തമ്പുകളുടെ നഗരി ഉണര്‍ന്നു; ഹജിന് സമാരംഭം

മക്ക- ആത്മവിശുദ്ധിയുടെ പാഥേയവുമായി അല്ലാഹുവിന്റെ വിളിക്കുത്തരമേകി ലോകത്തിന്റെ നാനാഭാഗത്തുനിന്നുമെത്തിയ തീര്‍ഥാടക ലക്ഷങ്ങളുടെ മിനാ പ്രയാണത്തോടെ പരിശുദ്ധ ഹജിന് സമാരംഭം. ഇനിയുള്ള അഞ്ചു ദിനങ്ങള്‍ മിന, അറഫ, മുസ്ദലിഫ എന്നീ പുണ്യസ്ഥലങ്ങള്‍ ഭക്തിനിര്‍ഭരമാകും. 1,75,025 ഇന്ത്യക്കാരുള്‍പ്പെടെ 20 ലക്ഷത്തിലേറെ പേരാണ് ഇക്കുറി ഹജ് നിര്‍വഹിക്കുന്നത്.

ഇഹ്‌റാമില്‍ പ്രവേശിച്ച ഹാജിമാര്‍ ഇന്നലെ മഗ്‌രിബ് നമസ്‌കാരാനന്തരം മിനായിലേക്ക് നീങ്ങി തുടങ്ങിയിരുന്നു. എങ്ങും ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്... എന്ന മന്ത്രധ്വനികള്‍.  ദുല്‍ഹജ് എട്ട് തര്‍വിയത്ത് ദിനത്തിലെ മിനായിലെ രാപ്പാര്‍പ്പോടെയാണ് അഞ്ചു ദിവസത്തെ  ഹജ് കര്‍മങ്ങള്‍ ആരംഭിക്കുന്നത്.

ഹജിന്റെ സുപ്രധാന കര്‍മമായ അറഫാ സംഗമം നാളെയാണ്. മിനായില്‍ കഴിയുന്ന ഹാജിമാര്‍ നാളെ പ്രഭാത നമസ്‌കാര ശേഷം അറഫയിലേക്ക് നീങ്ങും. തിരക്ക് കുറക്കാന്‍ രാത്രി മുതല്‍തന്നെ പ്രയാണം തുടങ്ങും. നാളെ സൂര്യാസ്തമയംവരെ അറഫയില്‍ കഴിയുന്ന ഹാജിമാര്‍ രാത്രിയോടെ മുസ്ദലിഫയിലെത്തി അവിടെ തങ്ങും. പിറ്റേന്ന് പ്രഭാത നമസ്‌കാരാനന്തരം മിനായില്‍ തിരിച്ചെത്തുന്ന അയ്യാമുത്തശ്‌രീഖിന്റെ മൂന്നു ദിനങ്ങള്‍കൂടി മിനായില്‍ തങ്ങിയാണ് ഹജ് കര്‍മങ്ങള്‍ പൂര്‍ത്തീകരിക്കുക.

വിദേശ ഹാജിമാരാണ് ഇന്നലെ രാത്രി തന്നെ മിനായിലെത്തി തുടങ്ങിയത്. ആഭ്യന്തര ഹാജിമാര്‍ ഇന്ന് രാവിലെ മുതലാണ് മിനായിലേക്ക് നീങ്ങുക. മിനായില്‍ ഇന്ത്യന്‍ ഹജ് മിഷന്‍ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. ഇന്ത്യയില്‍നിന്നുള്ള 1,75,025 തീര്‍ഥാടകരില്‍ 128154 തീര്‍ഥാടകര്‍ ഹജ് കമ്മിറ്റി വഴി  എത്തിയവരാണ്. ഇവരില്‍ 12000 പേര്‍ മലയാളികളാണ്. മറ്റുള്ളവര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയും. മിനാ തമ്പുകളിലെ പ്രവേശന പാസ്, അറഫ, മുസ്ദലിഫ, മിനാ യാത്രക്കുള്ള മശാഇര്‍ ട്രെയിന്‍ ടിക്കറ്റ്, ഭക്ഷണ കൂപ്പണുകള്‍ എന്നിവ നേരത്തെ തന്നെ ഇന്ത്യന്‍ ഹാജിമാര്‍ക്ക് ഹജ് മിഷന്‍ വിതരണം ചെയ്തിരുന്നു. ഹജ് കമ്മിറ്റി മുഖേന എത്തിയ ഹാജിമാരില്‍ പകുതിയോളം പേര്‍ക്ക് മശാഇര്‍ ട്രെയിന്‍ സൗകര്യം ലഭിച്ചിട്ടുണ്ട്. മറ്റുള്ളവരെ ബസുകളിലായിരിക്കും അറഫയിലേക്കും മുസ്ദലിഫയിലേക്കും തിരിച്ച് മിനയിലേക്കും കൊണ്ടുപോവുക.

അതീവ സുരക്ഷയാണ് ഹജ് കര്‍മങ്ങള്‍ നക്കുന്ന  പുണ്യ സ്ഥലങ്ങളിലെല്ലാം ഒരുക്കിയിട്ടുള്ളത്. അനധികൃത ഹാജിമാരെ തടയുന്നതിനും പിടികൂടുന്നതിനും പരിശോധന കര്‍ശനമാണ്. പിടികൂടന്നവരെ കര്‍ശന ശിക്ഷക്ക് വിധേയമാക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി.  പകര്‍ച്ചവ്യാധികള്‍ തടയുന്നതിനും കടുത്ത ചൂട് മൂലമുള്ള പ്രയാസങ്ങള്‍ അകറ്റുന്നതിനും ആവശ്യമായ മുന്‍കരുതലുകള്‍ ആരോഗ്യ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. ഹാജിമാരെ സഹായിക്കുന്നതിന് വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിലുള്ള ആയിരക്കണക്കിന് സന്നദ്ധ സേവകര്‍ പ്രവര്‍ത്തന സജ്ജരായിട്ടുണ്ട്.
 
 
 

Latest News