Sorry, you need to enable JavaScript to visit this website.

ഞരമ്പിലോടുന്ന ഓരോ തുള്ളി രക്തത്തിലും മതേതര ബോധം; ശുദ്ധി അളക്കാൻ സംഘപരിവാറിന്റെ അച്ചാരം വാങ്ങിയവർ ശ്രമിക്കരുത്- സുധാകരൻ

കൊച്ചി- ബി.ജെ.പിയുടെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അനീതിക്കെതിരെ ശബ്ദം ഉയർത്തിയതിന്റെ പേരിൽ പാർലമെന്റിൽനിന്നും സസ്‌പെൻഷൻ വാങ്ങിയ ദിനം തന്നെ എന്നെ സംഘപരിവാറിന്റെ ചാപ്പകുത്താൻ നടത്തുന്ന ശ്രമത്തെ തികഞ്ഞ പുച്ഛത്തോടെ തള്ളിക്കളയുന്നുവെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. നരേന്ദ്ര മോഡിക്കെതിരെ നാവുചലിപ്പിക്കാൻ പോലും കരുത്തില്ലാത്ത പിണറായി വിജയനും കൂട്ടരും എത്ര ശ്രമിച്ചാലും അത് പ്രബുദ്ധരായ മതേതര ജനാധിപത്യബോധമുള്ള കേരള ജനത ഒരിക്കലും ഉൾക്കൊള്ളില്ല. എനിക്ക് സംഘപരിവാർപട്ടം ചാർത്തി നൽകാൻ അഹോരാത്രം പണിയെടുക്കുന്നവർ ആ വെള്ളം വാങ്ങിവെക്കുന്നതാണ് ഉചിതമെന്നും സുധാകരൻ പറഞ്ഞു. 
 കോൺഗ്രസിന്റെ മതേതര ഗർഭപാത്രത്തിൽ ജനനം കൊണ്ട് ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ദൃഢപ്രതിജ്ഞയെടുത്ത് പൊതുപ്രവർത്തന രംഗത്ത് കടന്നുവന്നവനാണ് ഞാൻ. നരേന്ദ്ര മോഡിക്കെതിരെ മുദ്രാവാക്യം വിളിച്ചതിന്റെ പേരിൽ പാർലമെന്റിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാരുടെ കൂട്ടത്തിൽ ഒരാളാണ് ഞാൻ. മഹാത്മാ ഗാന്ധിജിയും ജഹർലാൽ നെഹ്‌റുവും ഉൾപ്പെടെയുള്ള മഹാരഥൻമാരായ കോൺഗ്രസിന്റെ പൂർവ്വസൂരികൾ പകർന്ന് നൽകിയ മതേതര ബോധമാണ് എന്റെ ഞരമ്പിലോടുന്ന ഓരോ തുള്ളി രക്തവും. അതിന്റെ ശുദ്ധി അളക്കാൻ സംഘപരിവാറിന്റെ അച്ചാരം വാങ്ങി,കേരളത്തിൽ അവർക്ക് ചുവന്ന പരവതാനി വിരിക്കാൻ പണിയെടുക്കുന്ന ആരും മെനക്കെടണമെന്നില്ല.  നാടിന്റെ ബഹുസ്വരതയും മതേതരത്വവും കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്ന ഒരു മതേതരവാദിയെ സംഘപരിവാറുകാരനെന്ന് ചാപ്പകുത്തി തകർക്കുകയെന്ന കുത്സിത ശ്രമത്തിന്റെ ഭാഗമാണ് കുറുച്ചുനാളുകളായി എനിക്ക് എതിരെ നടക്കുന്ന ആക്രമണങ്ങൾ.  അത് നിങ്ങൾ തുടരുക. അതിന്റെ പേരിൽ തളർന്ന് പിൻമാറാൻ എന്നെ കിട്ടില്ല. ഫാസിസത്തിന് എതിരായ സന്ധിയില്ലാത്ത പോരാട്ടം ഞാൻ തുടർന്നു കൊണ്ടേയിരിക്കും.
സെനറ്റിലേക്ക് യോഗ്യതയില്ലാത്തവരെയാണ് നോമിനേറ്റ് ചെയ്യുന്നതെങ്കിൽ അതിനെ ശക്തമായി വിമർശിക്കും എന്നാണ് ഞാൻ വ്യക്തമാക്കിയത്. സെനറ്റിലേക്ക് നാമനിർദ്ദേശം ചെയ്തവരുടെ മെറിറ്റ് നോക്കി നിയമിക്കണം എന്നാണ് ഞാൻ ഉദ്ദേശിച്ചത്. അതല്ലാതെ, സംഘപരിവാർ ശക്തികളെ അനുകൂലിക്കുന്ന രാഷ്ട്രീയം എന്റെ ശൈലിയല്ല. പകലും രാത്രിയിലും സംഘപരിവാറിന് വേണ്ടി വെള്ളം കോരുന്ന  പിണറായി വിജയനും  കൂട്ടരും എത്ര ശ്രമിച്ചാലും എന്റെ മതേതര മനസിനും ബോധത്തിനും ഒരു ചെറുതരി പോറൽപോലും ഏൽപ്പിക്കാൻ സാധ്യമല്ല.  സംഘപരിവാർ ആശയങ്ങൾ കേരളത്തിൽ നടപ്പിലാക്കാൻ ശ്രമിക്കുന്ന ഗവർണ്ണറെ ഒരുകാലത്തും കോൺഗ്രസ് പിന്തുണച്ചിട്ടില്ല. ഗവർണ്ണറെ പിൻവലിക്കണമെന്ന് നിയമസഭയിൽ ആവശ്യപ്പെട്ടവരാണ് ഞങ്ങൾ. എന്നാൽ അതിനെ അനുകൂലിച്ചില്ലെന്ന് മാത്രമല്ല, ആ ആവശ്യത്തെ പരാജയപ്പെടുത്തിവരാണ് പിണറായി വിജയനും കൂട്ടരും.  
മുഖ്യമന്ത്രിയും ഗവർണ്ണറും ഇപ്പോൾ നടത്തുന്ന പോര് വെറും രാഷ്ട്രീയ കച്ചവടത്തിന്റെ പേരിൽ നടക്കുന്ന നൈമിഷികമായ സ്പർദ്ധമാത്രമാണ്. ഇരുവരുടേയും ഈ ഒത്തുകളി എത്രയോ തവണ കേരളം കണ്ടതാണ്. സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന സംഭവങ്ങൾ വരുമ്പോൾ മാത്രം പൊട്ടിപ്പുറപ്പെടുന്ന ഒന്നാണ് ഗവർണർമുഖ്യമന്ത്രി പോര്. ശേഷം ഇരുവരും ഒത്തുതീർപ്പിലെത്തും. കേരളത്തിലെ സർവകലാശാലകളെ വല്ലാത്ത പരുവത്തിലാക്കിയതും ഇതേ ധാരണയുടെ പുറത്താണ്. കണ്ണൂർ സർവകലാശാലയിൽ ചട്ടവിരുദ്ധമായി  വൈസ് ചാൻസിലറെ നിയമിക്കാൻ വഴങ്ങിയ ചാൻസിലർ കൂടിയായ ഗവർണർ പലഘട്ടത്തിലും മുഖ്യമന്ത്രിയോടുള്ള മമത കാട്ടിയിട്ടുണ്ട്. ഗവർണറുടെ താൽപ്പര്യങ്ങളും ആവശ്യങ്ങളും നിറവേറ്റാനും മുഖ്യമന്ത്രിയും പ്രത്യേകം ശ്രദ്ധപുലർത്തിയിട്ടുണ്ട്. സിപിഎമ്മിനും ബിജെപിക്കും പരസ്പരം കൈകോർക്കാനുള്ള നിരവധി പാലങ്ങളിലൊന്നാണ് ഗവർണർ. അത് നിലനിർത്തി കൊണ്ട് ജനശ്രദ്ധതിരിക്കാനും കണ്ണിൽപ്പൊടിയിടാനും ഇത്തരം വിവാദങ്ങൾ മനഃപൂർവ്വം അവർ സൃഷ്ടിക്കുന്നതാണ്. 
പരാജയപ്പെട്ട നവ കേരള സദസിന്റെ ജാള്യത മറയ്ക്കാനുള്ള പാഴ് ശ്രമമാണ് ഇപ്പോൾ എന്നെ കരുവാക്കി ഉയർത്തി കൊണ്ടുവരുന്ന പുതിയവിവാദം. അത് വിലപ്പോകില്ലെന്ന് മാത്രം പറയാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും സുധാകരൻ വ്യക്തമാക്കി.
 

Latest News