Sorry, you need to enable JavaScript to visit this website.

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് സോണിയക്കും ഖാർഗെയ്ക്കും ക്ഷണം; രാഷ്ട്രീയ മുതലെടുപ്പിന് ഗൂഢനീക്കം?

ന്യൂഡൽഹി - അയോധ്യയിലെ ബാബരി മസ്ജിദ് പൊളിച്ച് ഹിന്ദുത്വ രാഷ്ട്രീയത്തിന് എരിവുപകർന്ന സംഘപരിവാർ ശക്തികൾ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങും രാഷ്ട്രീയ ഗൂഢനീക്കങ്ങൾക്കുള്ള പാഠശാലയാക്കുമോ എന്നതിൽ പലർക്കും ആശങ്ക. നാളെ നടക്കുന്ന അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് പ്രതിപക്ഷ നേതാക്കൾ ഉൾപ്പെടെ പലരെയും ട്രസ്റ്റ് ക്ഷണിച്ചിട്ടുണ്ട്.
 കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവരെയെല്ലാം ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റാണ് ക്ഷണക്കത്ത് അയച്ചതെങ്കിലും ഇതിന് പിന്നിൽ കൃത്യമായ രാഷ്ട്രീയ താൽപര്യങ്ങളുണ്ടെന്നാണ് നേതാക്കളുടെ അനുമാനം. അതിനാൽ ചടങ്ങിലേക്ക് പോകണോ പോകേണ്ടേ എന്നതിൽ കോൺഗ്രസ് നേതാക്കളിൽ വ്യക്തതയായിട്ടില്ല. 
 ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്നാണ് പലരുടേയും വ്യക്തിപരമായ നിലപാടെങ്കിലും ഇത് രാഷ്ട്രീയ നേട്ടത്തിന് കരുവാക്കുമെന്നാണ് പലരുടെയും ആശങ്ക. സത്യത്തിൽ, ക്ഷണത്തിലെ ലക്ഷ്യം ചടങ്ങിലേക്ക് വരലല്ല, വരാതിരിക്കുന്നതിലൂടെയുള്ള രാഷ്ട്രീയ പ്രചാരണവും ലാഭവുമാണെന്നാണ് അണിയറയിലെ സംസാരം. എന്തായാലും വിശ്വാസികളും രാഷ്ട്രീയ കേന്ദ്രങ്ങളുമെല്ലാം പ്രതിപക്ഷ നേതാക്കൾ ക്ഷണത്തോട് എങ്ങനെ പ്രതികരിക്കുമെന്ന് കാതോർക്കുകയാണ്. രാജ്യത്തെ മതനിരേപക്ഷ പാരമ്പര്യങ്ങളെ വെല്ലുവിളിക്കുന്ന മോഡി സർക്കാറിനും സംഘപരിവാറിനുമെതിരേ ശക്തമായ നിലപാട് സ്വീകരിക്കുമ്പോഴും ഒരു ആരാധനലയമെന്ന നിലയ്ക്ക് ക്ഷണത്തെ നിരാകരിക്കേണ്ടതില്ലെന്നും മറ്റേതെങ്കിലും സന്ദർഭവും സാഹചര്യവും നോക്കി വിശ്വാസികളെ മാനിക്കണമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്തായാലും, സംഘപരിവാറിന്റെ മുതലെടുപ്പ് രാഷ്ട്രീയത്തിനെതിരെ കൂടുതൽ കൂടിയാലോചനകളിലൂടെ ഉചിതമായ തീരുമാനത്തിൽ എത്താം എന്നാണ് കോൺഗ്രസ് വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന വിവരം.

Latest News