Sorry, you need to enable JavaScript to visit this website.

കോളേജിൽ ക്രിസ്മസ് നക്ഷത്രം തൂക്കുന്നത് സംബന്ധിച്ച് തർക്കം; 15 കെ.എസ്.യു പ്രവർത്തകർക്ക് പരുക്ക്

കൊല്ലം - ക്രിസ്മസ് നക്ഷത്രം തൂക്കുന്നതുമായി ബന്ധപ്പെട്ട എസ്.എഫ്.ഐ - കെ.എസ്.യു തർക്കത്തിന് പിന്നാലെ ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിൽ വിദ്യാർത്ഥികളും പോലീസുമായി സംഘർഷം. സംഘർഷത്തിൽ 15 കെ.എസ്.യു പ്രവർത്തകർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. 
  കോളേജിൽ ആദ്യം കെ.എസ്.യു പ്രവർത്തകർ നക്ഷത്രം തൂക്കിയിരുന്നു. എന്നാൽ, ആ ഭാഗത്ത് കോളേജ് യൂണിയനാണ് നക്ഷത്രം ഉയർത്തേണ്ടതെന്ന വാദവുമായി എസ്.എഫ്.ഐ രംഗത്തെത്തിയതോടെ തർക്കമായി. തുടർന്ന് പ്രിൻസിപ്പലുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ ബുധനാഴ്ച തീരുമാനമെടുക്കാം എന്ന ധാരണയിൽ കെ.എസ്.യു പ്രവർത്തകർ തൂക്കിയ നക്ഷത്രം അഴിച്ചു മാറ്റി. എന്നാൽ ചർച്ചക്ക് മുമ്പേ അതേ സ്ഥലത്ത് എസ്.എഫ്.ഐക്കാർ നക്ഷത്രം തൂക്കി. ഇത് അഴിച്ചുമാറ്റാൻ എസ്.എഫ്.ഐയോ കോളജ് അധികൃതരോ നടപടി സ്വീകരിക്കാതെ വന്നപ്പോൾ അതിൽ പ്രകോപിതരായി കെ.എസ്.യു പ്രവർത്തകർ അതേസ്ഥലത്ത് വീണ്ടും നക്ഷത്രം തൂക്കുകയായിരുന്നു.
 തുടർന്ന് കോളേജിൽ അതിക്രമിച്ച് കയറി നക്ഷത്രം തൂക്കി എന്ന് ചൂണ്ടിക്കാട്ടി എട്ട് കെ.എസ്.യു പ്രവർത്തകരെ കോളേജിൽനിന്ന് സസ്‌പെൻഡ് ചെയ്യുകയായിരുന്നു. ഇതിലും പ്രിൻസിപ്പലിന്റെ ഏകപക്ഷീയ നടപടിയിലും പ്രതിഷേധിച്ച്, സസ്‌പെൻഡ് ചെയ്തവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു രംഗത്തുവരികയായിരുന്നു. തുടർന്ന് പോലീസുമായുണ്ടായ സംഘർഷത്തിൽ 15 കെ.എസ്.യു പ്രവർത്തകർക്ക് പരുക്കേൽക്കുകയാണുണ്ടായത്.

Latest News