തിരുവനന്തപുരം- ശബരിമല വിമാനത്താവള പദ്ധതിയ്ക്കായി 2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള നടപടി സ്വീകരിക്കാന്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ അനുമതി നല്‍കി. ഹാരിസണ്‍ മലയാളം കമ്പനി ബിലീവേഴ്‌സ് ചര്‍ച്ചിന് വിറ്റ ചെറുവള്ളി എസ്റ്റേറ്റിലാണ് വിമാനത്താവളം നിര്‍മിക്കുന്നത്.
എരുമേലി സൗത്ത്, മണിമല വില്ലേജുകളില്‍ ഉള്‍പ്പെട്ട ഭൂമിയാണിത്. സാമൂഹികാഘാത പഠനത്തിന്റേയും ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്റേയും അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുക്കുന്നത്. എന്നാല്‍ ഈ സ്ഥലത്ത് നെല്‍വയലുകളുണ്ടെങ്കില്‍ ചട്ടങ്ങള്‍ പാലിച്ചു മാത്രമേ പരിവര്‍ത്തനെ ചെയ്യാവു എന്നും സര്‍ക്കാറിന്റെ നിര്‍ദ്ദേശമുണ്ട്.
ഭൂഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കിയാണ് ഭൂമി ഏറ്റെടുക്കേണ്ടതെങ്കിലും ഉടമസ്ഥാവകാശം ചോദ്യം ചെയ്ത് സര്‍ക്കാര്‍ തന്നെ സിവില്‍ കേസ് നല്‍കിയിട്ടുളളതിനാല്‍ ബിലീവേഴ്‌സ് ചര്‍ച്ചിന് പണം നല്‍കില്ല. കേസ് തീരുന്ന മുറയ്ക്ക് കോടതിയില്‍ പണം കെട്ടിവെയ്ക്കാനാണ് തീരുമാനം.
വിമാനത്താവള റണ്‍വേ എരുമേലി ഗ്രാമപ്പഞ്ചായത്തിലെ ഒഴക്കനാട്, മണിമല പഞ്ചായത്തിലെ ചാരുവേലി പ്രദേശങ്ങള്‍ ബന്ധിപ്പിച്ച് നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. റണ്‍വേയുടെ കിഴക്കുദിശ എരുമേലി ടൗണിനുസമീപം ഓരുങ്കല്‍ക്കടവും പടിഞ്ഞാറ് മണിമല പഞ്ചായത്തിലെ ചാരുവേലിയുമായിരിക്കും.
സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടു പോകാന്‍ ശിപാര്‍ശ ചെയ്തിരുന്നു. വിമാനത്താവളത്തിന് അനുയോജ്യമായ സ്ഥലമാണ് പദ്ധതി പ്രദേശമെന്ന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്ഥിരീകരണം സമിതി അംഗീകരിച്ചു.