VIDEO ടെല്‍അവീവിലേക്ക് 30 റോക്കറ്റുകള്‍; ഇസ്രായിലിനെ വിറപ്പിച്ച് വീണ്ടും ഹമാസ്

ടെല്‍അവീവ്- ഹമാസിന്റെ ശേഷി ഇല്ലാതാക്കിയെന്ന ഇസ്രായില്‍ സൈന്യത്തിന്റെ അവകാശവാദം തകര്‍ത്തുകൊണ്ട് മധ്യ ഇസ്രായിലില്‍ വീണ്ടും റോക്കറ്റാക്രമണം. മുപ്പതോളം റോക്കറ്റുകള്‍ തൊടുത്തുവെന്നും ചിലത് ടെല്‍അവീവില്‍ എത്തിയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മധ്യ ഇസ്രായിലിലും തെക്കന്‍ ഭാഗത്തും റോക്കറ്റുകള്‍ ആകാശത്തുവെച്ച് തടഞ്ഞു. ഗാസയില്‍നിന്ന് 80 കിലോമീറ്റര്‍ അകലെ കഫര്‍ സബക്ക് സമീപം എട്ട് തവണയെങ്കിലും വന്‍സ്‌ഫോടന ശബ്ദം കേട്ടുവെന്ന് ടൈംസ് ഓഫ് ഇസ്രായില്‍ ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തു.
ആക്രമണത്തിലൂടെ ഹമാസ് പോരാളികളുടെ റോക്കറ്റ് വിക്ഷേപിക്കാനുള്ള ശേഷി  തകര്‍ത്തുവെന്നാണ് ഇസ്രായില്‍ സൈന്യം അവകാശപ്പെട്ടിരുന്നത്.
ടെല്‍അവീവിലെ ഒരു സ്‌കൂളിന് റോക്കറ്റ് ഭാഗം വീണ്  കേടുപാടുകള്‍ സംഭവിച്ചെങ്കിലും വിദ്യാര്‍ഥികള്‍ സുരക്ഷതരാണെന്നും എല്ലാവരും ഉടന്‍ തന്നെ ബോംബ് ഷെല്‍ട്ടറില്‍ അഭയം തേടിയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ടെല്‍അവീവ് പ്രദേശത്ത് പാര്‍ക്കിലും റോഡുകളിലും റോക്കറ്റ് ഭാഗങ്ങള്‍ ചിതറി. പലര്‍ക്കും പരിക്കേറ്റതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ആര്‍ക്കും പരിക്കില്ലെന്ന് മാഗന്‍ ഡേവിഡ് അഡോം റെസ്‌ക്യൂ സര്‍വീസ് അറിയിച്ചു.
ഇസ്രായില്‍ ആക്രമണം പൂര്‍ണമായി നിര്‍ത്തിവെക്കുന്നതുവരെ 129 ബന്ദികളെ വിട്ടയക്കുന്നതിനായുള്ള ചര്‍ച്ചക്കില്ലെന്ന് ഹമാസ് വ്യക്തമാക്കിയതിനു തൊട്ടുപിന്നാലെയായിരുന്നു ഇസ്രായില്‍ സൈന്യത്തെ ഞെട്ടിച്ചുകൊണ്ടുള്ള റോക്കാറ്റാക്രമണം.

 

Latest News