Sorry, you need to enable JavaScript to visit this website.

കോവിഡ്; കേരളത്തില്‍ ആശുപത്രികളിൽ മാസ്‌ക് ഉപയോഗിക്കാൻ നിർദേശം

തിരുവനന്തപുരം - കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രികളിൽ മാസ്‌ക് ഉപയോഗിക്കാൻ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിൽ തീരുമാനം.
 ആരോഗ്യപ്രവർത്തകരും ആശുപത്രികളിൽ എത്തുന്ന രോഗികളും മാസ്‌ക് ഉപയോഗിക്കണമെന്നാണ് നിർദേശം. മാസ്‌ക് നിർബന്ധമാക്കിയിട്ടില്ലെങ്കിലും മുൻകരുതലായും രോഗവ്യാപനം തടയാനുമാണ് ഇത്തരമൊരു നിർദേശം മുന്നോട്ടുവച്ചത്. 
 കോവിഡ് രോഗവ്യാപനം നിയന്ത്രണ വിധേയമാണെന്നും അനാവശ്യ ഭീതിയോ കടുത്ത നിയന്ത്രണങ്ങളോ ആവശ്യമില്ലെന്നും യോഗം വിലയിരുത്തി. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കോവിഡ് കേസുകളിൽ വർധനയുള്ളതെന്നും ഇവിടങ്ങളിൽ പ്രത്യേക ശ്രദ്ധ വേണമെന്നും ആവശ്യത്തിന് ഐസൊലേഷൻ, ഐ.സി.യു ബെഡുകൾ ഉറപ്പാക്കണമെന്നും ഉന്നതതല യോഗം ചൂണ്ടിക്കാട്ടി. റാൻഡം പരിശോധന നടത്തേണ്ടെന്നും രോഗലക്ഷണങ്ങൾ ഉള്ളവരിൽ മാത്രം പരിശോധന നടത്തിയാൽ മതിയെന്നും യോഗം നിർദേശിച്ചു. അതിവേഗം പടരുന്ന കോവിഡിന്റെ ജെ.എൻ 1 വകഭേദം കേരളത്തിൽ കണ്ടെത്തിയതോടെ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. രാജ്യത്തെ കോവിഡ് കേസുകളിൽ 89.38 ശതമാനവും കേരളത്തിലാണ്. സംസ്ഥാനത്ത് നിലവിൽ 1749 കോവിഡ് ആക്ടീവ് കേസുകളാണുള്ളത്.

Latest News