Sorry, you need to enable JavaScript to visit this website.

ധഭോല്‍ക്കര്‍ വധക്കേസ്: അഞ്ചു വര്‍ഷത്തിനു ശേഷം മുഖ്യപ്രതി സിബിഐ അറസ്റ്റില്‍

മുംബൈ- യുക്തിവാദി നേതാവ് നരേന്ദ്ര ധഭോല്‍ക്കറെ പൂനെയില്‍ വെടിവച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ അഞ്ചു വര്‍ഷത്തിനു ശേഷം സിബിഐ അറസ്റ്റ് ചെയ്തു. ധഭോര്‍ക്കര്‍ക്കു നേരെ നിറയൊഴിച്ച സംഘത്തില്‍പ്പെട്ടളെന്നു സംശയിക്കപ്പെടുന്ന സചിന്‍ പ്രകാശ്‌റാവു അന്ധുറെയെ ഔറംഗാബാദില്‍ നിന്നാണ് സിബിഐ സംഘം അറസ്റ്റ് ചെയ്തതെന്ന് എന്‍.ഡി.ടി.വി റിപോര്‍ട്ട് ചെയ്യുന്നു. ഹിന്ദുത്വ തീവ്രവാദികള്‍ക്കെതിരെ ശക്തമായി രംഗത്തുണ്ടായിരുന്ന ധഭോല്‍ക്കറെ 2013 ഓഗസ്റ്റ് 20-നാണ് പൂനെയില്‍ പ്രഭാത സവാരിക്കിടെ വെടിവച്ചു കൊന്നത്. കടുത്ത സംഘപരിവാര്‍ വിമര്‍ശകരായ ധഭോല്‍ക്കറെയും ഗോവിന്ദ് പന്‍സാരെയും വെടിവച്ചു കൊന്ന സംഭവങ്ങളില്‍ നടക്കുന്ന അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലാത്തതിന് ബോംബെ ഹൈക്കോടതി കേന്ദ്ര, സംസ്ഥാന അന്വേഷണ ഏജന്‍സികളെ രൂക്ഷമായി വിമര്‍ശിച്ചതിനു തൊട്ടുപിറകെയാണ് മുഖ്യ പ്രതികളിലൊരാളായ സചിന്റെ അറസ്റ്റ്.

ഒരാള്‍ക്ക് സംസാരിക്കാനോ സ്വതന്ത്ര്യമായി സഞ്ചരിക്കാനോ കഴിയാത്ത രീതിയില്‍ രാജ്യം ദുരന്തപൂര്‍ണമായ ഒരു ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ അധികാരികള്‍ ജാഗ്രത കാണിക്കുന്നില്ലെന്നും ഈയിടെ ഹൈക്കോടതി വിമര്‍ശനമുന്നയിച്ചിരുന്നു. ഇപ്പോള്‍ നടന്നു വരുന്ന അന്വേഷണത്തില്‍ തൃപ്തരല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. കേസുമായി ബന്ധപ്പെട്ട് രഹസ്യ റിപോര്‍ട്ട് എന്ന പേരില്‍ മഹാരാഷ്ട്ര പോലീസ് സമര്‍പിച്ച റിപോര്‍ട്ടുകള്‍ ഇതിലൊരു രഹസ്യവും ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു. 

പന്‍സാരെക്ക് 2015 ഫെബ്രുവരി 16-നാണ് ആക്രമികളുടെ വെടിയേറ്റത്. നാലു ദിവസത്തിനു ശേഷം മരിക്കുകയും ചെയ്തു. ധഭോല്‍ക്കര്‍ വധക്കേസ് സിബിഐയും പന്‍സാരെ വധക്കേസ് മഹാരാഷ്ട്ര ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്‌മെന്റുമാണ് അന്വേഷിക്കുന്നത്.
 

Latest News