംബന്ധിച്ച് സുരക്ഷിതമായിരിക്കും എന്നുമുറപ്പാണ്. ഈ സാഹചര്യത്തിൽ രാജ്യത്തിന്റെ വിശാല താൽപര്യങ്ങൾ മുന്നിൽ വെച്ചുള്ള നിലപാട് സ്വീകരിക്കാൻ മതേതര രാഷ്ട്രീയ പാർട്ടികൾ തയാറാകണം. ഹിംസാത്മക ഹിന്ദുത്വത്തിനെതിരെ ജനാധിപത്യ പ്രതിരോധ ം തീർക്കാനുള്ള അവസരം നിക്ഷിപ്തമായ രാഷ്ട്രീയ താൽപര്യങ്ങൾക്കായി ബലികഴിക്കരുത്. സ്ഥാനാർഥി നിർണയ ചർച്ച വരുമ്പോൾ ഇതായിരിക്കണം മാനദണ്ഡമാകേണ്ടതെന്നാണ് മാറ്റം ആഗ്രഹിക്കുന്നവരുടെയെല്ലാം അഭിപ്രായം.


 

Latest News