Sorry, you need to enable JavaScript to visit this website.

തെരഞ്ഞടുപ്പു തോൽവികളിൽനിന്ന് പാഠം പഠിച്ചു-ഖാർഗേ

തിരിച്ചുവരുമെന്ന് പ്രവർത്തകർക്ക് വാഗ്ദാനം

ന്യൂദൽഹി- അടുത്തിടെ അഞ്ചു സംസ്ഥാനങ്ങളിലേക്ക്  നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽനിന്ന് പാർട്ടി വിലപ്പെട്ട പാഠങ്ങൾ പഠിച്ചുവെന്നും 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പാർട്ടി പ്രവർത്തകരോട് അഭ്യർത്ഥിച്ചുവെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന കോൺഗ്രസ് പ്രവർത്തക സമിതിയുടെ (സി.ഡബ്ല്യു.സി) യോഗത്തിൽ സംസാരിക്കുകയായിരുന്നു ഖാർഗേ. തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി കിഴക്ക് നിന്ന് പടിഞ്ഞാറേക്ക് മറ്റൊരു ഭാരത് ജോഡോ യാത്ര നടത്തണമെന്ന് നിരവധി കോൺഗ്രസ് നേതാക്കൾ ആഗ്രഹിക്കുന്നു. എന്നാൽ അന്തിമ തീരുമാനം എടുക്കേണ്ടത് രാഹുൽ ഗാന്ധിയും കോൺഗ്രസ് പ്രവർത്തക സമിതിയുമാണെന്നും ഖാർഗേ പറഞ്ഞു. കോൺഗ്രസിന്റെ സമീപകാല തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷമുള്ള ആദ്യ പ്രവർത്തക സമിതി യോഗമാണിത്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ തെലങ്കാനയിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ ബിജെപി തൂത്തുവാരിയപ്പോൾ മിസോറാമിൽ സോറാം പീപ്പിൾസ് മൂവ്‌മെന്റ് വിജയിച്ചു. തെലങ്കാന ഒഴികെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നിരാശാജനകമാണെന്ന് ചൂണ്ടിക്കാട്ടിയ ഖാർഗെ, കോൺഗ്രസ് ഫലങ്ങളുടെ പ്രാഥമിക വിശകലനം നടത്തിയെന്നും തോൽവിക്ക് പിന്നിലെ കാരണങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പറഞ്ഞു.
തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും ഈ സംസ്ഥാനങ്ങളിലെ വോട്ട് വിഹിതം നൽകുന്ന സൂചന വളരെ നല്ലതാണ്. കൃത്യമായ ശ്രദ്ധ നൽകിയാൽ അടുത്ത തെരഞ്ഞെടുപ്പിൽ ഫലം അനുകൂലമാകും. പ്രതിപക്ഷ മുന്നണിയായ ഇന്ത്യയുമായുള്ള സീറ്റ് വിഭജന ചർച്ചകൾ ഉടൻ ആരംഭിക്കണമെന്ന് തീരുമാനിച്ചതായും ഖാർഗെ പറഞ്ഞു. ഇക്കാര്യത്തിൽ, വിവിധ സംസ്ഥാനങ്ങളിലെ വിവിധ പാർട്ടികളുമായി ബന്ധപ്പെടാൻ കോൺഗ്രസ് അഞ്ചംഗ സമിതിക്ക് രൂപം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് അധികം ദൂരമില്ല. ഞങ്ങൾക്ക് അധികം സമയമില്ല. വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പിന് ആവശ്യമായ നടപടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. പാർലമെന്റ് ഭരണകക്ഷിയുടെ മാത്രം വേദിയാക്കി മാറ്റാനാണ് രാജ്യസഭയിൽനിന്നും പ്രതിപക്ഷ എം.പിമാരെ സസ്‌പെന്റ് ചെയ്തത്. ചർച്ചകളോ സംവാദമോ കൂടാതെ സുപ്രധാന ബില്ലുകൾ ഏകപക്ഷീയമായി പാസാക്കി ജനാധിപത്യത്തെ ബി.ജെ.പി കഴുത്തു ഞെരിച്ച് കൊല്ലുന്നത് രാജ്യം മുഴുവൻ ഉറ്റുനോക്കുകയാണെന്നും ഖാർഗെ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനെപ്പോലുള്ള സ്ഥാപനങ്ങൾ ഏറ്റെടുക്കാൻ ബി.ജെ.പി ശ്രമിക്കുകയാണ്. ഭരണഘടനയെയും പാർലമെന്റിനെയും ജനാധിപത്യത്തെയും സർക്കാർ അപകടത്തിലാക്കിയിരിക്കുകയാണെന്നും ഖാർഗെ ആരോപിച്ചു. ഭരണഘടനയ്ക്ക് കീഴിലുള്ള തങ്ങളുടെ ബാധ്യതകൾ നിറവേറ്റുന്നതിൽ സർക്കാർ പരാജയപ്പെട്ടു. രാജ്യം മുഴുവൻ ഇത് നിരീക്ഷിക്കുകയാണെന്നും ഖാർഗേ പറഞ്ഞു. 

Latest News