കൊട്ടിയൂര്‍ പീഡനക്കേസില്‍ വനിതാ എസ്.ഐയെ വിസ്തരിച്ചു

 തലശ്ശേരി- വൈദികനും കന്യാസ്ത്രീകളും പ്രതികളായ വിവാദമായ കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ വനിതാ എസ്.ഐ മല്ലിക, പ്രഥമ വിവര റിപ്പോര്‍ട്ട് തയാറാക്കിയ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സി.ഐക്ക് കൈമാറിയ എസ്.ഐ പ്രജീഷ് എന്നിവരെ വിസ്തരിച്ചു.
 
വിചാരണ നടപടി തിങ്കളാഴ്ചത്തേക്ക് മാറ്റിയെങ്കിലും സാക്ഷികള്‍ എത്തേണ്ടത് വയനാട് ജില്ലയില്‍ നിന്നായതിനാല്‍ വിചാരണ തടസ്സപ്പെട്ടേക്കും. ചൈല്‍ഡ് വെല്‍ഫെയര്‍ അംഗങ്ങളായ രണ്ടു പേരുള്‍പ്പെടെയുള്ള വയനാട് ജില്ലക്കാരായ സാക്ഷികളെയാണ് തിങ്കളാഴ്ച വിസ്തരിക്കാന്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്. കൊട്ടിയൂര്‍ കേസിന്റെ വിചാരണക്കിടെ മഴക്കെടുതിയെ തുടര്‍ന്ന് സാക്ഷികള്‍ക്ക് എത്തിപ്പെടാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് രണ്ട് ദിവസം തടസ്സപ്പെട്ടിരുന്നു.
ഓഗസ്റ്റ് ഒന്ന് മുതലാണ് കേസിന്റെ വിചാരണ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് പി.എന്‍ വിനോദ് മുമ്പാകെ ആരംഭിച്ചത്.

ഫാ.റോബിന്‍ വടക്കുഞ്ചേരി, കൊട്ടിയൂര്‍ നീണ്ടുനോക്കിയിലെ നെല്ലിയാനി തങ്കമ്മ, സിസ്റ്റര്‍ ലിസ്മരിയ, സിസ്റ്റര്‍ അനീറ്റ, വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി ബാലികാ മന്ദിരത്തിലെ സൂപ്രണ്ട് സിസ്റ്റര്‍ ഒഫീലിയ, വയനാട് ശിശുക്ഷേമ സമിതി മുന്‍ ചെയര്‍മാന്‍ ഫാ.തോമസ് തേരകം, ശിശുക്ഷേമ സമിതിയംഗം സിസ്റ്റര്‍ ബെറ്റി ജോസ് എന്നിവരാണ് കേസില്‍ ഇപ്പോള്‍ വിചാരണ നേരിടുന്ന പ്രതികള്‍. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍പ്രൊസിക്യൂട്ടര്‍ അഡ്വ.ബീന കാളിയത്ത്, പബ്ലിക് പ്രൊസിക്യൂട്ടര്‍ അഡ്വ. ബി.പി ശശീന്ദ്രന്‍, അഡീഷണല്‍ ഗവ. പ്ലീഡര്‍ അഡ്വ. സി.കെ.രാമചന്ദ്രന്‍ എന്നിവരാണ് ഹാജരാവുന്നത്.
 
 

Latest News