Sorry, you need to enable JavaScript to visit this website.

ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായി; ചടങ്ങില്‍ സിദ്ധു പാക് സൈനിക മേധാവിയെ കെട്ടിപ്പിടിച്ചത് എന്തിന്?

ഇസ്ലാമാബാദ്- പാക് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയില്‍ നടന്ന ലളിതമായ ചടങ്ങളില്‍ പാക്കിസ്ഥാന്‍ തെഹ് രീകെ ഇന്‍സാഫ് (പി.ടി.ഐ) പാര്‍ട്ടി അധ്യക്ഷനും മുന്‍ ക്രിക്കറ്റ് ക്യാപ്റ്റനുമായ ഇമ്രാന്‍ ഖാന്‍ പുതിയ പ്രധാനമന്ത്രിയായി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ പി.ടി.ഐ പാക് ദേശീയ അസംബ്ലിയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. പരമ്പരാഗത വേഷമായ ശര്‍വാണി അണിഞ്ഞെത്തിയ 65കാരന്‍ ഇമ്രാന്‍ ഖാന് പ്രസിഡന്റ് മഅ്മൂന്‍ ഹുസൈനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍, ഉന്നത ഉദ്യോഗസ്ഥര്‍, മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍, ക്ഷണിക്കപ്പെട്ട അതിഥികള്‍ എന്നിവര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു. ഇമ്രാന്‍ ഖാന്റെ മൂന്നാം ഭാര്യ ബുഷ്‌റ ബീബിയും മുന്‍നിരയില്‍ ഉണ്ടായിരുന്നു. ഇന്ത്യയില്‍ നിന്ന് ഇമ്രാന്റെ സുഹൃത്തും മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിങ് സിദ്ധുവും ചടങ്ങില്‍ സംബന്ധിച്ചു. 

അതിനിടെ പാക്കിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ ഖമര്‍ ബജ്‌വയെ സിദ്ധു ആലിംഗനം ചെയ്തതിനെതിരെ ഇന്ത്യയില്‍ വിമര്‍ശനമുയര്‍ന്നു. സത്യപ്രതിജ്ഞാ ചടങ്ങിനിടെയായിരുന്നു ജനറല്‍ ബജ് വയുമായി കുശലം പറയുന്നതിനിടെ സിദ്ധു അദ്ദേഹത്തെ കെട്ടിപ്പിടിച്ചത്. എന്നാല്‍ ഇതിനു വ്യക്തമായ കാരണമുണ്ടെന്ന മറുപടിയുമായി കോണ്‍ഗ്രസ് നേതാവു കൂടിയായ സിദ്ധു രംഗത്തെത്തി. 2019-ലെ ഗുരു നാനാക്ക് 550-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് പാക്കിസ്ഥാനിലെ കര്‍തര്‍പൂരിലെ ഗുരുദ്വാര ദര്‍ബാര്‍ സാഹിബി ലേക്കുള്ള വഴി തുറന്നു കൊടുക്കാന്‍ പദ്ധതിയുണ്ടെന്ന് ജനറല്‍ ബജ്‌വ പറഞ്ഞപ്പോഴാണ് താന്‍ അദ്ദേഹത്തെ ആലിംഗനം ചെയ്തതെന്ന് സിദ്ധു പറഞ്ഞു. അദ്ദേഹം എന്നെ ഇങ്ങോട്ടു വന്ന് ആലിംഗനം ചെയ്യുകയായിരുന്നെന്നും സമാധാനമാണ് വേണ്ടതെന്ന് പറഞ്ഞതായും സിദ്ധു വ്യക്തമാക്കി.

Latest News