ന്യൂയോര്‍ക്ക്- കൊറോണ വൈറസ് ജെ. എന്‍. 1 അമേരിക്കയില്‍ വേഗത്തില്‍ പടരുന്നതായി റിപ്പോര്‍ട്ട്. ശ്വാസകോശത്തെ ഗുരുതരമായി ബാധിക്കുന്ന പകര്‍ച്ചവ്യാധിയാണിത്. അവധിക്കാലത്ത് രോഗവ്യാപനം രൂക്ഷമായേക്കുമെന്ന ആശങ്കയും പകര്‍ച്ചവ്യാധി നിയന്ത്രണ ഏജന്‍സി പങ്കുവെച്ചു.
2023 ഓഗസ്റ്റിലാണ് ജെ.എന്‍.1 ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇതുവരെ കുറഞ്ഞത് 41 രാജ്യങ്ങളിലേക്ക് രോഗം വ്യാപിച്ചിട്ടുണ്ട്.
യു. എസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ അഭിപ്രായത്തില്‍ ഇപ്പോള്‍ യു. എസില്‍ ഏറ്റവും വേഗത്തില്‍ വര്‍ധിക്കുന്ന വിഭാഗമാണ് ജെ. എന്‍.1. ഇത് നിലവില്‍ യു. എസിലെ എല്ലാ അണുബാധകളുടെയും അഞ്ചിലൊന്നില്‍ കൂടുതലായി വ്യാപിച്ചിട്ടുണ്ട്. വടക്കുകിഴക്കന്‍ മേഖലയിലെ പ്രബലമായ വേരിയന്റാണിതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.






