* സൗദി റീട്ടെയിൽ ഫോറത്തിന്റെ ഇരട്ട പുരസ്‌കാരം ലുലുവിന്
* സിനോമി ഉൾപ്പെടെ നാല് പ്രമുഖ കമ്പനികളുമായി ലുലു കരാർ ഒപ്പ് വെച്ചു
റിയാദ് - ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ വിസ്മയകരമായ വികസനക്കുതിപ്പിന്റെ ചരിത്രം ഊന്നിപ്പറയുന്ന സൗദി റീട്ടെയില്‍ ഫോറത്തിൽ ലുലുവിന് അംഗീകാരം. പ്രശസ്തമായ രണ്ടു അംഗീകാരങ്ങൾ നല്‍കി ലുലുവിനെ ഫോറം ആദരിച്ചു. അതിനിടെ സൗദിയിലെ ലുലു ശാഖകളുടെ എണ്ണം നൂറാക്കി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തിലേക്ക് വളരെ വേഗം അടുക്കുമെന്ന ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയരക്ടറുമായ എം.എ യൂസഫലിയുടെ പ്രതീക്ഷാനിര്‍ഭരമായ പ്രഖ്യാപനം വൈകാതെ ലക്ഷ്യം കാണുമെന്ന് ലുലു സൗദി ഡയരക്ടര്‍ ഷഹീം മുഹമ്മദ് പ്രസ്താവിച്ചു.
മിഡില്‍ ഈസ്റ്റ്- ഉത്തരാഫ്രിക്ക (മെന) മേഖലയിലെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലയായ ലുലുവിനെ പോയ വര്‍ഷത്തെ ഏറ്റവും മികച്ചതും പ്രശസ്തവുമായ റീട്ടെയില്‍ സ്ഥാപനമായും കാലോചിതമായ മാറ്റങ്ങള്‍ക്കനുസൃതമായി ഫുഡ് ആന്റ് ഗ്രോസറി രംഗത്തെ ആധുനികവല്‍ക്കരിച്ചുകൊണ്ട് സ്റ്റാഫ് പരിശീലനം, ഫലപ്രദമായ ഇ.എസ്.ജി ബ്ലൂപ്രിന്റ് എന്നിവ കണക്കിലെടുത്തും ഈ രംഗങ്ങളിലെ കരുത്തും കഴിവും പ്രകടമാക്കിയതിനുള്ള അംഗീകാരവുമായാണ് രണ്ടാമത്തെ പുരസ്‌കാരം സൗദി റീട്ടെയില്‍ ഫോറം ലുലുവിന് നല്‍കിയത്.
സൗദി റീട്ടെയില്‍ ഉപഭോക്തൃരംഗത്ത് വലിയ സംഭാവനകള്‍ അര്‍പ്പിച്ച ഏറ്റവും വേഗതയില്‍ മുന്നേറുന്ന ലുലു ഗ്രൂപ്പ് സൗദി റീട്ടെയില്‍ ഫോറത്തിലും നിരവധി വിജയകരമായ വ്യക്തിമുദ്രകള്‍ നല്‍കിയിട്ടുണ്ട്. പുതിയ ട്രെന്റിനും മാറ്റത്തിനുമുള്ള അവസരങ്ങളാണ് ലുലു തുറന്നിട്ടുള്ളത്. 2024 ലെ ബിസിനസിന്റെ മുഖം പുതിയ കാലത്തിനനുസൃതമായി രൂപപ്പെടുത്തുന്നതിലും ഭാവിസാധ്യത പ്രയോജനപ്പെടുത്തുന്നതിനും ലുലു സൗദി പ്രതിജ്ഞാബദ്ധമാണ്. റീട്ടെയില്‍ മേഖലയുടെ അപ്രാപ്യമെന്ന് കരുതിയ നിധിശേഖരത്തിന്റെ പുതിയ വാതിലുകളാണ് ലുലു തുറന്നിടുന്നത്. ലുലുവിന്റെ വളര്‍ച്ചയുടെ കഥ വിവരിച്ച ഷഹീം മുഹമ്മദ്, റീട്ടെയില്‍ ഫോറത്തില്‍ ഇക്കാര്യം എടുത്ത് പറഞ്ഞു.
കഴിഞ്ഞ അഞ്ചു വര്‍ഷമായി സൗദിയുടെ ക്രമാനുഗത വളര്‍ച്ചയ്‌ക്കൊപ്പം സഞ്ചരിക്കുന്ന ലുലു ഗ്രൂപ്പ് രാജ്യത്തിന്റെ പരിവര്‍ത്തനത്തിനും വികാസത്തിനും ഒരു പങ്കാളിയെന്ന നിലയിലാണ് ഒപ്പം നില്‍ക്കുന്നത്. സൗദിയിലെ വന്‍നഗരങ്ങളിലെന്ന പോലെ ചെറുനഗരങ്ങളിലും അറുപത് ഔട്ട്‌ലെറ്റുകള്‍ ഉയര്‍ന്നുവന്നു. പരിസ്ഥിതിക്കിണങ്ങുംവിധം ജൈവമാതൃകയിലുള്ള ഉപഭോക്തൃവസ്തുക്കളുടെ വില്‍പനയും ലക്ഷ്യത്തിലുള്‍പ്പെടുന്നു. കോസ്‌മോപോളിറ്റന്‍ ജീവിതശൈലിയുടെ ഉദാത്തപ്രതീകങ്ങളായ, വളര്‍ന്നു വരുന്ന ചെറു നഗരങ്ങളിലും ലുലു സാന്നിധ്യമുണ്ട്. നിയോം, അറാംകോ, സൗദി നാഷനല്‍ ഗാര്‍ഡ് എന്നിവിടങ്ങളിലെ ലുലു ശാഖകളും വിജയത്തിന്റെ വെന്നിക്കൊടി നാട്ടിയിരിക്കുന്നു. നിക്ഷേപരംഗത്ത് പങ്കാളിത്തം ഉറപ്പ് വരുത്തുന്നത്തിന്റെ ഭാഗമായി പ്രശസ്തമായ നാല് കമ്പനികളുമായി ലുലു കരാർ ഒപ്പ് വെച്ചു. സിനോമി സെന്റർ സി. ഇ. ഒ മിസ്. അലിസൺ റഹീൽ, ഫഹദ് അൽ മുഖ്ബൽ ഗ്രൂപ്പ് ചെയർമാൻ ഷെയ്ഖ് ഫഹദ് മുഹമ്മദ് അൽ മുഖ്ബിൽ, ബിൽഡിംഗ് ബേസ് കമ്പനി ചെയർമാൻ ഷെയ്ഖ് ഖാലിദ് അൽ അജ്മി, പ്ലേ സിനിമാ സി. ഇ. ഒ ഖാലിദ് അൽ ജാഫർ എന്നിവരുമായാണ് ലുലു സൗദി ഡയറക്ടർ ഷഹീം മുഹമ്മദ് ഒപ്പ് വെച്ചത്. സൗദിയുടെ വന്‍വികസനത്തെക്കുറിച്ചുള്ള ആത്മവിശ്വാസവും കാഴ്ചപ്പാടുമാണ് സൗദി റീട്ടെയില്‍ ഫോറത്തില്‍ ഞങ്ങള്‍ അവതരിപ്പിച്ചത്. വിദഗ്ധരായ യുവതീയുവാക്കളെ ഞങ്ങളിപ്പോള്‍ തൊഴില്‍ മേഖലയില്‍ പരിശീലിപ്പിക്കുന്നു. സൗദിയിലെ ഭാവനാശാലികളായ പുതിയ തലമുറയെ വിശ്വാസത്തിലെടുത്തുള്ള ഈ മുന്നേറ്റം, ഞങ്ങളുടെ ചെയര്‍മാന്‍ ശുഭപ്രതീക്ഷ പ്രകടിപ്പിച്ചത് പോലെ, ലുലുവിന്റെ ചരിത്രത്തിലെ വിസ്മയകരമായ വിജയക്കുതിപ്പായിരിക്കും വരും വർഷങ്ങളിൽ സൗദി അറേബ്യയിൽ നടപ്പാക്കുകയെന്നു ഷഹീം മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.