മഞ്ചേരി- പ്രളയകാലത്ത് നന്മയുടെ പുതിയ സന്ദേശങ്ങളുമായി ആഘോഷങ്ങളെല്ലാം ചുരുക്കുന്ന കാഴ്ച്ചകളേറുന്നു. ഓണം, പെരുന്നാൾ ആഘോഷങ്ങളും വിവാഹസൽക്കാരങ്ങളുമെല്ലാം ഉപേക്ഷിച്ച് ആ തുക കൂടി ദുരിതാശ്വാസ പ്രവർത്തനത്തിനായി കൈമാറുകയാണ്. മഞ്ചേരി പുല്ലൂർ കരുവമ്പ്രം അബ്ദുറഹിമാനാണ് തന്റെ മകൻ സജീദ് അജ്മലിന്റെ വിവാഹസൽക്കാര ചടങ്ങ് ഉപേക്ഷിച്ച് തുക ഫണ്ടിലേക്ക് കൈമാറുന്നത്. അടുത്ത മാസം ഒൻപതിനാണ് വിവാഹസൽക്കാരം നിശ്ചയിച്ചിരുന്നത്. പുളിക്കൽ പറവൂർ അബ്ദുൽ അസീസിന്റെ മകൾ ശഹ്മയാണ് വധു.   
വിവാഹസൽക്കാരം മുൻകൂട്ടി നിശ്ചയിച്ചതിൽനിന്ന് വിഭിന്നമായി തൊട്ടടുത്ത അഞ്ചോ ആറോ അയൽവീടുകളിലും വളരെ അടുത്ത കുടുംബാംഗങ്ങളിലും മാത്രമായി പരിമിതപ്പെടുത്തുകയാണെന്ന് അബ്ദുറഹ്മാൻ പറഞ്ഞു. ഉമ്മയും സഹോദരങ്ങളും മക്കളും കുടുംബാംഗങ്ങളുമെല്ലാം ഈ ആശയത്തെ പിന്തുണച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. കൂട്ടുകാരെയും ബന്ധുക്കളെയുമെല്ലാം വിവാഹത്തിന് ക്ഷണിച്ചിരുന്നു.ദുരിതമനുഭവിക്കുന്ന അനേകായിരങ്ങൾക്ക് ഈ സഹായം ഒന്നുമല്ലെന്നറിയാമെന്നും അണ്ണാറക്കണ്ണനും തന്നാലായത് എന്നാണല്ലോ. വിവാഹ ജീവിതത്തിലേക്ക് കാലെടുത്ത് വെക്കുന്ന മക്കളുടെ ഭാവി ജീവിതം വെളിച്ചം നിറഞ്ഞതാവട്ടെ എന്ന പ്രാർത്ഥനയോടെ-അബ്ദുറഹ്മാൻ പറഞ്ഞു. 

	
	




