Sorry, you need to enable JavaScript to visit this website.

കെനിയക്ക് ഇതെന്തൊരു മാറ്റം?

ലേഖകൻ
കെനിയൻ പ്രസിഡന്റിനൊപ്പം സയ്യിദ് ഫത്തഹുദ്ദീൻ തങ്ങൾ 
പള്ളിയിലെ ജുമുഅ നമസ്‌കാരത്തിൽ നിന്ന്
നയ്‌റോബി നഗരക്കാഴ്ചകൾ.
നയ്‌റോബി മ്യൂസിയം 
നയ്‌റോബി നാഷണൽ പാർക്ക് 
ഫ്‌ളൈ ഓവർ, ടവർ 
ലേഖകൻ ഡോ. നസറുല്ലയുടെ മക്കൾക്കൊപ്പം
ലേഖകൻ അമ്മാവൻ കെനിയയിലെ ജംഇയ്യത്തുൽ ഉലമ ചെയർമാൻ സയ്യിദ് ഫത്തഹുദ്ദീൻ തങ്ങൾക്കൊപ്പം , ലേഖകൻ സയ്യിദ് ആലിക്കോയ തങ്ങൾക്കൊപ്പം

2019 ലാണ് ആദ്യമായി കെനിയ സന്ദർശിച്ചത്. അന്ന് ജോലി ചെയ്തിരുന്ന സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്നും പെരുന്നാൾ അവധിക്കാലത്താണ് ഇതിന് മുമ്പ് ചെന്നത്. അതു കഴിഞ്ഞാണ് ലോകത്തെ മാറ്റിമറിച്ച കോവിഡ് മഹാമാരിയുണ്ടാവുന്നത്. കോവിഡ് ഏൽപിച്ച സാമ്പത്തിക ആഘാതത്തിൽ നിന്ന് ഇനിയും മോചിതമായിട്ടില്ലാത്ത രാജ്യങ്ങളുണ്ട്. പിന്നിട്ട വാരത്തിൽ വീണ്ടും കെനിയയിൽ ഇറങ്ങിയപ്പോൾ കണ്ട കാഴ്ച അതിശയിപ്പിക്കുന്നതും അവിശ്വസനീയവുമായിരുന്നു. ഇതെന്തൊരു മാറ്റമാണ് ഈ രാജ്യത്തിന് സംഭവിച്ചത്?  അതെ, പ്രജാക്ഷേമ തൽപരരും ഭാവനാസമ്പന്നരായ ഭരണാധികാരികളുമുണ്ടെങ്കിൽ ഇതെല്ലാം നിഷ്പ്രയാസം സാധിക്കുമെന്ന് കെനിയ തെളിയിച്ചിരിക്കുകയാണ്. 
2019 ൽ കണ്ട കെനിയയിലേക്ക് വീണ്ടും 2023 ൽ  പോകാനുള്ള പ്രഥമ കാരണം അവിടത്തെ പ്രകൃതി രമണീയതയാണ്. മൂന്നര വർഷത്തിനിടയിൽ അവിടെ അഭൂതപൂർവമായ മാറ്റങ്ങൾ ഉണ്ടായി. പുതിയ റോഡുകളും ഫ്‌ളൈ ഓവറുകളും വലിയ കെട്ടിടങ്ങളുമാണ് എല്ലായിടത്തും. വികസിത രാജ്യങ്ങളിലെ ആധുനിക നഗരത്തിന്റെ ഭാവമാണ് കെനിയയുടെ തലസ്ഥാന നഗരിക്ക്. അവിടത്തെ പഴവർഗങ്ങൾ ഏറെയും ഓർഗാനിക് പ്രൊഡക്ഷനാണ്.  മാർക്കറ്റിൽ വിഷം നിറച്ച പഴങ്ങളും പച്ചക്കറിയുമേ ലഭിക്കുന്നുള്ളൂവെന്ന് പരാതിയുള്ളവർ കെനിയയിലേക്ക് വരിക. വളരെ കുറഞ്ഞ വിലയ്ക്കാണ് ഓറഞ്ചും മറ്റും വിൽക്കുന്നത്. റോഡരികിൽ വിൽക്കാൻ വെച്ചതുൾപ്പെടെ പഴം, പച്ചക്കറി ഇനങ്ങളെല്ലാം രാസവസ്തുക്കൾ ചേർക്കാതെ വിളയിച്ചത്. ചക്ക, മാങ്ങ, തേങ്ങ എന്നിവയ്ക്കെല്ലാം അത്യപൂർവ രുചി. മധുരമേറുന്നതാണ് ഇവിടെ ലഭിക്കുന്ന ഓർഗാനിക് പഴങ്ങൾ. പായ്ക്കറ്റിൽ ലഭ്യമായ കെനിയ ടീയോട് കിടപിടിക്കാവുന്ന തേയില വേറെ കാണില്ല.  നാട്ടിലെ   സുഹൃത്തുക്കൾക്ക് സമ്മാനിക്കാൻ ഏറ്റവും കൂടുതൽ വാങ്ങിക്കൂട്ടിയതും കെനിയയിലെ ചായപ്പൊടി പായ്ക്കറ്റുകൾ തന്നെ. കാലാവസ്ഥ വളരെ സുഖകരമാണ്. എപ്പോഴും തണുപ്പാണ്. എസിയും  ഫാനും ആവശ്യമില്ല. പാരീസ് ഓഫ് ആഫ്രിക്ക എന്നാണ് കെനിയ അറിയപ്പെടുന്നത്. നാഷണൽ പാർക്ക് തലസ്ഥാന നഗരിയിൽ (നയ്‌റോബി) തന്നെ ഉള്ള ഏക രാജ്യമാണ് കെനിയ. വിശാലമായ ബീച്ചും റിസോർട്ടുകളുമാണ് മമ്പാസ എന്ന തീരപ്രദേശത്ത്. 
ഈ തീരപ്രദേശം  ലക്ഷദ്വീപിലെ കടപ്പുറത്തെ പഞ്ചാര മണലിനെ ആണ് ഓർമിപ്പിച്ചത്. മൂൺവോയേജ്  ട്രാവൽ ആന്റ്  ടൂർസിന്റെ പ്രൊമോഷനും കെനിയ സഫാരി ടൂറിന്റെ  ഏകോപനത്തിനും കൂടിയാണ് ഇത്തവണത്തെ എന്റെ കെനിയ യാത്ര. കേരളത്തിൽ നിന്നുള്ള പ്രമുഖ വ്യവസായി സയീദ് ആലിക്കോയ തങ്ങളും കെനിയ സന്ദർശനത്തിനായി എത്തിയതോടെ സ്ഥലങ്ങൾ സന്ദർശിക്കാൻ ഒരു കൂട്ടായി.  ഡോ. നബീൽ തങ്ങൾ ആണ് കെനിയയിൽ ഞങ്ങളുടെ എല്ലാ കാര്യങ്ങളും ചെയ്തു തന്നത്.  ഡോ. നബീൽ തങ്ങൾ ഇന്റർപോളിന്റെ  പ്രതിനിധിയും അവിടത്തെ പ്രമുഖ മെഡിക്കൽ ഗ്രൂപ്പിന്റെ  ഡയരക്ടറുമാണ്. ലക്ഷദ്വീപുകാരനായ ഡോ. നസറുല്ല നയ്‌റോബിയിൽ മെഡിക്കൽ ക്ലിനിക് നടത്തുന്നത് അവിടത്തെ മലയാളികൾക്ക് ആശ്വാസമാണ്.  നേരത്തെ ജിദ്ദയിലുണ്ടായിരുന്നു ഡോ. നസറുല്ല. 
കെനിയയിലെ ഉലമ സംഘടനയുടെ അധ്യക്ഷനും ഗ്രാന്റ് മുഫ്തിയുമാണ്. എന്റെ  അമ്മാവൻ സയ്യിദ് ഫത്തഹുദ്ദീൻ തങ്ങൾ സൗദി ഗവൺമെന്റിന്റെ പ്രതിനിധിയായാണ് 1959 ൽ അവിടെ എത്തിയത്.  ആ പ്രദേശത്തിന്റെ പ്രത്യേക ആകർഷകത്വം കാരണം അവിടെ തന്നെ തുടരുകയാണ്. ഇത്തവണത്തെ സന്ദർശനത്തിൽ കണ്ണൂർ സ്വദേശിയായ അനസ്  അവിടെ ഞങ്ങൾക്ക് വേണ്ട പല സഹായങ്ങളും നൽകി.  ഈ യാത്രയിൽ അദ്ദേഹത്തിന്റെ ഭാര്യ തയാറാക്കിയ  തലശ്ശേരി വിഭവങ്ങളുടെ രുചി നാവിൽ ഇപ്പോഴും തികട്ടിവരുന്നു.   മഞ്ചേരി സ്വദേശി സയ്യിദ് ആലിക്കോയ തങ്ങൾ യാത്രയിൽ കൂട്ടിനുണ്ടായതിനാൽ ഒരിക്കലും ബോറടിച്ചില്ല. 
നയ്‌റോബി നാഷണൽ പാർക്ക് കണ്ടുതീരാൻ ഒരു പകൽ മുഴുവനും മതിയാവില്ല. വിദേശികളുടെ നിരന്തരമുള്ള സന്ദർശനത്തിന് കാരണം ആ നാട്ടിന്റെ പ്രകൃതിഭംഗിയും അവിടത്തെ ഭക്ഷണവുമാണ്.
ഏഷ്യയിൽ നിന്നുള്ള ടൂറിസ്റ്റുകളെയാണ് കെനിയ ലക്ഷ്യമിടുന്നത്. ആഫ്രിക്കൻ രാജ്യങ്ങളിലെ ടൂറിസം വ്യവസായത്തിന് ലോകത്ത് അതിവേഗം കുതിക്കുന്ന ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനമുണ്ട്. 2025 ആകുമ്പോഴേക്ക് ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് 90 ലക്ഷം സഞ്ചാരികളെയാണ് പ്രതീക്ഷിക്കുന്നത്. ദുബായി മിഡിൽ ഈസ്റ്റിന്റെ ഹബ് ആയതുപോലെ കെനിയയെ ആഫ്രിക്കയുടെ ഹബ് ആക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഭരണാധികാരികൾ.
ഇത്തവണ ദൽഹിയിൽ നിന്ന് നയ്‌റോബിയിലേക്കുള്ള എയർ ഇന്ത്യയുടെ ബോയിംഗ് വിമാനത്തിലായിരുന്നു യാത്ര. വലിയ വിമാനം നിറയെ യാത്രക്കാർ. ന്യൂദൽഹി -  നയ്‌റോബി നോൺസ്‌റ്റോപ്പ് യാത്ര ഏഴ് മണിക്കൂറെടുക്കും. വിമാന ടിക്കറ്റ് നിരക്ക് 35,000 രൂപ. മലയാളികളും ഗുജറാത്തികളുമുൾപ്പെടെ ധാരാളം പേരെ വിമാനത്തിൽ കാണാനിടയായി. കെനിയക്കാർ പതിനഞ്ച് ശതമാനത്തിനടുത്ത് വരും. 
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ടൂറിസ്റ്റുകൾ പ്രവഹിക്കുന്ന ദുബായ്, സിംഗപ്പൂർ നഗരങ്ങളിൽ നിന്നും വിഭിന്നമാണ് കെനിയയിലെ വിനോദ സഞ്ചാരത്തിന്റെ സവിശേഷത. ഇവിടെ പരിസ്ഥിതി സൗഹൃദ ടൂറിസമാണ് അധികൃതർ മുൻകൈയെടുത്ത് പ്രോത്സാഹിപ്പിക്കുന്നത്.അവിടത്തെ ടൂറിസത്തിൽ നിന്ന് പ്രചോദനമുൾക്കൊള്ളാൻ ഇന്ത്യക്ക് വിശിഷ്യാ കേരളത്തിനാവണം. 

 


 

Latest News