Sorry, you need to enable JavaScript to visit this website.

'യൂത്ത് കോൺഗ്രസ് സമരം കലാപം, എസ്.എഫ്.ഐയുടേത് ജനാധിപത്യപരം' - ഇ.പി ജയരാജൻ

കണ്ണൂർ - പ്രതിപക്ഷം എണ്ണിയെണ്ണി കണക്കുതീർക്കാൻ വരുമ്പോൾ തിരിച്ചടിക്കാൻ മറുഭാഗവും ഉണ്ടാവുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഓർക്കണമെന്ന് ഇടതു മുന്നണി കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു. തല്ലാൻ വരുമ്പോൾ ഞങ്ങൾ പുറം കാണിച്ച് തരില്ല. പ്രതിപക്ഷ നേതാവ് ഇരിക്കുന്ന സ്ഥാനം മനസ്സിലാക്കി സംസാരിക്കണമെന്നും ഇ.പി പറഞ്ഞു.
 സർക്കാറിനെതിരായ യൂത്ത് കോൺഗ്രസ് കാണിക്കുന്ന കരിങ്കൊടി സമരം കലാപമാണെന്നും എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധം ജനാധിപത്യപരമാണെന്നും ജയരാജൻ ന്യയീകരിച്ചു. നവകേരള സദസ്സ് അനുകരിക്കാനുള്ള ശ്രമത്തിലാണ് മറ്റ് സംസ്ഥാനങ്ങൾ.
 കേന്ദ്രത്തിന്റെ കണ്ണിലെ കരട് ഇടതു സർക്കാരാണെന്നും അതുകൊണ്ടാണ് കേരളത്തിന് അർഹതപ്പെട്ടത് നൽകാതെ വികസന മുരടിപ്പ് ഉണ്ടാക്കുന്നതെന്നും പറഞ്ഞു. കേന്ദ്രം യുവതലമുറയെ വഴി തെറ്റിക്കുന്നതിന്റെ ഭാഗമായാണ് സർവകലാശാലകളിൽ കാവിവൽക്കരണത്തിന് ശ്രമിക്കുന്നത്. ഗവർണറെ ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്തെ അലങ്കോലപ്പെടുത്താനാണ് ശ്രമം. ഭ്രാന്ത് പിടിച്ച നിലപാടാണ് ഗവർണറുടേത്. അദ്ദേഹത്തിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ തെറ്റ് പറയാവില്ല.
ഹൽവ തപ്പി നടക്കുന്ന ഗവർണർ പരിഹാസ കഥാപാത്രമായി മാറിയെന്നും ബോധപൂർവം കലാപം ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഗവർണർ പദവി ദുരുപയോഗം ചെയ്തുവെന്നും ഇ.പി കുറ്റപ്പെടുത്തി. സർക്കാർ എല്ലാ സാമ്പത്തിക പ്രതിസന്ധികളെയും ജനപിന്തുണയോടെ അതിജീവിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

Latest News