കാസര്‍കോട്- പതിനാലുകാരിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ദമ്പതികള്‍ക്കെതിരെ പോലീസ് കേസെടുത്തു. പോക്‌സോ നിയമ പ്രകാരമാണ് കേസ്. പെണ്‍കുട്ടിയെ ബാലവേല ചെയ്യിപ്പിച്ചതായും പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. മലയോര പ്രദേശത്താണ് നാടിനെ നടുക്കിയ സംഭവം.
പെണ്‍കുട്ടി ക്ലാസ് മുറിയില്‍ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അധ്യാപിക വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തു വന്നത്.
പെണ്‍കുട്ടിയുടെ മാതാവ് കേസിലുള്‍പ്പെട്ട ദമ്പതികളുടെ വീട്ടിലാണ് ജോലി ചെയ്യുന്നത്. ഒമ്പതാം തരം വിദ്യാര്‍ഥിനിയായ മകളെയും യുവതിയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് വീട്ടുജോലിക്കായി നിര്‍ത്തുകയായിരുന്നു. ഈ വീട്ടില്‍ വെച്ചാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്.
ഗള്‍ഫിലുള്ള ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായും ഭാര്യ ഇതിന് സഹായം ചെയ്തതായുമാണ് കേസ്. യുവതി നഗ്നചിത്രങ്ങളും വീഡിയോയും കാട്ടി പെണ്‍കുട്ടിയെ സ്വവര്‍ഗ രതിക്കിരയാക്കിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.
പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തതോടെ യുവതി ഒളിവില്‍ പോയി. യുവതി ബംഗളൂരുവിലെ രഹസ്യ കേന്ദ്രത്തിലാണെന്നാണ് വിവരം. പെണ്‍കുട്ടിയുടെ പിതാവിന് ചെറിയ മാനസികാസ്വാസ്ഥ്യമുണ്ട്. മൂത്ത മകളെ വിവാഹം ചെയ്ത് അയച്ചിരുന്നു. കൗണ്‍സിലിംഗിന് വിധേയമാക്കിയ ശേഷം സ്വന്തം വീട്ടിലേക്ക് കുട്ടിയെ അയക്കാന്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ തയാറായപ്പോള്‍ തന്നെ വീട്ടിലേക്ക് അയക്കരുതെന്ന് പെണ്‍കുട്ടി അപേക്ഷിക്കുകയായിരുന്നു.
തുടര്‍ന്ന് പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയുടെ മാതാവില്‍നിന്ന് വിശദമായ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.






