Sorry, you need to enable JavaScript to visit this website.

യാത്ര അവസാനിക്കുമ്പോൾ

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരളത്തിലെ മുഴുവൻ മന്ത്രിമാരും ഒരുമിച്ച് നടത്തുന്ന നവകേരള യാത്ര തിരുവനന്തപുരത്ത് സമാപിക്കുമ്പോൾ അത് അക്ഷരാർഥത്തിൽ കൊട്ടിക്കലാശമായി മാറിയേക്കുമെന്ന സൂചനയാണിപ്പോൾ. കാസർകോട്ടുനിന്ന് ആരംഭിച്ച യാത്ര കണ്ണൂർ ജില്ലയിൽ പ്രവേശിച്ചപ്പോൾ മുതൽ കാണുന്ന കരിങ്കൊടി പ്രതിഷേധങ്ങളും പ്രതിഷേധക്കാർക്കെതിരായ ക്രൂരമായ ആക്രമണങ്ങളും അതിന്റെ പാരമ്യത്തിലെത്തിക്കഴിഞ്ഞു. അള മുട്ടിയാൽ ചേരയും കടിക്കുമെന്ന് പറഞ്ഞതുപോലെ ഒടുവിൽ യൂത്ത് കോൺഗ്രസുകാരും തിരിച്ചടിച്ചതോടെ തെരുവുയുദ്ധമായി മാറുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം കൊല്ലത്ത് കണ്ടത്. എന്തു വന്നാലും യാത്രക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തുമെന്ന് യൂത്ത് കോൺഗ്രസുകാരും പ്രതിഷേധിക്കുന്നവരെ തടയുമെന്നും മുഖ്യമന്ത്രിയുടെ ഭാഷയിൽ പറഞ്ഞാൽ 'ജീവൻരക്ഷ പ്രവർത്തനം' നടത്തുമെന്ന സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെയും നിലപാട് ഇങ്ങനെ തുടർന്നാൽ തലസ്ഥാനം വലിയൊരു കൊട്ടിക്കലാശത്തിനു തന്നെ സാക്ഷിയാവും.
എന്തു ലക്ഷ്യത്തിനു വേണ്ടിയാണോ മുഖ്യമന്ത്രിയും മന്ത്രിമാരും ഈ യാത്ര ആരംഭിച്ചത്, അതിന്റെ നേർവിപരീത ഫലമാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. യാത്രയുടെ ലക്ഷ്യങ്ങളായി പല സമയങ്ങളിൽ പല കാര്യങ്ങളാണ് സർക്കാർ പറഞ്ഞിരുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങൾ നേരിട്ട് കേട്ട് അവക്ക് പരിഹാരമുണ്ടാക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജനങ്ങളിലേക്ക് ഇറങ്ങുന്നു എന്നതാണ് യാത്രയെ കുറിച്ച് പ്രഖ്യാപിച്ച വേളയിൽ പറഞ്ഞ കാര്യം. കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ടെത്തി ജനങ്ങളിൽനിന്ന് പരാതികൾ സ്വീകരിച്ച്, ആവലാതികൾ കേട്ട് അവക്കെല്ലാം പരിഹാര നടപടികൾ കൈക്കൊള്ളുമെന്ന്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഏറ്റവും ജനകീയ നീക്കമായ ജനസമ്പർക്ക പരിപാടിക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള സാധാരണ ജനങ്ങൾക്ക് ഈ യാത്ര വളരെ പ്രതീക്ഷ നൽകുന്നതായി. അതുകൊണ്ടാണ് തങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം തേടി ഓരോ സദസ്സിലേക്കും ആയിരങ്ങൾ ഒഴുകിയെത്തിയതും. എന്നാൽ ഒരു സദസ്സിലും മുഖ്യമന്ത്രിയോ മന്ത്രിമാരോ ജനങ്ങളിൽനിന്ന് നേരിട്ട് പരാതികൾ സ്വീകരിച്ചില്ല, അവരുടെ പരിവേദനങ്ങൾ കേട്ടില്ല. പകരം ഉദ്യോഗസ്ഥർ ഇരിക്കുന്ന വിവിധ കൗണ്ടറുകളിൽ എത്തി നിവേദനങ്ങളും പരാതികളും സമർപ്പിക്കാനായിരുന്നു നിർദേശം. ഇങ്ങനെ ചെയ്യാനായിരുന്നെങ്കിൽ മുഖ്യമന്ത്രിയും മന്ത്രിപ്പടയും ഇത്ര കോലാഹലം സൃഷ്ടിച്ച് വരേണ്ടതില്ലായിരുന്നല്ലോ. ഓഫീസുകളിൽ കയറിയിറങ്ങി മടുത്തവരായിരുന്നു നവകേരള സദസ്സിൽ മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്‌നങ്ങൾ പറയാനെത്തിയത്. എത്ര ഇരുട്ടിയാലും അവസാനത്തെ പരാതിക്കാരനെയും കേട്ടിട്ടേ താൻ പോവുകയുള്ളൂ എന്ന ഉമ്മൻ ചാണ്ടി ശൈലിയായിരുന്നു അവരുടെ പ്രതീക്ഷ.
ഈ സമയത്ത് യാത്രയുടെ ലക്ഷ്യത്തിന് പുതിയൊരു നിർവചനം വന്നു. സംസ്ഥാനത്തിന്റെ വികസനത്തെ കുറിച്ച് പൊതുജനങ്ങളിൽനിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കാൻ എന്ന്. അതും പക്ഷേ സാധാരണക്കാരിൽ നിന്നല്ല, പൗരപ്രമുഖരിൽനിന്ന്. ഓരോ ദിവസവും രാവിലെ അതത് പ്രദേശത്തെ രാഷ്ട്രീയ നേതാക്കളും ബിസിനസുകാരും വിവിധ സംഘടന നേതാക്കളും മറ്റു പ്രമാണികളുമടക്കമുള്ളവർക്ക് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമൊപ്പം പ്രാതൽ കഴിക്കാം, സംസാരിക്കാം. അതുവഴി സർക്കാരുമായി ബന്ധവും സ്വാധീനവും ഉണ്ടാക്കാം. ഓരോരുത്തരും വരുന്നത് വിഹിതമോ, അവിഹിതമോ ആയ അവരുടെ കാര്യങ്ങൾ നടപ്പാക്കിക്കിട്ടാനാണ്. നിയമ വിരുദ്ധമായതിനാൽ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചിരിക്കുന്നവയാണ് അവയിൽ പലതും. ഇത്തരം പ്രാതൽ സംവാദങ്ങളിൽ സംസ്ഥാനത്തിന്റെ വികസനത്തിന് എന്തെങ്കിലും വിലപ്പെട്ട നിർദേശങ്ങൾ ഉയർന്നുവന്നതായി വിവരമില്ല.
ഈ പരിപാടി വലിയ വിമർശനത്തിനിടയായതോടെ, യാത്രയുടെ ലക്ഷ്യം കേന്ദ്ര വിരുദ്ധ സമരമായി. കേരളത്തിന് അർഹമായ നികുതി വിഹിതം തടഞ്ഞുവെക്കുന്ന, കടമെടുപ്പ് പരിധി വെട്ടിക്കുറക്കുന്ന കേന്ദ്ര സർക്കാരിന്റെ നിലപാടിനെതിരെ ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് യാത്ര ലക്ഷ്യമെന്ന പുതിയ നിർവചനം വന്നു. കേന്ദ്രം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കേരളത്തെ ശ്വാസം മുട്ടിക്കുന്നുണ്ടെന്നതു ശരി തന്നെ. എന്നാൽ കേരളത്തിന് അർഹമായ നികുതി വിഹിതം നൽകിയിട്ടുണ്ടെന്നും കുടിശ്ശികയുള്ളത് കേരള സർക്കാർ കൃത്യമായ കണക്കുകൾ സമർപ്പിക്കാത്തതുകൊണ്ടാണെന്നുംകടമെടുപ്പ് പരിധിക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്  എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമായ വ്യവസ്ഥകൾ അനുസരിച്ചാണെന്നും പറഞ്ഞ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രംഗത്തെത്തി. ഇതുവരെ അതിനെ കണക്കുകൾ നിരത്തി ഖണ്ഡിക്കാനോ കേരളത്തിന്റെ ഭാഗം തികച്ചും ന്യായമാണെന്ന കാര്യം ജനങ്ങളെ ബോധ്യപ്പെടുത്താനോ മുഖ്യമന്ത്രിക്കോ ധനമന്ത്രിക്കോ കഴിഞ്ഞിട്ടില്ല. പകരം കേന്ദ്രം കേരളത്തിന് അർഹമായ 57,000 കോടി രൂപ പിടിച്ചുവെച്ചിരിക്കുന്നു എന്ന കാടടച്ച ആരോപണം ഉന്നയിക്കുകയാണ് അവർ. അതു തന്നെ സോഷ്യൽ മീഡിയയിലെ ഇടതു പോരാളികളും ആവർത്തിക്കുന്നു.
വാസ്തവത്തിൽ ഈ പറഞ്ഞവയൊന്നുമായിരുന്നില്ല നവകേരള യാത്രയുടെ യഥാർഥ ലക്ഷ്യം. ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടി എത്രത്തോളം ജനങ്ങളെ സ്വാധീനിച്ചിരുന്നു എന്ന് കേരളം തിരിച്ചറിഞ്ഞത് അദ്ദേഹത്തിന്റെ മരണ ശേഷമാണ്. ഇത് മനസ്സിലാക്കി പിണറായി സർക്കാരിന്റെ പ്രതിഛായ മെച്ചപ്പെടുത്താൻ സ്വീകരിച്ച ഉമ്മൻ ചാണ്ടി മോഡൽ പരിപാടിയായിരുന്നു നവകേരള യാത്ര. എന്നാൽ പിണറായി വിജയന് ഒരിക്കലും ഉമ്മൻ ചാണ്ടി ആവാൻ കഴിയില്ലെന്നും രണ്ടു പേരുടെയും സ്വഭാവം വിരുദ്ധ ധ്രുവങ്ങളിലാണെന്നും തിരിച്ചറിയാൻ ഈ യാത്രയുടെ അണിയറ ശിൽപികളിൽ ആർക്കും കഴിഞ്ഞില്ല. അതിന്റെ ദുരന്തമാണ് ഇപ്പോൾ അനുഭവിക്കുന്നത്.
വാസ്തവത്തിൽ ജനങ്ങൾക്ക് ഉപകാരമാവേണ്ടതും സർക്കാരിനെ കുറിച്ച് മതിപ്പ് വർധിക്കാൻ ഇടയാക്കേണ്ടതുമായിരുന്ന നവകേരള യാത്ര ഈ വിധം ദുരന്തമായി മാറിയതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനു മാത്രമാണ്. യാത്രയെ തുടക്കം മുതലേ എതിർത്തിരുന്ന പ്രതിപക്ഷം യാത്രയെ ബഹിഷ്‌കരിക്കുകയും ചെയ്തിരുന്നു. അത് കാര്യമാക്കാതെ യാത്രയുടെ പ്രഖ്യാപിത ലക്ഷ്യവുമായി മുന്നോട്ടു പോകേണ്ടതിനു പകരം ഉദ്ഘാടന ദിവസം മുതൽ പ്രതിപക്ഷത്തെ കടന്നാക്രമിക്കാനാണ് തന്റെ ഓരോ പ്രസംഗത്തിലും പത്രസമ്മേളനത്തിലും മുഖ്യമന്ത്രി ശ്രമിച്ചത്. പ്രതിപക്ഷത്തെ മാത്രമല്ല, മാധ്യമ പ്രവർത്തകരടക്കം സർക്കാരിനെ വിമർശിക്കുന്ന എല്ലവാരെയും അദ്ദേഹം ശകാരിച്ചു. 
പുള്ളിപ്പുലിയുടെ പുള്ളി മാഞ്ഞുപോവില്ലെന്ന് പറഞ്ഞതുപോലെ പിണറായി വിജയന്റെ സ്വഭാവത്തിനും മാറ്റം വരാൻ പോവുന്നില്ലല്ലോ. അതാണ് മുഖ്യമന്ത്രിയുടെ ബസിനു നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കണ്ണൂരിൽ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ ക്രൂരമായി ആക്രമിച്ചതിന് അദ്ദേഹം തീർത്ത ന്യായീകരണത്തിൽ കണ്ടത്. അക്രമികൾ നടത്തിയത് ജീവൻരക്ഷ പ്രവർത്തനമാണെന്നും അതിനിയും തുടരണമെന്നുമുള്ള പിണറായിയുടെ പ്രസ്താവന നവകേരള യാത്ര കണ്ട ഏറ്റവും വലിയ ട്രോൾ വിഷയമായി. രാഷ്ട്രീയമറിയാത്ത കൊച്ചു കുട്ടികൾക്കു പോലും പിണറായി വിജയൻ പച്ചക്കള്ളം പറയുന്നയാളാണെന്ന് മനസ്സിലാവാൻ ഇടവന്നു. എന്നിട്ടും അദ്ദേഹം പിന്മാറിയില്ലെന്ന് മാത്രമല്ല, അക്രമത്തെ നിരന്തരം ന്യായീകരിച്ചുകൊണ്ടേയിരുന്നു. അതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് അദ്ദേഹത്തിന്റെ അണികൾ പ്രതിഷേധക്കാരെ മുഴുവൻ കൈകാര്യം ചെയ്തു. ആലപ്പുഴയിൽ പോലീസ് പിടിച്ചുമാറ്റിയ പ്രതിഷേധക്കാരെ മുഖ്യമന്ത്രിയുടെ ഗൺമാന്മാർ വാഹനത്തിൽനിന്ന് ചാടിയിറങ്ങി വടികൊണ്ട് പൊതിരെ തല്ലുന്ന സ്ഥിതിയുണ്ടായി. മറ്റൊരാൾ ധൈര്യമുണ്ടെങ്കിൽ മുഖ്യമന്ത്രിയുടെ ബസ് കൊല്ലം കടയ്കലിൽ തടയാൻ വെല്ലുവിളിച്ചു. ആലപ്പുഴയിൽ ഡി.വൈ.എഫ്.ഐക്കാർ കോൺഗ്രസ് നേതാവിന്റെ വീടു കയറി ആക്രമിച്ചു. അക്രമം ഈവിധം തുടർന്നാൽ തിരിച്ചടിയുണ്ടാവുമെന്ന കോൺഗ്രസ് നേതാക്കളുടെ വെല്ലുവിളിയും വന്നു. അതാണിപ്പോൾ തെരുവുയുദ്ധത്തിൽ എത്തിയിരിക്കുന്നത്.
വാസ്തവത്തിൽ മൂന്നോ നാലോ യൂത്ത് കോൺഗ്രസുകാർ നടത്തുന്ന കരിങ്കൊടി പ്രകടനത്തെ അവഗണിക്കുകയായിരുന്നു മുഖ്യമന്ത്രിയും സർക്കാരും ചെയ്യേണ്ടിയിരുന്നത്. ഓരോ സദസ്സിലും എത്ര പരാതികൾക്ക് പരിഹാരമുണ്ടാക്കി, എത്ര പേർക്ക് സഹായങ്ങൾ നൽകി എന്ന കാര്യത്തിൽ വിശദീകരണം നൽകുന്നതിലായിരുന്നു മുഖ്യമന്ത്രി ശ്രദ്ധ നൽകേണ്ടിയിരുന്നത്. പക്ഷേ കാര്യമായ പ്രശ്‌നപരിഹാരങ്ങളൊന്നും ഒരു സദസ്സിലുമുണ്ടായില്ല. സർക്കാരിന്റെ പ്രതിഛായ കൂടുതൽ മോശമാവുകയും ചെയ്തു എന്നതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. 

Latest News