കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അമേരിക്കയിലേക്ക്

തിരുവനന്തപുരം-പരിശോധനക്കും ചികിത്സയ്ക്കുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഈ മാസം അമേരിക്കയിലേക്ക്. രണ്ടാഴ്ചയിലേറെ സംഘടനാ തിരക്കുകളില്‍ നിന്ന് മാറി നില്‍ക്കേണ്ടിവരുമെന്ന് അദ്ദേഹം കെപിസിസി ഭാരവാഹികളെ അറിയിച്ചു. അധ്യക്ഷന്റെ ചുമതല തത്കാലം മറ്റാര്‍ക്കും നല്‍കില്ല. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ മാസങ്ങളായി കെ സുധാകരന്‍ കേരളത്തില്‍ ചികിത്സ തേടുന്നുണ്ട്. ഇത് പോരെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം  കൂടി കണക്കിലെടുത്താണ് അമേരിക്കയിലേക്കുള്ള യാത്ര. ന്യൂറോ സംബന്ധമായ ചികിത്സക്കായാണ് യാത്ര. വീസ ലഭിക്കുന്ന മുറയ്ക്ക് യാത്ര തീയതി തീരുമാനിക്കും.
ചികിത്സയ്ക്ക് പോകുന്നുവെന്ന അഭ്യൂഹം നിലനില്‍ക്കെ വീസയ്ക്ക് അപേക്ഷിച്ച കാര്യം ഓണ്‍ലൈനായി നടന്ന കെപിസിസി ഭാരവാഹികളുടെ യോഗത്തില്‍ കെ സുധാകരന്‍ തന്നെ വ്യക്തമാക്കി. ആര്‍ക്ക് ചുമതല നല്‍കുമെന്ന ചര്‍ച്ചകള്‍ പാര്‍ട്ടി കേന്ദ്രങ്ങളിലുണ്ട്. എന്നാല്‍, കെപിസിസി പ്രസിഡന്റിന്റെ ചുമതല തത്കാലം ആര്‍ക്കും കൈമാറില്ല. അറ്റാച്ച്ഡ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സഹഭാരവാഹികള്‍ ചേര്‍ന്നാവും പാര്‍ട്ടിയെ ചലിപ്പിക്കുക. അതേസമയം ശനിയാഴ്ച നടക്കാനിരിക്കുന്ന ഡിജിപി ഓഫിസ് മാര്‍ച്ചിന് കെ സുധാകരന്‍ തന്നെ നേതൃത്വം നല്‍കും.  ജനുവരിയില്‍ നടത്താനിരിക്കുന്ന കെപിസിസി പ്രസിഡന്റിന്റെ കേരളയാത്രയുടെ തീയതി ചെലപ്പോള്‍ മാറിയേക്കും

Latest News