Sorry, you need to enable JavaScript to visit this website.

'ആൾക്കൂട്ട ആക്രമണത്തിന് വധശിക്ഷ, കേസിൽപെട്ടവർ ഹാജറായില്ലെങ്കിലും വിചാരണ'; ലോകസഭ കടന്ന ക്രിമിനൽ ബില്ലിൽ ശിപാർശ

- വിവാഹേതര ബന്ധവും സ്വവർഗരതിയും കുറ്റമാക്കണമെന്ന സ്റ്റാൻഡിങ് കമ്മിറ്റി നിർദേശം ബില്ലിൽ ഉൾപ്പെടുത്തിയില്ല
- രാജ്യദ്രോഹം, ഭീകരപ്രവർത്തനം എന്നിവയുടെ നിർവചനങ്ങളിൽ മാറ്റം വരുത്തി
ന്യൂഡൽഹി -
ക്രിമിനൽ നിയമങ്ങൾക്ക് പകരമായി ലോകസഭ ഇന്ന് പാസാക്കിയ പുതിയ ബില്ലുകളിലെ ഭേദഗതി പ്രകാരം ആൾക്കൂട്ട ആക്രമണത്തിന് ഇനി ലഭിക്കുക വധശിക്ഷ. പുതിയ ക്രിമിനൽ നിയമങ്ങളിൽ ആൾക്കൂട്ടാക്രമണത്തിന് വധശിക്ഷയാണ് ശിപാർശ ചെയ്തതെന്ന് ബിൽ അവതരിപ്പിച്ച കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. 
 രാജ്യദ്രോഹനിയമം ഒഴിവാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും രാജ്യത്തെ സ്വാതന്ത്ര്യസമര സേനാനികളെ ബ്രിട്ടീഷുകാർ ദീർഘകാലം ജയിലിലിട്ടത് ഈ നിയമത്തിന്റെ മറ പിടിച്ചായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. രാജ്യദ്രോഹനിയമം ബ്രിട്ടീഷുകാരാണുണ്ടാക്കിയത്. ഇതുപ്രകാരം ബാലഗംഗാധര തിലകൻ, മഹാത്മ ഗാന്ധി, സർദാർ പട്ടേൽ തുടങ്ങി നിരവധി നേതാക്കൾക്ക് വർഷങ്ങളോളം ജയിൽ കഴിയേണ്ടി വന്നിട്ടുണ്ട്. അതിനാൽ, രാജ്യദ്രോഹനിയമം മുഴുവനായും ഒഴിവാക്കുകയാണ്. എന്നാൽ, സർക്കാരിനെതിരായ കുറ്റകൃത്യം എന്നതിൽ നിന്ന് ഇനി രാജ്യത്തിനെതിരായ കുറ്റമായി രാജ്യദ്രോഹം മാറുമെന്നും അമിത് ഷാ പറഞ്ഞു. 
 രാജ്യദ്രോഹം, ഭീകരപ്രവർത്തനം എന്നിവയുടെ നിർവചനങ്ങളിലും മാറ്റം വരുത്തി. മൗലിക അവകാശങ്ങൾ സംരക്ഷിക്കലും നീതി ഉറപ്പാക്കലുമാണ് പുതിയ നിയമങ്ങളുടെ അടിസ്ഥാന ലക്ഷ്യമെന്നും അമിത് ഷാ അവകാശപ്പെട്ടു. 
  കൊളോണിയൽ ചിന്താഗതിയിൽ നിന്നും അടയാളങ്ങളിൽ നിന്നും രാജ്യത്തെ ജനങ്ങളെ മോചിപ്പിക്കുന്ന പുതിയ നിയമങ്ങൾ ഇന്ത്യൻ ചിന്താധാര അടിസ്ഥാനമാക്കിയാണ് നിർമിക്കപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു. കേസിൽപ്പെട്ട് രാജ്യത്തിന് പുറത്തുള്ളവർ 90 ദിവസത്തിനകം കോടതിക്കു മുമ്പാകെ ഹാജരായില്ലെങ്കിൽ അവരുടെ അസാന്നിധ്യത്തിലും വിചാരണ മുന്നോട്ടുകൊണ്ടുപോകുന്ന ട്രയൽ ഇൻ ആബ്ഷൻഷ്യ എന്ന വ്യവസ്ഥ പുതിയ നിയമപ്രകാരമുണ്ടാവും. കുറ്റവിമുക്തനാക്കാനുള്ള അപേക്ഷ സമർപ്പിക്കാൻ പ്രതിക്ക് ഏഴുദിവസത്തെ സമയം ലഭിക്കും. ഏഴ് ദിവസത്തിനകം ജഡ്ജി വാദം കേൾക്കണം. 120 ദിവസത്തിനകം കേസ് വിചാരണയ്ക്ക് വരും. കുറ്റകൃത്യം നടന്ന് 30 ദിവസത്തിനകം ഒരാൾ കുറ്റം സമ്മതിച്ചാൽ ശിക്ഷയിൽ കുറവ് വരുമെന്നും അമിത് ഷാ പറഞ്ഞു. ജാതിയുടെയോ ഭാഷയുടെയോ വ്യക്തിപരമായ വിശ്വാസത്തിന്റെയോ അടിസ്ഥാനത്തിൽ അഞ്ചോ അതിലധികമോ ആളുകളുടെ സംഘടിത കുറ്റകൃത്യം, തീവ്രവാദം, കൊലപാതകം എന്നിവ കുറ്റകൃത്യങ്ങളായും പുതിയ ബിൽ വ്യവസ്ഥ ചെയ്യുന്നു. കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമം തടയാൻ പ്രഥമ പരിഗണനയാണ് നൽകുന്നത്. സുപ്രീംകോടതി വധശിക്ഷ ശരിവച്ച് 30 ദിവസത്തിനകം ദയാഹർജി നല്കണമെന്നതടക്കമുള്ള വ്യവസ്ഥകളും ബില്ലിലുണ്ട്. 
 ഇന്ത്യയിലെ ക്രിമിനൽ നീതി സംവിധാനത്തിന്റെ പൊളിച്ചെഴുത്താണ് പുതിയ ബില്ലിലൂടെ ലക്ഷ്യമിട്ടതെന്നും നീതിക്കാണ് പുതിയ ബില്ലിൽ കൂടുതൽ ഊന്നൽ നൽകിയതെന്നും അഭ്യന്തരമന്ത്രി വാദിച്ചു. കഴിഞ്ഞ ആഗസ്ത് 11ന് അവതരിപ്പിച്ച മൂന്ന് ബില്ലുകളും പിൻവലിച്ച് ഭേദഗതി വരുത്തിയശേഷം പുതിയ ബില്ലുകളായി ഇന്ന് വീണ്ടും സഭയിൽ അവതരിപ്പിച്ച് പാസാക്കുകയാണുണ്ടായത്. 
ഐ.പി.സി, സി.ആർ.പി.സി, ഇന്ത്യൻ തെളിവ് നിയമം എന്നീ നിയമങ്ങളിൽ മാറ്റം വരുത്തി ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക സുരക്ഷാസംഹിത, ഭാരതീയ സാക്ഷ്യ ബില്ലുകളാണ് ലോകസഭ പ്രതിപക്ഷ എം.പിമാരുടെ അസാന്നിധ്യത്തിൽ ഇന്ന് തന്ത്രത്തിൽ പാസാക്കിയെടുത്തത്. 
 പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ശിപാർശ ചെയ്ത മാറ്റങ്ങൾ ബില്ലിൽ വരുത്തിയതായും 18 സംസ്ഥാനങ്ങൾ, ഏഴ് കേന്ദ്രഭരണ പ്രദേശങ്ങൾ, സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജിമാർ, 22 നിയമ സർവ്വകലാശാലകൾ എന്നിവരുമായി കൂടിയാലോചിച്ചാണ് കരട് തയ്യാറാക്കിയതെന്നും അമിത് ഷാ സഭയെ അറിയിച്ചു. എന്നാൽ, വിവാഹേതര ബന്ധം, സ്വവർഗരതി എന്നിവ ക്രിമിനൽ കുറ്റമാക്കണമെന്ന സ്റ്റാൻഡിങ് കമ്മിറ്റി നിർദേശം ബില്ലിൽ ഉൾപ്പെടുത്തിയിട്ടില്ല.

Latest News