കാഞ്ഞങ്ങാട്- കുശാല്‍ നഗറില്‍ 130 പവന്‍ സ്വര്‍ണാഭരണങ്ങളും 35,000 രൂപയും കവര്‍ച്ച ചെയ്തത് വീട്ടിനകത്തെ ഷെല്‍ഫ് കുത്തിത്തുറന്നിട്ടല്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. മൂന്ന് താക്കോലുകള്‍ ഉപയോഗിച്ച് ഇരുമ്പ് ഷെല്‍ഫ് തുറന്നാണ് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതെന്ന് പോലീസ് കണ്ടെത്തി.
പോളിടെക്നിക്കിന് പടിഞ്ഞാറു വശം പോളി-ഇട്ടമ്മല്‍ റോഡില്‍ പരേതനായ ആലി മുഹമ്മദിന്റെ വസതിയിലാണ് ഈ മാസം 12 ന് വന്‍ കവര്‍ച്ച നടന്നത്. തേങ്ങ പൊതിക്കുന്ന ഇരുമ്പ് പാര കൊണ്ട് ഷെല്‍ഫ് കുത്തിത്തുറന്നുവെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ ഇരുമ്പ് പാര കൊണ്ട് ഷെല്‍ഫ് പൊളിക്കാന്‍ കഴിയില്ലെന്നും കവര്‍ച്ചക്കാര്‍ മറ്റേതോ ആധുനിക ഉപകരണം ഉപയോഗിച്ചാണ് ഷെല്‍ഫ് തുറന്നതെന്നും സൂചനയുണ്ടായിരുന്നു. തുടര്‍ന്ന് വിദഗ്ധരെ കൊണ്ട് നടത്തിയ പരിശോധനയിലാണ് ഷെല്‍ഫ് തുറന്നത് താക്കോലുപയോഗിച്ചു തന്നെയാണെന്ന് കണ്ടെത്തിയത്.
സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ച ഷെല്‍ഫിന്റെ താക്കോല്‍ വീട്ടുടമ സലീമിന്റെ മാതാവ് നഫീസത്തിന്റെ കൈവശമായിരുന്നു. കവര്‍ച്ച നടക്കുന്നതിന് രണ്ടു ദിവസം മുമ്പ് നഫീസത്ത് മകളുടെ തൈക്കടപ്പുറത്തുള്ള വസതിയിലേക്ക് പോയിരുന്നു. ഷെല്‍ഫിന്റെ താക്കോല്‍ വീട്ടിലെ കിടപ്പുമുറിയില്‍ തന്നെ സൂക്ഷിച്ചാണ് നഫീസത്ത് മകളുടെ വീട്ടില്‍ പോയത്. പിതൃസഹോദരന്റെ ഹജ് യാത്രയുമായി ബന്ധപ്പെട്ട് സലീമിന്റെ ഭാര്യ സുല്‍ഫാന ആവിയിലുള്ള സ്വന്തം വസതിയിലേക്കും രാത്രി 11ന് ശേഷം വീട് അടച്ചു പൂട്ടി സലീം ഭാര്യവീട്ടിലേക്കും പോയിരുന്നു. സലിം തിരിച്ചെത്തുന്നത് പിറ്റേന്ന് വൈകിട്ട് 4 മണിയോടെയാണ്. കവര്‍ച്ചക്കാര്‍ക്ക് ഒന്നര ദിവസത്തോളം സമയം ലഭിച്ചുവെന്ന് സാരം.
വീട്ടിന് പിറകിലെ തേങ്ങാപ്പുരയുടെ വാതില്‍ തകര്‍ത്ത് അതിനകത്തുണ്ടായിരുന്ന തേങ്ങ പൊതിക്കുന്ന ഇരുമ്പ് പാര കൊണ്ട് വീടിന്റെ അടുക്കളയോട് ചേര്‍ന്നുള്ള ഗ്രില്‍സും വാതിലുകളും കിടപ്പുമുറിയുടെ പൂട്ടുമൊക്കെ തകര്‍ത്താണ് കവര്‍ച്ചക്കാര്‍ വീട്ടിനകത്ത് കയറിയത്. യാതൊരു തെളിവും അവശേഷിപ്പിക്കാതെ നടത്തിയ കവര്‍ച്ചക്ക് പിന്നില്‍ പ്രൊഫഷണല്‍ സംഘമാണെന്ന് പോലീസ് ഉറപ്പിച്ചിട്ടുണ്ട്. എന്നാല്‍ കവര്‍ച്ചക്കാര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചിരിക്കാനുള്ള സാധ്യതയും പോലീസ് തള്ളുന്നില്ല.
രണ്ടുമാസം മുമ്പ് വിവാഹിതനായ സലിമിന്റെ ഭാര്യയുടെയും മാതാവ് നഫീസത്തിന്റെയും സ്വര്‍ണാഭരണങ്ങളാണ് കവര്‍ച്ചക്കാര്‍ കൊണ്ടുപോയത്. നാടിനെ നടുക്കിയ കവര്‍ച്ചക്ക് തുമ്പുണ്ടാക്കാന്‍ ഹൊസ്ദുര്‍ഗ് പോലീസ് കിണഞ്ഞു ശ്രമിക്കുന്നുണ്ട്. സംശയ സാഹചര്യത്തിലുള്ള ചില യുവാക്കളെ ചോദ്യം ചെയ്യാന്‍ പോലീസ് നാട്ടുകാരുടെ സഹായവും തേടി. പോലീസ് അന്വേഷണം തടസ്സപ്പെടുത്താനുള്ള എല്ലാ നീക്കവും ചെറുക്കാന്‍ നാട്ടുകാരും രംഗത്തിറങ്ങിയിട്ടുണ്ട്.