കൊച്ചി നാവിക സേനാ എയര്‍പോര്‍ട്ടില്‍ നിന്ന് തിങ്കളാഴ്ച മുതല്‍ വിമാന സര്‍വീസ് 

തിരുവനന്തപുരം- പ്രളയത്തെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിട്ട് എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കിയതു മൂലമുണ്ടായ പ്രതിസന്ധിക്ക് പരിഹാരമായി കൊച്ചി നാവിക സേനാ താവളത്തിലെ എയര്‍പോര്‍ട്ടില്‍ നിന്നും വാണിജ്യ വിമാന സര്‍വീസ് നടത്താന്‍ തീരുമാനമായി. തിങ്കളാഴ്ച മുതല്‍ ദിവസവും മൂന്ന് വീതം സര്‍വീസുകള്‍ ഇവിടെ നിന്നുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഒരു വിമാനം കൊച്ചിയില്‍ നിന്നു കോയമ്പത്തൂരിലേക്കും രണ്ടു വിമാനങ്ങള്‍ ബംഗളൂരുവിലേക്കുമാണ് സര്‍വീസ് നടത്തുക.

ഇവിടെ നിന്നും വിമാന സര്‍വീസ് തുടങ്ങുന്നതിനുള്ള സാധ്യത പഠിക്കാന്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി, എയര്‍പോര്‍ട്്‌സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നീ ഏജന്‍സികളില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന വിദഗ്ധ സംഘത്തെ വ്യോമയാന മന്ത്രാലയം നയോഗിച്ചിരുന്നു. എയര്‍ ഇന്ത്യയുടെ ഭാഗമായ അലയന്‍സ് എയര്‍  ശനിയാഴ്ച  ബംഗളൂരുവില്‍ നിന്നും കൊച്ചി നാവിക സേനാ വിമാനത്താവളത്തിലേക്ക് പരീക്ഷണപ്പറക്കല്‍ നടത്തുകയും ചെയ്തു. ന്നു.  ഇതു വിജയകരമായതിനെ തുടര്‍ന്നാണ് ഇവിടെ നിന്നു സര്‍വീസ് ആരംഭിക്കാന്‍ തീരുമാനമായത്.

നാവിക സേനാ താവളത്തിലെ എയര്‍ക്രാഫ്റ്റ് ഹാങറില്‍ ഒരു ദുരിതാശ്വാസ ക്യാമ്പും പ്രവര്‍ത്തിക്കുന്നുണ്ട്. പ്രളയ ദുരിതത്തില്‍ നിന്നും രക്ഷിച്ച 250 ഓളം പേരേയാണ് ഇവിടെ പാര്‍പ്പിച്ചിരിക്കുന്നത്. നാവിക സേനാ ഉദ്യോഗസ്ഥരുടെ കുടുംബങ്ങള്‍ മുഴുസമയും ഇവരുടെ സഹായത്തിനായി രംഗത്തുണ്ടെന്നും സൈനിക വക്താവ് അറിയിച്ചു.

Latest News