Sorry, you need to enable JavaScript to visit this website.

ഊർജ സഹകരണത്തിന് ഇന്ത്യയുമായി ഒപ്പുവെച്ച കരാറിന് സൗദി മന്ത്രിസഭയുടെ അംഗീകാരം

റിയാദ് - ഊർജ മേഖലാ സഹകരണത്തിന് ഇന്ത്യയുമായി ഒപ്പുവെച്ച ധാരണാപത്രം തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിവാര മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഇന്ത്യക്ക് ഏറ്റവുമധികം ക്രൂഡ് ഓയിൽ നൽകുന്ന രാജ്യങ്ങളിൽ ഒന്നായ സൗദി അറേബ്യയും ഇന്ത്യയും തമ്മിൽ ഊർജ മേഖലയിൽ നിലവിലുള്ള സഹകരണം കൂടുതൽ ശക്തമാക്കാൻ പുതിയ ധാരണാപത്രം വഴിവെക്കും. രാഷ്ട്രീയ കൂടിയാലോചനകൾക്ക് ശ്രീലങ്കയുമായി ഒപ്പുവെച്ച ധാരണാപത്രവും മന്ത്രിസഭ അംഗീകരിച്ചു. ഊർജ മേഖലാ സഹകരണത്തിന് ഫിലിപ്പൈൻസുമായും ഓസ്ട്രിയയുമായും ധാരണാപത്രങ്ങൾ ഒപ്പുവെക്കാൻ ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനെയും ഖനന, ധാതുവിഭവ മേഖലയിൽ ജപ്പാനുമായി ധാരണാപത്രം ഒപ്പുവെക്കാൻ വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദർ അൽഖുറൈഫിനെയും മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തുകയും ചെയ്തു. 
പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം തയാറാക്കുന്ന വ്യവസ്ഥകൾക്ക് അനുസൃതമായി ഗോതമ്പും സീസണൽ കാലിത്തീറ്റയും കൃഷി ചെയ്യാൻ സൗദി കാർഷിക കമ്പനികളെയും വൻകിട കർഷകരെയും അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു. കുവൈത്ത് അമീർ ശൈഖ് നവാഫ് അൽഅഹ്മദ് അൽജാബിർ അൽസ്വബാഹിന്റെ വിയോഗത്തിൽ മന്ത്രിസഭാ യോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തി. കുവൈത്തിൽ അധികാരമേറ്റ പുതിയ അമീർ ശൈഖ് മിശ്അൽ അൽഅഹ്മദ് അൽജാബിർ അൽസ്വബാഹിനെ മന്ത്രിസഭ അഭിനന്ദിക്കുകയും ചെയ്തു. ഗാസ യുദ്ധം അവസാനിപ്പിക്കാനും സാധാരണക്കാർക്ക് സംരക്ഷണം നൽകാനും റിലീഫ് വസ്തുക്കൾ എത്തിക്കാനും സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങൾ മന്ത്രിസഭ വിലയിരുത്തി. സൗദി ഗെയിമിംഗ് ആന്റ് ഇ-സ്‌പോർട്‌സ് അതോറിറ്റി സ്ഥാപിക്കാനും മന്ത്രിസഭ തീരുമാനിച്ചു. അടുത്ത വർഷത്തെ ഒട്ടക വർഷമായി നാമകരണം ചെയ്യാനും തീരുമാനമുണ്ട്.
 

Latest News