ജാംഷഡ്പൂര്‍ നഗരം ടാറ്റയുടെ കൈകളിലേക്ക്

ന്യൂദല്‍ഹി- ടാറ്റ ഗ്രൂപ്പ് സ്ഥാപകന്‍ ജംഷഡ്ജി ടാറ്റ നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരമായ ജംഷഡ്പൂര്‍ ടാറ്റയുടെ കൈകളിലേക്ക്. ഇന്ത്യന്‍ ഭരണഘടനയുടെ പ്രത്യേക വ്യവസ്ഥകള്‍ പ്രകാരം 1.69 ദശലക്ഷം ജനസംഖ്യയുള്ള ജംഷഡ്പൂരിനെ വ്യാവസായിക ടൗണ്‍ഷിപ്പാക്കി മാറ്റുന്നതിന് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച അനുമതി നല്‍കി. കേന്ദ്ര സര്‍ക്കാരില്‍ നിന്നുകൂടി അനുമതി ലഭ്യമാവാനുണ്ട്. 

സുപ്രിം കോടതിയില്‍ ഇതിനെതിരെ അഞ്ചു വര്‍ഷമായി പൊതുതാത്പര്യ ഹര്‍ജി നിലവിലുണ്ടെങ്കിലും ജനുവരിയോടെ അക്കാര്യത്തില്‍ തീരുമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

ജംഷഡ്പൂരിന്റെ ചുമതല ടാറ്റ ഏറ്റെടുക്കുന്നതില്‍ പ്രദേശവാസികളില്‍ ചിലര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നുണ്ട്. തദ്ദേശ ഭരണത്തിന്റെ മേല്‍നോട്ടം വഹിക്കാന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പോലെ തെരഞ്ഞെടുക്കപ്പെട്ട ബോഡിയുണ്ടാകണമെന്നാണ് അവരുടെ ആവശ്യം. 

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി ലഭിക്കുന്നതോടെ ജംഷഡ്പൂര്‍ നഗരത്തിന്റെ മുഴുവന്‍ ഭരണവും ടാറ്റ സ്റ്റീല്‍ യൂട്ടിലിറ്റീസ് ഏറ്റെടുക്കും.

ജാര്‍ഖണ്ഡിലെ വലിയ നഗരങ്ങളിലൊന്നാണ് ടാറ്റ നഗര്‍ എന്നുകൂടി അറിയപ്പെടുന്ന ജംഷഡ്പൂര്‍. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Latest News