Sorry, you need to enable JavaScript to visit this website.

നവകേരള സദസ്സിനോട് കോണ്‍ഗ്രസിന് പക, തങ്ങള്‍ നാടിനെതിരാണെന്ന പ്രഖ്യാപനമാണ് അവര്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം - പുതിയ തലമുറ സര്‍ക്കാരിന് നല്‍കുന്ന വമ്പിച്ച പിന്തുണയില്‍ അസ്വസ്ഥരായവരാണ് നവകേരള സദസ്സിനെതിരെ പരാക്രമം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസ്സ് ആരംഭിച്ചപ്പോള്‍ മുതല്‍ കോണ്‍ഗ്രസും അവരുടെ യുവജന സംഘടനകളും തുടങ്ങിയ അക്രമ മനോഭാവം അതിന്റെ പ്രതിഫലനമാണ്. പ്രാരംഭഘട്ടത്തില്‍ വാഹനത്തിനു മുമ്പില്‍ ചാടി വീഴുകയായിരുന്നു മാര്‍ഗമെങ്കില്‍ പിന്നീട് ഒരു ഘട്ടത്തില്‍ ബസിന് നേരെ 'ഷൂ' എറിയുന്ന നിലയിലേക്കെത്തി. ഒടുവില്‍ ഈ അക്രമ മനോഭാവം നവകേരള സദസ്സുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന പ്രചരണ സാമഗ്രികളുടെ നേരെയായി. ഇന്നലെയും മിനിയാന്നുമായി തലസ്ഥാനത്ത് നൂറ് കണക്കിന് ബോര്‍ഡുകളും ബാനറുകളുമാണ് തകര്‍ത്തത്. പ്രചാരണ സാമഗ്രികള്‍ നശിപ്പിക്കുക, പൊലീസിന് നേരെ മുളകുപൊടിയും ഗോലിയും എറിയുക- അത്ര പകയാണ് നവകേരള സദസ്സിനോട് ഇവര്‍ക്കുള്ളത്. സാമൂഹ്യ വിരുദ്ധ മനോഭാവത്തില്‍ നിന്ന് ഉടലെടുത്ത ആക്രമണ മനോഭാവമാണ് ഇത്. തങ്ങള്‍ ഈ നാടിനെതിരാണ് എന്ന പ്രഖ്യാപനമാണ് ഇതിലൂടെ അവര്‍ നടത്തുന്നത്. ഇത്തരം നിലപാടുകള്‍ തിരുത്തി ഈ നാടിന്റെ മുന്നേറ്റത്തോടൊപ്പം ചേരണം എന്നാണ് അവരോട് അഭ്യര്‍ത്ഥിക്കാനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. പരാതി പരിഹാരവുമായി ബന്ധപ്പെട്ടു ഫലപ്രദമായി നടത്തി വരികയാണ്. ചീഫ് സെക്രട്ടറിയാണ് മോണിറ്റര്‍ ചെയ്യുന്നത്.ജില്ലകളില്‍ കളക്ടര്‍ക്കു പുറമെ ഒരു ഉദ്യഗസ്ഥനെ കൂടി നിയോഗിക്കും.സമയബന്ധിതമായി പരാതി പരിഹാരം പൂര്‍ത്തിയാക്കും. നവകേരള സദസ്സ് എല്‍ ഡി എഫ് പരിപാടിയല്ല, യു ഡി എഫിനെതിരെയുള്ള പരിപാടിയുമല്ല, നാടിന്റെ പരിപാടിയാണ്.ജനപങ്കാളിത്തം ബഹിഷ്‌കരിച്ചവര്‍ക്ക് ഷോക്കായിയെന്നും അതിന്റെ പരാക്രമമാണ് കാട്ടികൂട്ടന്നതെന്നും അദ്ദേഹം പറഞ്ഞു.

 

Latest News