Sorry, you need to enable JavaScript to visit this website.

ലാപ് ടോപ് വാങ്ങി കബളിപ്പിക്കപ്പെട്ടു; ഉപഭോക്താവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി

കൊച്ചി- ലാപ് ടോപ് വാങ്ങി ഒരാഴ്ചയ്ക്കുള്ളില്‍  തകരാറിലായത് റിപ്പയര്‍ ചെയ്ത് നല്‍കുന്നതില്‍ നിര്‍മ്മാതാവും ഡീലറും വീഴ്ച വരുത്തിയതിന് ഒരു ലക്ഷം രൂപ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.

എറണാകുളത്തെ ഓക്‌സിജന്‍ കമ്പ്യൂട്ടര്‍ ഷോപ്പ്, ലെനോവോ എന്നിവര്‍ക്കെതിരെ എറണാകുളം പറവൂര്‍ സ്വദേശി ടി. കെ സെല്‍വന്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

വിദ്യാഭ്യാസ ആവശ്യത്തിന് എസ്. സി. എസ്. ടി കോര്‍പ്പറേഷനില്‍ നിന്നും ലോണ്‍ എടുത്താണ്  പരാതിക്കാരന്‍ ലാപ്‌ടോപ്പും അനുബന്ധ ഉപകരണങ്ങളും വാങ്ങിയത്. ലാപ്പ്‌ടോപ്പ് തകരാറിലായതിനെ തുടര്‍ന്ന് പലതവണ എതിര്‍ കക്ഷികളെ സമീപിച്ചെങ്കിലും സേവനമൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് പരാതിക്കാരന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിച്ചത്. 

ലാപ് ടോപിനു വാറന്റി നിലനില്‍ക്കുന്നതായും വാറന്റി കാലയളവിനുള്ളിലാണ് ലാപ്പ്‌ടോപ്പ് ഉപയോഗ ശൂന്യമായതെന്നും കോടതി നിയോഗിച്ച  വിദഗ്ദന്‍ റിപ്പോര്‍ട്ട് നല്‍കി.

അക്‌സിഡന്റല്‍ ഡാമേജ്, ഓണ്‍ സൈറ്റ് വാറണ്ടി എന്നിവയ്ക്കും പരാതിക്കാരനില്‍ നിന്നും  കൂടുതലായി പണം ഈടാക്കിയിട്ടും സേവനത്തില്‍ എതിര്‍കക്ഷികള്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് ഡി. ബി. ബിനു അധ്യക്ഷനും വൈക്കം രാമചന്ദ്രന്‍, ടി. എന്‍ ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബഞ്ച് കണ്ടെത്തി. 

എതിര്‍ കക്ഷിയുടെ ഭാഗത്തുനിന്നും ഉണ്ടായത്  അധാര്‍മിക വ്യാപാര രീതിയും സേവനത്തിലെ വീഴ്ചയും ആണെന്ന് ബോധ്യമായ കോടതി ലാപ് ടോപിന്റെ വിലയായ 51,000 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും 30 ദിവസത്തിനകം പരാതിക്കാരന് നല്കാന്‍ ഉത്തരവ് നല്‍കി.

പരാതിക്കാരനു വേണ്ടി അഡ്വ. കെ. എസ്. ഷെറിമോന്‍ ഹാജരായി.

Latest News