ചാൾസ് സർവകലാശാലയിൽ വെടിവയ്പ്പിൽ 15 പേർ കൊല്ലപ്പെട്ടു; 11 പേർക്ക് ഗുരുതര പരുക്ക്, അക്രമിയെ ഏറ്റുമുട്ടലിലൂടെ വധിച്ചു

(പ്രാഗ്) ചെക്ക് റിപ്പബ്ലിക് - ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിലെ ചാൾസ് സർവ്വകലാശാലയിലുണ്ടായ വെടിവെപ്പിൽ 15 പേർ കൊല്ലപ്പെട്ടു. ജാൻ പാലച്ച് സ്‌ക്വയറിലെ ആർട്ട് ഡിപ്പാർട്ട്‌മെന്റിലാണ് വെടിവയ്പ്പുണ്ടായത്. നിരവധി പേർക്കു പരുക്കേറ്റ ആക്രമണത്തിൽ 11 പേർക്ക് ഗുരുതര പരുക്കുള്ളതായി പ്രാഗ് എമർജൻസി സർവീസ് വിഭാഗം അറിയിച്ചു. അക്രമിയെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതായി ചെക്ക് പോലീസ് പറഞ്ഞു.
 തോക്കുധാരി പെട്ടെന്ന് സർവകലാശാല കെട്ടിടത്തിലേക്ക് എത്തുകയും വെടിയുതിർക്കുകയുമായിരുന്നുവെന്ന് ആക്രണമത്തെ അതിജീവിച്ച വിദ്യാർത്ഥികൾ പറഞ്ഞു. നിരവധി വെടിയൊച്ചകൾ കേട്ടതോടെ തങ്ങൾ പരിഭ്രാന്തരായെന്നും ഇപ്പോഴും നടുക്കം വിട്ടുമാറിയിട്ടില്ലെന്നും സർവ്വകലാശാല അധികൃതർ പ്രതികരിച്ചു. 
അക്രമി സർവകലാശാലയിൽ കടന്നതായി അധികൃതർ വിദ്യാർത്ഥികളേയും സ്റ്റാഫിനേയും എമർജൻസി മെസേജുകളിലൂടെയും സൈറണിലൂടെയും അറിയിച്ചിരുന്നു. പോലീസെത്തി ഏറ്റുമുട്ടലിലൂടെ അക്രമിയെ വധിക്കുകയുമായിരുന്നു. 30-ൽ കൂടുതൽ പേർ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുണ്ടെന്നും അക്രമിയുടെ പ്രകോപനം സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.

Latest News