വണ്ടിപ്പെരിയാര്‍ കേസില്‍ കോടതി വെറുതെ വിട്ട പ്രതിയുടെ കുടുംബത്തിന് പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

ഇടുക്കി - വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ കോടതി വെറുതെവിട്ട അര്‍ജുന്റെ കുടുംബത്തിന് പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് അര്‍ജ്ജുന്റെ അച്ഛന്‍ സുന്ദറും കുടുംബാംഗങ്ങളും നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. വണ്ടിപ്പെരിയാര്‍ പോലീസിനാണ് ഹൈക്കോടതി ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്. വീട്ടിലുള്ള സാധനങ്ങള്‍ എടുക്കാന്‍ പോകാനും കുടുംബത്തിന് പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ  വ്യാഴാഴ്ചയാണ് കട്ടപ്പന അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി വി മഞ്ജു പ്രതിയെ വെറുതെ വിട്ടത്. കൊലപാതകവും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി കണ്ടെത്തിയിരുന്നു. 2021 ജൂണ്‍ 30ന് വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റ് ലയത്തില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്നായിരുന്നു കേസ്.

 

Latest News