ആലപ്പുഴ- സർക്കാർ ദുരഭിമാനം കൈവെടിയണമെന്നും രക്ഷാചുമതല പൂർണമായും സൈന്യത്തിന് കൈമാറണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ജനങ്ങളുടെ ദീനരോദനത്തിന് നാലുദിവസമായിട്ടും പരിഹാരം കാണാനാകുന്നില്ല എന്നത് അത്യന്തം സങ്കടകരമാണ്. ദയനീയമായ ഇത്തരം അവസ്ഥ കേരളത്തിന്റെ ചരിത്രത്തിൽ ഇതേവരെ ഉണ്ടായിട്ടില്ല. പ്രതിപക്ഷം സർക്കാറിനൊപ്പം പൂർണമായി സഹകരിച്ചാണ് മുന്നോട്ടുപോകുന്നത്. ഒരു തരത്തിലുള്ള രാഷട്രീയവും കലർത്തിയില്ല. മുഖ്യമന്ത്രി വിളിച്ചപ്പോൾ അദ്ദേഹത്തിനൊപ്പം പോയി. പ്രതിപക്ഷം കൈമെയ് മറന്ന് ഒപ്പമുണ്ട്. ഈ സർക്കാറിനോട് ആകെ പറഞ്ഞത് റസ്‌ക്യൂ ഓപ്പറേഷൻ സേനയെ ഏൽപ്പിക്കണമെന്ന് മാത്രമാണ്. ഇത്തരം പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ സേനക്ക് മാത്രമേ കഴിയൂ. ഇക്കാര്യം ദിവസങ്ങൾക്ക് മുമ്പ് ആവശ്യപ്പെട്ടിരുന്നു. സർക്കാർ ശ്രദ്ധിച്ചില്ല. ഇന്നാണ് അൽപമെങ്കിലും സൈനിക സാന്നിധ്യമുണ്ടായത്. എന്തുകൊണ്ട് റസ്‌ക്യൂ ദൗത്യം സേനയെ ഏൽപ്പിച്ചില്ല എന്നത് സർക്കാർ വ്യക്തമാക്കണം. സൈന്യത്തെ ഏൽപ്പിക്കണമെന്ന എന്റെ ആവശ്യം മുഖ്യമന്ത്രി പുച്ഛിച്ചുതള്ളി. സർക്കാറിനെ കുറ്റം പറഞ്ഞിട്ടില്ല. കേരളത്തിലെ മുഴുവൻ യു.ഡി.എഫ് പ്രവർത്തകരും ദുരിതാശ്വാസ പ്രവർത്തനത്തിലാണ്. രക്ഷാപ്രവർത്തനം പട്ടാളത്തെ ഏൽപ്പിക്കണമെന്ന് പറയുമ്പോൾ ഭരണം സർക്കാറിന് കൈമാറാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ആരോപിക്കുന്ന കോടിയേരി ബാലകൃഷ്ണന്റെ നിലപാട് പരിഹാസ്യമാണെന്നും ചെന്നിത്തല ആരോപിച്ചു. കേരളത്തെ രക്ഷിക്കാൻ സൈന്യത്തെ വിളിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.






