ക്രൗഡ് ഫണ്ടിംഗ്: 48 മണിക്കൂര്‍; കോണ്‍ഗ്രസ് നേടിയത് 2.81 കോടി രൂപ

ന്യൂദല്‍ഹി- ക്രൗഡ് ഫണ്ടിംഗ് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് നടത്തുന്ന ക്രൗഡ് ഫണ്ടിംഗ് കാംപയിന്‍ ആദ്യ 48 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ സംഭാവന ലഭിച്ചത് 2.81 കോടി രൂപ. 1.13 ലക്ഷം പേരാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ആ്ദ്യം സംഭാവന നല്‍കിയത്. 

പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തിങ്കളാഴ്ചയാണ് 1.38 ലക്ഷം രൂപ സംഭാവന നല്‍കി 'ഡൊണേറ്റ് ഫോര്‍ ദേശ്' എന്ന ക്രൗഡ് ഫണ്ടിംഗ് കാംപയിന്‍ ആരംഭിച്ചത്. പാര്‍ട്ടിക്ക് പണം നല്‍കാനുള്ള ഇടപാടുകളുടെ 80 ശതമാനവും യു. പി. ഐ വഴിയാണ് നടന്നത്. 

ഒരു ഭാഗത്ത് ക്രൗഡ് ഫണ്ടിംഗ് നടക്കുമ്പോള്‍ മറു ഭാഗത്ത് കോണ്‍ഗ്രസ് ആപ്പിനെതിരെ ശക്തമായ സൈബര്‍ ആക്രമണങ്ങളാണുണ്ടായത്. ഇരുപതിനായിരം സൈബര്‍ ആക്രമണങ്ങളെങ്കിലും നടന്നുവെന്നാണ് അധികൃതര്‍ പറുന്നത്. ഭൂരിഭാഗം ആക്രമണങ്ങളും നടന്നിരിക്കുന്നത് വിദേശ രാജ്യങ്ങളില്‍ നിന്നാണ്. 
 
മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും ഉള്‍പ്പെടെ 32 പേര്‍ ഒരു ലക്ഷത്തിലധികം രൂപ സംഭാവന നല്‍കി. ഖാര്‍ഗെക്കും രാഹുല്‍ ഗാന്ധിക്കും പുറമെ അശോക് ഗെലോട്ട്, സി. പി. ജോഷി, സുശീല്‍കുമാര്‍ ഷിന്‍ഡെ, ദേവേന്ദര്‍ യാദവ്, പവന്‍ ഖേര, ജയറാം രമേഷ്, നിരഞ്ജന്‍ പട്ടാനായക്, പരിണിതി ഷിന്‍ഡെ എന്നിവരും ഒരു ലക്ഷത്തിലധികം രൂപ സംഭാവന നല്‍കിയവരില്‍ ഉള്‍പ്പെടുന്നു.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഫണ്ട് കണ്ടെത്തുന്നതിന് ഗാന്ധി ഒപ്പിട്ട തൊപ്പികള്‍, മഗ്ഗുകള്‍, ടീ ഷര്‍ട്ടുകള്‍ തുടങ്ങിയ വില്‍പ്പന നടത്തുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. 

മഹാരാഷ്ട്ര 56 ലക്ഷം, രാജസ്ഥാന്‍ 26 ലക്ഷം, ഡല്‍ഹി 20 ലക്ഷം, ഉത്തര്‍പ്രദേശ് 19 ലക്ഷം, കര്‍ണാടക 18 ലക്ഷം രൂപ എന്നിവയാണ് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ സംസ്ഥാനങ്ങള്‍.
ബിഹാറില്‍ നിന്നും നിരവധി പേര്‍ സംഭാവന നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ തുക ചെറുതാണെന്നും പാര്‍ട്ടി നേതാവ് പറഞ്ഞു.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ 28ന് നാഗ്പൂരില്‍ നടക്കുന്ന റാലിയില്‍ ക്രൗഡ് ഫണ്ടിംഗ് ശക്തിപ്പെടുമെന്നും ഇതുവരെ ഒരു കോടിയിലധികം ആളുകള്‍ അപേക്ഷയില്‍ എത്തിയിട്ടുണ്ടെന്നും വൃത്തങ്ങള്‍ പറഞ്ഞു.

പ്രചാരണം ശക്തമാക്കാന്‍ കോണ്‍ഗ്രസ് ഉടന്‍ തന്നെ വിവിധ സംസ്ഥാനങ്ങളില്‍ നിരീക്ഷകരെ നിയമിക്കും. കോണ്‍ഗ്രസ് രൂപീകരണത്തിന്റെ 138-ാം വര്‍ഷത്തോടനുബന്ധിച്ചാണ് പ്രചാരണം ആരംഭിച്ചത്.
100 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1920-21 ല്‍ ആരംഭിച്ച മഹാത്മാഗാന്ധിയുടെ ചരിത്രപ്രസിദ്ധമായ 'തിലക് സ്വരാജ് ഫണ്ടില്‍' നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ സംരംഭമെന്ന് പാര്‍ട്ടി പറഞ്ഞു.

Latest News