Sorry, you need to enable JavaScript to visit this website.

റിയാദ് ചേംബര്‍ ബോര്‍ഡ്: മത്സര രംഗത്ത് 14 വനിതകളടക്കം 102 പേര്‍, ഒരാള്‍ ഗള്‍ഫ് വ്യവസായി

റിയാദ് - റിയാദ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 102 പേര്‍ നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. ഇക്കൂട്ടത്തില്‍ പതിനാലു പേര്‍ വനിതകളാണ്. ഒരു ഗള്‍ഫ് വ്യവസായിയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. നാമനിര്‍ദേശ പത്രികകള്‍ തെരഞ്ഞെടുപ്പ് സൂപ്പര്‍വൈസറി കമ്മിറ്റി സൂക്ഷ്മ പരിശോധന നടത്തി വ്യവസ്ഥകള്‍ പൂര്‍ണമാണെന്ന് ഉറപ്പുവരുത്തി സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക ദിവസങ്ങള്‍ക്കുള്ളില്‍ പ്രഖ്യാപിക്കും. ഇതിനു ശേഷം തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും.
ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാകുന്നവര്‍ക്ക് ബിസിനസ് മേഖലയില്‍ പത്തു വര്‍ഷത്തില്‍ കുറയാത്ത പരിചയസമ്പത്ത് ഉണ്ടായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. ബാച്ചിലര്‍ ബിരുദമോ തത്തുല്യ ബിരുദമോ നേടിയവര്‍ക്ക് അഞ്ചു വര്‍ഷത്തില്‍ കുറയാത്ത പരിചയസമ്പത്ത് മതി. ചേംബര്‍ വരിസംഖ്യ കൃത്യമായി അടച്ചവരായിരിക്കണമെന്നും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനു മുമ്പ് ചുരുങ്ങിയത് മൂന്നു വര്‍ഷമെങ്കിലും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ കാലാവധിയോടെ പ്രാബല്യത്തിലുണ്ടായിരിക്കണമെന്നും മറ്റൊരു ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരിക്കരുതെന്നും സ്ഥാനാര്‍ഥികളുടെ കൂട്ടത്തില്‍ ബന്ധുവുണ്ടാകാന്‍ പാടില്ലെന്നും വ്യവസ്ഥകളുണ്ട്.

 

Latest News