ഭർത്താവുമായി വേർപിരിഞ്ഞ അധ്യാപിക പ്ലസ് വൺ വിദ്യാർത്ഥിയുമായി ഒളിച്ചോടി; യുവതിക്കെതിരേ പോക്‌സോ കേസ്

കോയമ്പത്തൂർ / ചെന്നൈ - പ്ലസ് വൺ വിദ്യാർത്ഥിയുമായി ഒളിച്ചോടിയ അധ്യാപികയ്‌ക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. ചെന്നൈയിലെ ഷോളിങ്ങനല്ലൂരിലെ സ്വകാര്യ സ്‌കൂളിലെ 32-കാരിയായ അധ്യാപികയ്‌ക്കെതിരെയാണ് കേസെടുത്തത്.
  ഏതാനും വർഷം മുമ്പ് ഭർത്താവുമായി വേർപിരിഞ്ഞ ഹെപ്‌സിബയാണ് അധ്യാപികയെന്ന് പോലീസ് പറഞ്ഞു. സ്‌കൂളിലെ 17-കാരനുമായി ഇവർ പ്രണയത്തിലായിരുന്നുവെന്നാണ് സംസാരം. 
 ചൊവ്വാഴ്ച രാവിലെ സ്‌കൂളിലേക്ക് പോയ വിദ്യാർത്ഥി ഏറെ വൈകീട്ടും വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. തുടർന്ന് ആശങ്കയിലായ രക്ഷിതാക്കൾ തിരച്ചിൽ നടത്തുന്നതിനിടെയാണ് വിദ്യാർത്ഥി അന്നേദിവസം സ്‌കൂളിൽ തന്നെ എത്തിയിയിട്ടില്ലെന്ന് അറിഞ്ഞത്. തുടർന്നുള്ള അന്വേഷണത്തിലാണ് ടീച്ചറും വന്നില്ലെന്ന് വ്യക്തമായത്. ശേഷം കുടുംബത്തിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷിക്കുകയായിരുന്നു. 
 ഇരുവരുടെയും മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുളള അന്വേഷണത്തിൽ കോയമ്പത്തൂരിലെ കാരമടയിലുണ്ടെന്ന് തലമ്പൂർ പോലീസ് കണ്ടെത്തി. തുടർന്ന് പോലീസ് അവിടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരെയും ചെന്നൈയിലെത്തിച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പ്രതികരിച്ചു.
 വിനോദയാത്രയ്ക്കായാണ് കാരമടയിലെത്തിയതെന്നാണ് ടീച്ചറുടെ പ്രതികരണം. അധ്യാപികയ്‌ക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്ത് വൈദ്യപരിശോധയ്ക്ക് അയച്ചതായും പോലീസ് പറഞ്ഞു.
 

Latest News